കോർപറേഷൻ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വ്യാപക ക്രമക്കേട്
text_fieldsകണ്ണൂര്‍: സംസ്ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ കണ്ണൂര്‍ കോര്‍പറേഷനിലെ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ വസ്തുനികുതി ഇനത്തിലടക്കം വ്യാപക ക്രമക്കേട്. 2017-18 വര്‍ഷത്തെ ഓഡിറ്റ് റിപ്പോര്‍ട്ടിലാണ് ക്രമക്കേട്. ഓഡിറ്റ് റിപ്പോര്‍ട്ടിന്മേല്‍ ഉദ്യോഗസ്ഥര്‍ തയാറാക്കി സമര്‍പ്പിച്ച വിവരങ്ങള്‍ അപൂര്‍ണവും അവ്യക്തവുമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കൗണ്‍സിലര്‍മാര്‍ ആരോപിച്ചു.
കണ്ണൂര്‍ നഗരസഭ ഓഡിറ്റ് കാര്യാലയം സീനിയര്‍ ഡെപ്യൂട്ടി ഡയറക്ടറിന്റെ കീഴില്‍ നടത്തിയ ഓഡിറ്റിങ്ങിലാണ് പകുതിയിലേറെയും പിഴവ്. വസ്തുനികുതി ഇനത്തില്‍ കുടിശ്ശിക ഈടാക്കാതെ 92 ലക്ഷം രൂപവരെ നഷ്ടം വരുത്തിയിട്ടുണ്ട്.
കോടികളുടെ നഷ്ടമാണ് കോര്‍പറേഷനുണ്ടായത്. ഉദ്യോഗസ്ഥരുടെ ബോധപൂര്‍വമായ വീഴ്ച പരിശോധിക്കണമെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അംഗങ്ങള്‍ ആവശ്യപ്പെട്ടു. വിശദമായി റിപ്പോര്‍ട്ട് തയാറാക്കി സമര്‍പ്പിക്കുന്നതിന് മേയര്‍ ടി.ഒ. മോഹനൻ ഉദ്യോഗസ്ഥര്‍ക്ക് നിർദേശം നല്‍കി.
ഓഡിറ്റ് ഉദ്യോഗസ്ഥര്‍ക്ക് ആവശ്യപ്പെട്ട കുറിപ്പുകള്‍ നല്‍കാന്‍പോലും കോര്‍പറേഷനിലെ ജീവനക്കാര്‍ തയാറായില്ല. 102 റിപ്പോര്‍ട്ടുകള്‍ ചോദിച്ചതിൽ 32 എണ്ണം മാത്രമാണ് നല്‍കിയിരിക്കുന്നത്. തങ്ങളുടെ വീഴ്ചയല്ല നേരത്തെയുണ്ടായ ഉദ്യോഗസ്ഥരാണ് കൈകാര്യം ചെയ്തതെന്നും തങ്ങളെ ഇതില്‍നിന്ന് ഒഴിവാക്കണമെന്നുമാണ് ഉദ്യോഗസ്ഥരുടെ പക്ഷം.
കോഴിക്കോട് കോര്‍പറേഷന്‍റെ ബാങ്ക് അക്കൗണ്ടില്‍ ബാങ്ക് ഉദ്യോഗസ്ഥന്‍തന്നെ കൃത്രിമം കാണിച്ച റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ഈ വിഷയം കൗണ്‍സിലര്‍മാര്‍ ഉന്നയിച്ചപ്പോള്‍ കോര്‍പറേഷന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ എല്ലാമാസവും കൃത്യമായി പരിശോധിച്ച് കാലികമാക്കണമെന്ന് മേയര്‍ നിർദേശം നല്‍കി.
യോഗത്തില്‍ മേയര്‍ ടി.ഒ. മോഹനന്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ കെ. ഷബീന, സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളായ പി.കെ. രാഗേഷ്, പി. ഇന്ദിര, എം.പി. രാജേഷ്, സിയാദ് തങ്ങള്‍, ഷാഹിന മൊയ്തീന്‍, സുരേഷ് ബാബു എളയാവൂര്‍, കൗണ്‍സിലര്‍മാരായ എന്‍. സുകന്യ, ടി. രവീന്ദ്രന്‍, പനയന്‍ ഉഷ, കെ.പി. അബ്ദുറസാഖ്, ഷാഹിന മൊയ്തീന്‍, എസ്. ഷഹീദ, മുസ്‍ലിഹ് മഠത്തില്‍, പി. അഷ്റഫ്, കെ.എം. സാബിറ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.