കാട്ടാന പ്രതിരോധം; പാല്‍മിറ പദ്ധതി പരാജയം
text_fieldsകേളകം: കാട്ടാനയെ പ്രതിരോധിക്കുന്നതിനായി ലക്ഷ്യമിട്ട് കൊട്ടിയൂർ പന്നിയാം മലയിലെ വനാതിര്‍ത്തിയില്‍ നടപ്പാക്കിയ വനം വകുപ്പിെൻറ പാൽമിറ പദ്ധതി വിഫലമായി. പന്നിയാം മലയിൽ നട്ട 4000 പാല്‍മിറ (കരിമ്പന) തൈകളില്‍ ഇപ്പോൾ അവശേഷിക്കുന്നത് 222 എണ്ണം മാത്രം. വിവരാവകാശ രേഖ പ്രകാരമുള്ള കത്തിന് അമ്പായത്തോട് സ്വദേശി ജില്‍സ് എം. മേക്കലിന് വനം വകുപ്പ് നല്കിയ മറുപടി രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2020 ജൂലൈ അഞ്ചിന് കേരള വനം മന്ത്രി കെ. രാജു ഉദ്ഘാടനം ചെയ്ത പദ്ധതിയാണ് പാല്‍മിറ ജൈവവേലി. കാട്ടാനശല്യം രൂക്ഷമായ കൊട്ടിയൂര്‍ പന്നിയാം മലയില്‍ പരീക്ഷണാടിസ്ഥാനത്തിലായിരുന്നു പാല്‍മിറ ജൈവവേലി നിർമാണം. ഉദ്ഘാടനത്തോടനുബന്ധിച്ച് 4000 പാല്‍മിറ പനത്തൈകള് നാലുനിരകളായി ഒരുകിലോമീറ്റര്‍ ദൂരത്തില്‍ നട്ടുവളര്‍ത്തി. ആറളം വന്യജീവി സങ്കേതത്തിെൻറ നേതൃത്വത്തില്‍ നടപ്പാക്കിയ പരീക്ഷണാടിസ്ഥാനത്തിലുള്ള പദ്ധതിയില്‍ അഞ്ചുവര്‍ഷത്തിനുള്ളില്‍ തൈകള്‍ പൂര്‍ണ വളര്ച്ചയെത്തുമെന്നായിരുന്നു അവകാശവാദം. എന്നാല്‍ നട്ട 4000 തൈകളില്‍ 222 എണ്ണം മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നത്. 3778 തൈകളും നശിച്ചു. 100 രൂപയായിരുന്നു ഒരു തൈയുടെ വിലയെന്നുമാണ് ജില്‍സ് എം. മേക്കലിന് വനം വകുപ്പ് വിവരാവകാശ രേഖയില്‍ നല്കിയ മറുപടി.
കേരള സ്റ്റേറ്റ് പാല്‍മിറ പ്രോഡക്ട്സ് ഡെവലപ്മെൻറ് ആന്‍ഡ് വര്‍ക്കേഴ്സ് വെല്‍ഫെയര്‍ കോർപറേഷന് ലിമിറ്റഡ് (കെല്‍പാം) ഏറ്റെടുത്തു നടത്തിയ പദ്ധതിക്കായി മുന്‍കൂറായി വനംവകുപ്പ് 10.40 ലക്ഷം രൂപയാണ് നല്‍കിയത്. ആകെ 20 ലക്ഷം രൂപയുടെ പദ്ധതിയായിരുന്നു ഇത്. തൈകള്‍ നട്ടുവളര്‍ത്തി, പരിപാലിച്ച്, പൂര്‍ണ വളര്‍ച്ചയെത്തിയ ശേഷം വനംവകുപ്പിനു കൈമാറുന്ന രീതിയിലായിരുന്നു പദ്ധതി.
30 മീറ്റര്‍ ഉയരത്തില്‍ വളരുകയും രണ്ടുമീറ്റര്‍ വീതിയില്‍ പടര്‍ന്നുപന്തലിക്കുകയും ചെയ്യും. തടിയില്‍ മുള്ളുകളുള്ള പനകള്‍ കടന്ന് കാട്ടാനകള്‍ ജനവാസകേന്ദ്രങ്ങളിലെത്തില്ല എന്നായിരുന്നു അവകാശവാദം. ഇവയാണ് സംരക്ഷിക്കാതെ നശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.