തുറമുഖങ്ങളെ ബന്ധിപ്പിച്ച് ജലഗതാഗത മാര്‍ഗം നടപ്പാക്കും -മന്ത്രി
text_fieldsകണ്ണൂർ: കേരളത്തിലെ പ്രധാന തുറമുഖങ്ങളെ ബന്ധിപ്പിച്ച് ജലഗതാഗത മാര്‍ഗങ്ങള്‍ നടപ്പാക്കുമെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. അഴീക്കല്‍ തുറമുഖത്ത് സംസ്ഥാന ഹൈഡ്രോഗ്രാഫിക് സര്‍വേ വിഭാഗത്തിന്റെ 'എം.വി ദര്‍ശക്' സര്‍വേ ലോഞ്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
റോഡ് ഗതാഗതത്തിന്റെ പരിമിതികള്‍ കണക്കിലെടുത്താണ് ജലഗതാഗത മാര്‍ഗങ്ങള്‍ നടപ്പാക്കുന്നത്. തുറമുഖങ്ങളുടെ വികസനത്തിനും തുറമുഖ മേഖലയിലെ ജനങ്ങളുടെ സുരക്ഷിതത്വത്തിനും വലിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും അദ്ദേഹം പഞ്ഞു.
കോവളം മുതല്‍ കാസര്‍കോട് വരെ ഉള്‍നാടന്‍ ജലപാത വികസനം സാധ്യമാക്കും. അഴിമുഖങ്ങളില്‍ രൂപപ്പെടുന്ന അപകടകരമായ മണൽത്തിട്ടകള്‍ നീക്കം ചെയ്യേണ്ടതും കാലാവസ്ഥ വ്യതിയാനംമൂലം ഉണ്ടാകുന്ന തീരശോഷണവും മറ്റ് ദുരന്ത സാധ്യതകളും ശാസ്ത്രീയമായി നിരീക്ഷിക്കേണ്ടതും അനിവാര്യമാണ്. അതിനാല്‍, ഹൈഡ്രോഗ്രാഫിക് സര്‍വേ വിഭാഗത്തിന്റെ അടിസ്ഥാന സൗകര്യം വിപുലപ്പെടുത്തി ഇത്തരം സേവനങ്ങള്‍ എല്ലാ മേഖലയിലും എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സർവേയര്‍മാര്‍ ഉൾപ്പെടെയുള്ള സംഘത്തിന് കടലില്‍ നങ്കൂരമിട്ട് പര്യവേക്ഷണങ്ങള്‍ നടത്താനാണ് സര്‍വേ ലോഞ്ച് ഉപയോഗിക്കുക.
ആഴം, വ്യാപ്തി, കടലിന്റെ അടിഭാഗത്തെ സ്ഥിതി തുടങ്ങിയ കാര്യങ്ങള്‍ ഇതിലൂടെ കണ്ടെത്തും. 1.20 കോടി രൂപ ചെവവിലാണ് ലോഞ്ച് നിര്‍മിച്ചത്.
കണ്ണൂര്‍, കാസർകോട് ജില്ലകളിലെ സര്‍വേക്കാണ് 'എം.വി. ദര്‍ശക്' ഉപയോഗിക്കുക. കെ.വി. സുമേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ടി. സരള, അഴീക്കോട് പഞ്ചായത്ത് പ്രസിഡൻറ് കെ. അജീഷ്, വാര്‍ഡംഗം കെ.സി. ഷദീറ, ചീഫ് ഹൈഡ്രോഗ്രാഫര്‍ വി. ജിരോഷ് കുമാര്‍, ബേപ്പൂര്‍ മറൈന്‍ സര്‍വേയര്‍ സി.ഒ. വര്‍ഗീസ്, കെ.എം.ബി ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസര്‍ ടി.പി. സലീം കുമാര്‍, കോഴിക്കോട് പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ്, അഴീക്കല്‍ പോര്‍ട്ട് ഓഫിസര്‍ ക്യാപ്റ്റന്‍ പ്രദീഷ് കെ.ജി. നായര്‍, കെ.എം.ബി പ്രതിനിധി കാസിം ഇരിക്കൂര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.