വയനാട് ദുരന്തം; കണ്ണൂർ കോർപറേഷൻ 15 ലക്ഷം നൽകും
text_fieldsകണ്ണൂർ: വയനാടിന്റെ പുനർനിർമിതിക്കായി സർക്കാർ ഉത്തരവ് പ്രകാരം 15 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ കണ്ണൂർ കോർപറേഷൻ കൗൺസിൽ യോഗം തീരുമാനിച്ചു. ചൊവ്വാഴ്ച നടന്ന യോഗത്തിൽ മേയർ മുസ്ലീഹ് മഠത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിനകം നാല് വാഹനത്തിൽ സാധനങ്ങൾ വയനാട്ടിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.
വയനാട് ദുരന്തത്തിൽ കൗൺസിൽ യോഗം അനുശോചിച്ചു. ദുരന്തത്തോടനുബന്ധിച്ച് രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ട മുഴുവൻ യുവജന സന്നദ്ധ സംഘടന പ്രവർത്തകരെയും സേനകളെയും കോർപറേഷൻ അഭിനന്ദിച്ചു. ദുരന്തത്തിന് ഇരയായ മുഴുവൻപേരെയും യുദ്ധകാലാടിസ്ഥാനത്തിൽ പുരധിവസിപ്പിക്കണമെന്ന് സംസ്ഥാന സർക്കാറിനോടും വയനാട് ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിച്ച് അടിയന്തിര പാക്കേജ് അനുവദിക്കണമെന്നു കേന്ദ്രസർക്കാറിനോടും മേയർ അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു.
കുളം നവീകരണം ഇല്ലാതാക്കിയെന്ന് പി.കെ. രാഗേഷ്; ഇല്ലാത്ത കുളത്തിന് ഫണ്ടില്ലെന്ന് ഡെപ്യൂട്ടി മേയർ
കണ്ണൂർ: ചാലാട് കുളം നവീകരണത്തിന് തയാറാക്കിയ പദ്ധതി മുൻ മേയർ പാരവെച്ച് ഇല്ലാതാക്കിയെന്ന് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. രാഗേഷ്. എന്നാൽ, അത്തരം കുളം ഇല്ലെന്നും ഇല്ലാത്ത കുളത്തിന് ഫണ്ട് അനുവദിക്കാനാവില്ലെന്നും ഡെപ്യൂട്ടി മേയർ അഡ്വ. പി. ഇന്ദിര. ചൊവ്വാഴ്ച നടന്ന കോർപറേഷൻ കൗൺസിൽ യോഗത്തിൽ ഭരണപക്ഷം തന്നെ കുളത്തിന്റെ പേരിൽ പോരടിച്ചപ്പോൾ ഭരണപക്ഷം തമ്മിലുള്ള ഗ്രൂപ്പ് കളിയിൽ താൽപര്യമില്ലെന്ന് പ്രതിപക്ഷത്തെ ടി. രവീന്ദ്രൻ വ്യക്തമാക്കി.
15ാം ധനകാര്യ കമീഷന്റെ ഗ്രാൻഡ് ഉപയോഗിച്ച് കോർപറേഷനിൽ നടപ്പാക്കുന്ന പദ്ധതികൾ സംബന്ധിച്ച അജണ്ട പരിഗണിക്കുന്നതിനിടയിലാണ് ഭരണപക്ഷത്തെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ഡെപ്യൂട്ടി മേയറും തമ്മിൽ വാഗ്വാദം ഉണ്ടായത്. മുൻ മേയർ അഡ്വ. ടി.ഒ. മോഹനനെ ലക്ഷ്യംവെച്ചായിരുന്നു പി.കെ. രാഗേഷിന്റെ ആരോപണം. ഇതിന് മറുപടിയായാണ് അത്തരം ഒരുകുളംതന്നെ അവിടെയില്ലെന്ന് ഡെപ്യൂട്ടി മേയർ പറഞ്ഞത്.
കോർപറേഷൻ ജി.ഐ.എസ് അധിഷ്ഠിത മാസ്റ്റർ പ്ലാൻ അംഗീകരിച്ചു. കണ്ണൂർ നഗരത്തിന്റെ ആസുത്രിത വികസന പ്രവർത്തനങ്ങൾക്ക് അത്യാവശ്യമായ കാര്യമാണ് മാസ്റ്റർ പ്ലാനെന്ന് നഗരാസൂത്രണ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിയാദ് തങ്ങൾ, കൗൺസിലർ കെ.പി. അബ്ദുൽ റസാഖ് എന്നിവർ അഭിപ്രായപ്പെട്ടു. പുതിയ ഓഫിസ് കെട്ടിടത്തിന്റെ ഇൻറീരിയർ വർക്കുകൾക്കായി തുക വകയിരുത്തി കിഫ്ബിക്ക് നൽകുന്നതിന് യോഗം തീരുമാനിച്ചു. നിലവിലുള്ള കൗൺസിലിന്റെ കാലാവധിക്കുള്ളിൽ കെട്ടിടം ഉദ്ഘാടനം നടത്താൻ ശ്രമമുണ്ടാകുമെന്ന് മേയർ അറിയിച്ചു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പദ്ധതി പ്രവർത്തനങ്ങൾക്ക് അനുവദിച്ച ബജറ്റ് വിഹിതത്തിൽ നാലുകോടി രൂപയുടെ കുറവ് വരുത്തിയിട്ടുണ്ട്. സ്പിൽഓവർ പദ്ധതികൾ ഉൾപ്പെടുത്തുന്നതിന് 12 കോടി രൂപയോളം അധികം കണ്ടെത്തേണ്ടതുണ്ട്. പദ്ധതികളുടെ എണ്ണത്തിൽ കുറവ് വരുത്തേണ്ടതായിവരുമെന്നും കൗൺസിൽ അഭിപ്രായപ്പെട്ടു.
സെൻട്രൽ മാർക്കറ്റ് കെട്ടിടത്തിലെ മുറികളുടെ ഡെപോസിറ്റ് തുകയിൽ കുറവു വരുത്താനുള്ള ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ശിപാർശ യോഗം അംഗീകരിച്ചു. ഡെപോസിറ്റ് തുക കൂടുതലായതിനാൽ ഏറ്റെടുക്കാൻ ആളെകിട്ടാത്ത സാഹചര്യത്തിലാണ് കുറവുവരുത്താൻ തീരുമാനിച്ചതെന്ന് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. പി. ഇന്ദിര വ്യക്തമാക്കി.
യോഗത്തിൽ സ്ഥിരം സമിതി അധ്യക്ഷരായ ഷമീമ, എം.പി. രാജേഷ്, വി.കെ. ശ്രീലത, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ എന്നിവരും കൗൺസിലർമാരായ എസ്. ശഹീദ, കെ.എം. സാബിറ, കെ. പ്രദീപൻ, എൻ. ഉഷ, എ. ഉമൈബ, പി.പി. വത്സലൻ, വി.കെ. ഷൈജു, കെ.പി. റാഷിദ്, കെ.പി. അനിത എന്നിവരും സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.