കുടിവെള്ളമെത്തുന്നത് പാതിരാവിൽ; കൂരാരിയിൽ ജനരോഷം മുറുകുന്നു
text_fieldsഇരിക്കൂർ: നാട് ഗാഢനിദ്രയിലായാൽ രാത്രി ഒരു മണിക്കും രണ്ടു മണിക്കും പാത്തുംപതുങ്ങിയും കള്ളനെപ്പോലെ വരും കുടിവെള്ളം. അതും ആഴ്ചയിലൊരിക്കൽ. മിക്കപ്പോഴും പൈപ്പ് പൊട്ടിയെന്ന് പറഞ്ഞ് അതും മുടങ്ങാറുണ്ട്. രാത്രി കണ്ണിലെണ്ണയൊഴിച്ച് ഉറങ്ങാതെ കാത്തിരുന്നവർക്ക് ഭാഗ്യമുണ്ടെങ്കിൽ മാത്രമേ കുടിവെള്ളം കിട്ടൂ. അതും മിക്കവാറും ടാങ്ക് പകുതിയാകുമ്പോഴേക്ക് വിതരണം നിലക്കുകയും ചെയ്യും. കൂടാളി പഞ്ചായത്തിലെ കൂരാരി മേഖലയിലാണ് ജനം കടുത്ത ദുരിതം അനുഭവിക്കുന്നത്.
മാർച്ച് മുതൽ മേയ് അവസാനം വരെയുള്ള മൂന്നു മാസക്കാലമാണ് പ്രദേശത്ത് കിണറുകൾ വറ്റുന്നത്. ഇക്കാലയളവിൽ മാത്രമേ ഭൂരിഭാഗം വീട്ടുകാർക്കും ജലഅതോറിറ്റിയുടെ വെള്ളം ആവശ്യമുള്ളൂ. അതിനാണ് വർഷം മുഴുവൻ മാസവരി കൊടുത്ത് വാട്ടർ കണക്ഷൻ നിലനിർത്തുന്നത്. എന്നാൽ, ഇക്കാലയളവിൽ ജലവിതരണം നടക്കുന്നതാകട്ടെ മേൽപറഞ്ഞ രീതിയിലും.
ആറു പഞ്ചായത്തുകൾക്കുള്ള കുടിവെള്ളമെത്തിക്കുന്ന പദ്ധതിയാണ് മട്ടന്നൂർ വാട്ടർ സപ്ലൈ. 24 മണിക്കൂറും പ്രവർത്തിക്കുന്ന പമ്പിങ് സംവിധാനമാണ് വാട്ടർ സപ്ലൈ.ക്കുള്ളത്. കൂരാരി മേഖല ഏറ്റവും അവസാനത്തെ പമ്പിങ് പ്രദേശമായതിനാൽ ഏറ്റവും അവസാനം മാത്രമേ കുടിവെള്ളമെത്തിക്കാൻ സാധിക്കുകയുള്ളൂവെന്നും ഉപഭോക്താക്കൾ ഫ്ലോട്ടിങ് വാൾവ് സംവിധാനം ഉപയോഗപ്പെടുത്തിയാൽ കുടിവെള്ളം വരുന്ന സമയത്ത് നേരെ ടാങ്കിലേക്ക് കയറ്റാൻ സാധിക്കുമെന്നും അസി. എൻജിനീയർ ‘മാധ്യമ’ത്തോട് അറിയിച്ചു. കുടിവെള്ളം ലഭിക്കുന്ന സമയം മൂന്നുമാസത്തിന് ശേഷമേ മാറ്റാൻ സാധിക്കുകയുള്ളൂവെന്നും ആയിപ്പുഴ മുതൽ ഇരിക്കൂർ പാലം വരെ പഴയ പൈപ്പുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്നത് കാരണമാണ് പകൽ സമയങ്ങളിൽ വെള്ളം നൽകാൻ സാധിക്കാത്തതെന്നും പുതിയ ജൽജീവൻ മിഷന്റെ പൈപ്പ് ലൈനുകൾ അടുത്തവർഷം സ്ഥാപിതമാകുന്നതോടെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാതിരാത്രിയിൽ വെള്ളം വരുന്നതുകൊണ്ട് ഒരു ഉപകാരവുമില്ലെന്നും ആഴ്ചകളോളം വെള്ളമില്ലാത്ത അവസ്ഥക്ക് ശാശ്വത പരിഹാരം ഉടൻ ഉണ്ടാവണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിൽ ശക്തമായ ജനരോഷമാണുയരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.