കാട്ടാന, വന്യമൃഗ ശല്യം; ആറളത്ത് അതിജീവനത്തിന്റെ മഞ്ഞൾ കൃഷി
text_fieldsപേരാവൂർ: കാട്ടാനകളിൽ നിന്നും വന്യമൃഗങ്ങളിൽനിന്നുമുള്ള ഭീഷണികളെ അതിജീവിക്കാൻ മഞ്ഞൾ കൃഷിയുമായി ആറളംഫാമിലെ കർഷകർ. ആറളം ഫാം ബ്ലോക്ക് എട്ടിലാണ് മഞ്ഞൾകൃഷി വിളവെടുപ്പിനൊരുങ്ങിയത്. മഴ മാറിയാലുടൻ വിളവെടുപ്പ് നടത്തി മഞ്ഞൾ വിത്താക്കി വിൽക്കും. കാട്ടാനകളും വന്യജീവികളും താരതമ്യേന ആക്രമിച്ച് നശിപ്പിക്കാത്ത കൃഷിയെന്ന നിലക്കാണ് ഫാമിലും ആദിവാസി മേഖലയിലും ഇടവിളകൃഷിയായി ഇഞ്ചിയും മഞ്ഞളും ഉൾപ്പെടെയുള്ള കൃഷി വിപുലപ്പെടുത്തുന്നത്.
വിപണിയിൽ ലഭിക്കുന്ന മഞ്ഞളിനേക്കാൾ നിറവും മണവും ഗുണവും ജൈവ കൃഷി രീതിയിൽ ഉൽപ്പാദിപ്പിക്കുന്ന ആറളം ഫാം മഞ്ഞളിനുള്ളതിനാൽ വിപണിയിൽ വലിയ സ്വീകാര്യതയുണ്ട്. കഴിഞ്ഞ വർഷം മഞ്ഞൾ കൃഷി നടത്തിയിരുന്നില്ല. രണ്ടുവർഷം മുമ്പ് മികച്ച ആദായം ലഭിച്ചിരുന്നു.
നേരത്തെ മഞ്ഞൾ പൊടിച്ച് പാക്കറ്റിലാക്കി വിപണിയിൽ എത്തിച്ചപ്പോഴും എളുപ്പം വിറ്റഴിക്കാനായി. ഇക്കൊല്ലം മുതലാണ് മഞ്ഞൾ വിത്ത് വിൽപനക്ക് ഊന്നൽ നൽകുന്നതെന്ന് ഫാം അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ പി.കെ. നിധീഷ്കുമാർ പറഞ്ഞു. ആദിവാസി പുനരധിവാസ മേഖലയിൽ ജെ.എൽ.ജി ഗ്രൂപ്പുകളുടെ നേതൃത്വത്തിലും ഇഞ്ചി, മഞ്ഞൾ കൃഷിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.