തലശ്ശേരിയിൽ വ്യാപാര സ്ഥാപനങ്ങളിൽ പരക്കെ മോഷണം
text_fieldsതലശ്ശേരി: നഗരത്തിലെ വാണിജ്യ മേഖലയിൽ പരക്കെ മോഷണം. മെയിൻ റോഡിലെയും മട്ടാമ്പ്രം മുകുന്ദ മല്ലർ റോഡിലെയും മൂന്നോളം പലചരക്ക് മൊത്ത വ്യാപാര കടകളിലാണ് ഞായറാഴ്ച പുലർച്ചെയോടെ മോഷണം നടന്നത്.
മൂന്നിടത്തുനിന്നും പണം അപഹരിച്ചതായി കണ്ടെത്തി. തലശ്ശേരി ഫുഡ്ഗ്രെയിൻസ് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എ.കെ. സക്കരിയയുടെ ഉടമസ്ഥതയിലുള്ള മെയിൻ റോഡിലെ അനുഗ്രഹ് ട്രേഡേഴ്സ്, ട്രഷറർ എ. യോഗേഷ് റാവുവിന്റെ ഉടമസ്ഥതയിലുള്ള എ. ഹരിദാസ് റാവു ആൻഡ് സൺസ്, എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം കെ.കെ. സാജിദിന്റെ ഉടമസ്ഥതയിലുള്ള മുകുന്ദ മല്ലർ റോഡിലെ ജൗറ അസോസിയേറ്റ്സ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. അനുഗ്രഹ ട്രേഡേഴ്സിൽനിന്ന് മേശവലിപ്പിൽ സൂക്ഷിച്ച 20,000 രൂപയും തൊട്ടടുത്ത എ. ഹരിദാസ് റാവു ആൻഡ് സൺസിൽനിന്ന് 3500 രൂപയും മട്ടാമ്പ്രം പള്ളിക്ക് സമീപത്തെ ജൗറ അസോസിയേറ്റ്സിൽ നിന്ന് 2000 രൂപയുമാണ് കവർന്നത്.
രാവിലെ കടയുടെ ഷട്ടർ ഉയർത്തിവെച്ചത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ഉടമകളെ വിവരം അറിയിച്ചത്.
വ്യാപാരികളെത്തി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. കടകളുടെ ഷട്ടറിന്റെ പൂട്ട് തകർത്താണ് മൂന്നിടത്തും കവർച്ച നടത്തിയത്. ഉടമകളുടെ പരാതിയിൽ തലശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. കവർച്ച സംബന്ധിച്ച് ഫുഡ് ഗ്രെയിൻസ് മർച്ചന്റ്സ് അസോസിയേഷനും പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം മുകുന്ദ മല്ലർ റോഡിലെ മല്ലേഴ്സ് സ്റ്റോറിൽ നിന്ന് പണവും മൊബൈൽ ഫോണും കവർച്ച നടത്തിയിരുന്നു. കടയുടമ പിന്നിലെ വാതിൽ അടച്ചുവരുന്നതിനിടയിലാണ് മേശയിൽ സൂക്ഷിച്ച പണവും ഫോണും മോഷ്ടിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.