സി.സി ടി.വി നോക്കുകുത്തി; മാലിന്യം തള്ളൽ തകൃതി
text_fieldsകണ്ണൂർ: ‘ഈ ആലയവും പരിസരവും സി.സി ടി.വി നിരീക്ഷണത്തിലാണ്’ എന്ന ബോർഡ് കണ്ണൂർ നഗരഹൃദയഭാഗത്ത് ഒറ്റക്കാലിൽ നിൽപുണ്ട്. എന്നാൽ ഇതിനെ നോക്കുകുത്തിയാക്കി മാലിന്യങ്ങൾ തകൃതിയായി തള്ളുകയാണ് സാമൂഹിക വിരുദ്ധർ. കണ്ണൂർ പ്രഭാത് ജങ്ഷനു സമീപത്തെ സ്നേഹാലയം റോഡിലാണ് സി.സി ടി.വിയെ വകവെക്കാതെ മാലിന്യങ്ങൾ വലിച്ചെറിയുന്നത്. രാത്രികാലങ്ങളിൽ സമീപത്തെ ഫ്ലാറ്റുകളിൽ നിന്നും വ്യാപാര കേന്ദ്രങ്ങളിൽ നിന്നുമാണ് വ്യാപകമായി ഇവിടെ മാലിന്യം തള്ളുന്നത്. കൂടാതെ വാഹനങ്ങളില്‍ കെട്ടുകളാക്കി കൊണ്ടുവരുന്ന മാലിന്യം ഇവിടേക്ക് വലിച്ചെറിഞ്ഞു പോകുന്നു. വാഹനങ്ങൾ നിരവധി പോകുന്ന ഈ റോഡുകള്‍ക്ക് സമീപം മാലിന്യക്കൂമ്പാരങ്ങള്‍ ദിനംപ്രതി ഉയര്‍ന്നുവരുകയാണ്. ഭക്ഷണസാധനങ്ങളുടെ അവശിഷ്ടങ്ങള്‍, പ്ലാസ്റ്റിക് വസ്തുക്കൾ തുടങ്ങിയവയാണ് കൂമ്പാരമായുള്ളത്. കൂടാതെ മദ്യക്കുപ്പികളും റോഡരികിൽ വലിച്ചെറിഞ്ഞിട്ടുണ്ട്. ഇവ ഭക്ഷിക്കാനായി എത്തുന്ന പക്ഷികളും നാല്ക്കാലികളും മാലിന്യങ്ങള്‍ റോഡുകളിലേക്ക് വ്യാപിപ്പിക്കുന്നതിലൂടെ കാല്‍നടക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. ഇതുവഴി പോകുന്ന കാൽനട യാത്രക്കാർക്ക് ദുർഗന്ധം കാരണം മൂക്കുപൊത്തി പോകേണ്ട സ്ഥിതിയാണ്. ഈ റോഡിന് സമീപത്തായി ജില്ല ആശുപത്രിയും സ്നേഹാലയം പള്ളിയും പ്രവർത്തിക്കുന്നുണ്ട്.
മാലിന്യങ്ങൾ കാരണം ഇവർക്ക് പകർച്ചവ്യാധികൾ വരാനും കാരണമായേക്കാം. കോർപറേഷന്റെ ശുചീകരണ തൊഴിലാളികൾ ദിവസവും നഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നുണ്ടെങ്കിലും സ്നേഹാലയം റോഡിലെ മാലിന്യം നീക്കംചെയ്യാറില്ല. അടിയന്തരമായി അധികൃതർ മാലിന്യങ്ങൾ നീക്കം ചെയ്യുകയും മാലിന്യം തള്ളാനെത്തുന്നവരെ കണ്ടെത്തി ശക്തമായ നിയമനടപടി സ്വീകരിക്കുകയും വേണമെന്നാണ് സമീപവാസികളുടെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.