ആരാകും കണ്ണൂർ മേയർ? കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മാർട്ടിൻ ജോർജിന് കൂടുതൽ സാധ്യത
text_fieldsകണ്ണൂർ: കോർപറേഷെൻറ ഭരണം പിടിക്കാനുള്ള പോരാട്ടം അവസാനിച്ചു. ജനപിന്തുണയുള്ള സ്ഥാനാർഥികൾ ജയിച്ചുകയറി. ഇൗ സാഹചര്യത്തിൽ ഉയരുന്നത് ആരാകും കോർപറേഷെൻറ അടുത്ത മേയർ എന്ന ചോദ്യമാണ്. യു.ഡി.എഫിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മാർട്ടിൻ ജോർജ് കോർപറേഷെൻറ പുതിയ മേയറാകാനാണ് സാധ്യത. കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് കെ. സുധാകരൻ എം.പിയുെട താൽപര്യം മാർട്ടിൻ ജോർജിന് അനുകൂലമാണ്.
മുൻ ഡെപ്യൂട്ടി മേയർ പി.കെ. രാഗേഷ്, കെ.പി.സി.സി നിർവാഹക സമിതിയംഗവും കഴിഞ്ഞ കോർപറേഷൻ ഭരണ സമിതിയിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഡ്വ. ടി.ഒ. മോഹനൻ എന്നിവരും മേയറാകാനുള്ള പട്ടികയിൽ ഉണ്ട്. എന്നാൽ, കണ്ണൂർ കെ. സുധാകരൻ എം.പിയുടെ തട്ടകമായതിനാൽ അദ്ദേഹത്തിെൻറ താൽപര്യത്തിനു തന്നെയാകും മുൻതൂക്കം ലഭിക്കുക. ഒന്നാം ഡിവിഷനായ പള്ളിയാംമൂലയിൽ നിന്നാണ് അഡ്വ. മാർട്ടിൻ ജോർജ് വിജയിച്ചത്. തെരഞ്ഞെടുപ്പിൽ കന്നിയങ്കമായിരുന്നു.
കെ.എസ്.യു ജില്ല പ്രസിഡൻറ്, യുവജനക്ഷേമ ബോർഡ് ചെയർമാൻ, ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ് ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കണ്ണൂർ നഗരത്തിലെ ചെട്ടിപ്പീടികയിൽ താമസം.കെ. സുധാകരൻ എം.പി ഉൾപ്പെടുന്ന ആലിങ്കീൽ ഡിവിഷനിൽ നിന്നാണ് പി.കെ. രാഗേഷ് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞതവണ കോൺഗ്രസ് വിമതനായി വിജയിച്ച അദ്ദേഹം ആദ്യത്തെ നാലുവർഷം എൽ.ഡി.എഫിനൊപ്പം ചേർന്നും പിന്നീട് ഒരു വർഷം യു.ഡി.എഫിനൊപ്പം ചേർന്നും ഡെപ്യൂട്ടി മേയറായി.
രണ്ടുതവണ പള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡൻറ്, സ്ഥിരം സമിതി അധ്യക്ഷൻ എന്നീ പദവികളിലും പ്രവർത്തിച്ചു. യൂത്ത്കോൺഗ്രസ് യൂനിറ്റ് സെക്രട്ടറി മുതൽ സംസ്ഥാന കൗൺസിൽ അംഗംവരെയായി. മുൻ ഡി.സി.സി അംഗം, ജില്ല സഹകരണ ബാങ്ക് എംപ്ലോയീസ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ജില്ല സെക്രട്ടറി തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ചാല ഡിവിഷനിൽ നിന്നാണ് അഡ്വ. ടി.ഒ. മോഹനൻ വിജയിച്ചത്. കെ.എസ്.യുവിലൂടെ തുടക്കം. ഡി.സി.സി ജനറൽ െസക്രട്ടറിയായിരുന്നു. നിലവിൽ കെ.പി.സി.സി നിർവാഹക സമിതിയംഗമാണ്. 34 വർഷമായി കോൺഗ്രസ് നേതൃനിരയിൽ പ്രവർത്തിക്കുന്ന ടി.ഒ. മോഹനൻ കണ്ണൂർ നഗരസഭയിൽ ക്ഷേമകാര്യ സ്റ്റാൻൻഡിങ് കമ്മിറ്റി ചെയർമാനായും പ്രഥമ കണ്ണൂർ കോർപറേഷനിൽ പൊതുമരാമത്ത്കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ചു.
ഉഭയകക്ഷി ധാരണ പ്രകാരം ആദ്യത്തെ രണ്ടര വർഷം കോൺഗ്രസും രണ്ടാമത്തെ രണ്ടര വർഷം മുസ്ലിം ലീഗും മേയർ സ്ഥാനം വഹിക്കും. ഇൗ സാഹചര്യത്തിൽ ആദ്യത്തെ രണ്ടര വർഷം ഡെപ്യൂട്ടി മേയർ പദവി മുസ്ലിം ലീഗിനു ലഭിക്കും. ഇൗ സ്ഥാനത്തേക്ക് മുസ്ലിം ലീഗ് പരിഗണിക്കുന്നത് കസാനക്കോട്ട ഡിവിഷനിൽനിന്ന് വിജയിച്ച ഷമീമ ടീച്ചറെയാണ്. അത്താണി ആയിക്കര സ്ഥാപനത്തിെൻറയും കസാനക്കോട്ടയിലെ വനിത പുനരധിവാസ കേന്ദ്രമായ സീൽ അറ്റ് ഹോമിെൻറയും ജനറൽ സെക്രട്ടറിയാണ്.
ഒാർഫേനജ് കൺട്രോൾ ബോർഡ് ജില്ല വൈസ് പ്രസിഡൻറ്, മുസ്ലിം ഗേൾസ് ആൻഡ് വിമൻസ് മൂവ്മെൻറ് സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. കേരള സ്റ്റേറ്റ് വഖഫ് ബോർഡിെൻറ ആദ്യ വനിത അംഗമാണ്. രണ്ടാമത്തെ കാലാവധിയിൽ ഡെപ്യൂട്ടി മേയർ സ്ഥാനം കോൺഗ്രസിനായിരിക്കും.
കണ്ണൂർ കോർപറേഷനിൽ പ്രമുഖർക്കും തോൽവി
കണ്ണൂർ: കണ്ണൂർ കോർപറേഷനിൽ ജയിച്ചവരിൽ മാത്രമല്ല തോറ്റവരിലും പ്രമുഖർ. കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വെള്ളോറ രാജൻ (സി.പി.െഎ -അത്താഴക്കുന്ന് ഡിവിഷൻ), കൗൺസിലർ ജെമിനി കല്ലാളത്തിൽ (കോൺ. -കുന്നാവ്), കോർപറേഷൻ എൽ.ഡി.എഫ് കൗൺസിൽ പാർട്ടി ലീഡർ എൻ. ബാലകൃഷ്ണൻ (സി.പി.എം -തോട്ടട), തെങ്ങുകയറ്റ തൊഴിലാളി യൂനിയൻ സംസ്ഥാന പ്രസിഡൻറ് എം. ഉണ്ണികൃഷ്ണൻ (കോൺഗ്രസ് എസ് -പള്ളിയാംമൂല ഡിവിഷൻ), എടക്കാട് ബ്ലോക്ക് മുൻ പ്രസിഡൻറ് വി.കെ. പ്രകാശിനി (സി.പി.എം -പള്ളിപ്പൊയിൽ), ഡി.സി.സി ജനറൽ സെക്രട്ടറി ടി. ജയകൃഷ്ണൻ (കോൺഗ്രസ് -പള്ളിക്കുന്ന്), റിട്ട. ഡെപ്യൂട്ടി കലക്ടർ സി.എം. ഗോപിനാഥ് (കോൺഗ്രസ് -എളയാവൂർ സൗത്ത്), മുൻ നഗരസഭ പ്രതിപക്ഷ നേതാവ് യു. പുഷ്പരാജ് (സി.പി.എം -പടന്ന), കോർപറേഷൻ മുൻ കൗൺസിലർ അഡ്വ. ലിഷ ദീപക് (കോൺ. -ചൊവ്വ), ജില്ല പഞ്ചായത്ത് മുൻ അംഗം പി. മാധവൻ (കോൺ. -സൗത്ത് ബസാർ), വി. രാജേഷ് പ്രേം (എൽ.ജെ.ഡി -പയ്യാമ്പലം), ഒ.എസ്. മോളി (സി.പി.എം പഞ്ഞിക്കയിൽ) എന്നിവരാണ് പരാജയപ്പെട്ട പ്രമുഖർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.