‘വലിച്ചെറിയല്‍ മുക്ത’ കാമ്പയിൻ: മഴക്കാലപൂർവ ശുചീകരണം നേരത്തെയാകും
text_fieldsകണ്ണൂർ: വൃത്തിയുള്ള കേരളം എന്ന ലക്ഷ്യവുമായി മാലിന്യ സംസ്കരണ മേഖലയിലെ വിവിധ കാമ്പയിനുകളെ സംയോജിപ്പിച്ച് നടത്തുന്ന ‘വലിച്ചെറിയല്‍ മുക്ത’ ജില്ലയിലെ കൂടുതൽ മേഖലയിലേക്ക് വ്യാപിപ്പിക്കും. ഇതിന്റെ ഭാഗമായി ഈ വർഷത്തെ മഴക്കാലപൂർവ ശുചീകരണം നേരത്തെയാകും.
പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള ഖരമാലിന്യങ്ങള്‍ വലിച്ചെറിയാതെ ഹരിത കര്‍മസേനക്ക് കൈമാറുന്നതോടൊപ്പം മാലിന്യക്കൂമ്പാരങ്ങള്‍ കണ്ടെത്തി അവ ജനകീയ സഹകരണത്തോടെ ഒഴിവാക്കാന്‍ വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കാമ്പയിനാണ് ‘വലിച്ചെറിയല്‍ മുക്ത’.
കഴിഞ്ഞ ജനുവരി അവസാനത്തോടെയാണ് കാമ്പയിനിന് ജില്ലയിൽ തുടക്കമായത്. വിവിധ പ്രദേശങ്ങളിലെ മാലിന്യക്കൂമ്പാരങ്ങൾ കണ്ടെത്തി അവ എടുത്ത് ഒഴിവാക്കലാണ് വലിച്ചെറിയൽ മുക്ത ജില്ലയുടെ ആദ്യ ഘട്ടം. തുടർന്ന് അത്തരം സ്ഥലങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുകയും തുടർ മാലിന്യ നിക്ഷേപങ്ങൾ ഉണ്ടാവാതിരിക്കാൻ ജനകീയ കമ്മിറ്റികൾ രൂപവത്കരിക്കുകയും ചെയ്യും.
ഇത് സജീവമായി പലയിടത്തും നടക്കുകയാണ്. പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂനകൾ മാറ്റി പൂന്തോട്ടങ്ങൾ സ്ഥാപിക്കാനും കാമ്പയിനിൽ പദ്ധതിയുണ്ട്. ഇതിനുപുറമെയാണ് പദ്ധതിയുടെ കീഴിൽ മഴക്കാലപൂർവ ശുചീകരണം ഇക്കുറി നേരത്തെയാക്കാൻ തീരുമാനമായത്. ഇതിന്റെ ഭാഗമായി ഓരോ പഞ്ചായത്തിലും ശുചീകരണ കമ്മിറ്റികൾ രൂപവത്കരിക്കും.
വാർഡ് അംഗം അടക്കം ഉൾപ്പെടുന്ന ഈ കമ്മിറ്റിയുടെ മേൽനോട്ടത്തിലായിരിക്കും മഴക്കാലപൂർവ ശുചീകരണം സജീവമാക്കുക. എല്ലാ വർഷവും മേയ് മാസത്തോടുകൂടിയാണ് ശുചീകരണം ആരംഭിക്കുക. എന്നാൽ, ‘വലിച്ചെറിയല്‍ മുക്ത’ കാമ്പയിനിൽ ഉൾപ്പെടുത്തി മഴക്കാലപൂർവ ശുചീകരണം മാർച്ച് അവസാനത്തോടെ തുടങ്ങാനാണ് ലക്ഷ്യമെന്ന് ശുചിത്വമിഷൻ കോഓഡിനേറ്റർ ഇ.കെ. സോമശേഖരൻ അറിയിച്ചു.
ഗ്രീൻ സ്റ്റുഡൻസ് പൊലീസ്, എൻ.എസ്.എസ്, എസ്.പി.സി വളന്റിയർമാർ, ഹരിത കർമ സേനാംഗങ്ങൾ എന്നിവയുടെ നേതൃത്വത്തിൽ കാമ്പയിനിന്റെ ഭാഗമായി ജില്ലയിൽ വിവിധ ഭാഗങ്ങളിൽ ശുചീകരണ പ്രവൃത്തികൾ നടക്കുന്നുണ്ട്. വാർഡ് കമ്മിറ്റികൾ രൂപവത്കരിച്ച് ശുചീകരണം അടിയന്തരമായി തുടങ്ങേണ്ട പ്രദേശങ്ങളുടെ പട്ടിക തയാറാക്കി മുൻഗണന അടിസ്ഥാനത്തിൽ ശുചീകരണം ആരംഭിക്കാനാണ് തീരുമാനം.
മാലിന്യക്കൂനകൾ പൂന്തോട്ടങ്ങളാകുന്നു
‘വലിച്ചെറിയല്‍ മുക്ത’ കാമ്പയിനിന്റെ ഭാഗമായി മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ സജീവമായാണ് പുരോഗമിക്കുന്നത്. നാടെമ്പാടുമുള്ള മാലിന്യക്കൂമ്പാരങ്ങൾ കണ്ടെത്തി അവ ജനകീയ സഹകരണത്തോടെ ഒഴിവാക്കാൻ വിപുലമായ പ്രവർത്തനങ്ങളാണ് നടക്കുന്നത്.
മാലിന്യ നിക്ഷേപങ്ങളുണ്ടാവാതിരിക്കാൻ മിക്കയിടങ്ങളിലും ജനകീയ കമ്മിറ്റികൾ രൂപവത്കരിക്കുന്ന പ്രവൃത്തിയും സജീവമാണ്. പൊതുസ്ഥലങ്ങളിലെ മാലിന്യക്കൂനകൾ മാറ്റി പൂന്തോട്ടങ്ങൾ സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും ഊർജിതമായാണ് നടക്കുന്നത്.
ജില്ലയിൽ ഇതിനിടെ 48 ഗ്രാമപഞ്ചായത്തുകളിൽ മാലിന്യക്കൂനകൾ കണ്ടെത്തി അടയാളപ്പെടുത്തി. അവ നീക്കുന്ന പ്രവർത്തനങ്ങളാണ് തുടർന്ന് നടക്കുന്നത്. ഇരിട്ടി, മട്ടന്നൂർ, ശ്രീകണ്ഠപുരം, പയ്യന്നൂർ നഗരസഭകളിൽ പൊതു ശുചീകരണ പ്രവർത്തനങ്ങൾ ഇതിനകം പൂർത്തിയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.