ചീങ്കണ്ണിപ്പുഴയിലൂടെ കാട്ടാന എത്തുന്നു; നെഞ്ചിടിപ്പോടെ മലയോര കർഷകർ
text_fieldsഅടക്കാത്തോട്: ചീങ്കണ്ണിപ്പുഴയിലൂടെ കാട്ടാനകളുടെ വരവ് തുടരുമ്പോൾ നെഞ്ചിടിപ്പോടെ മലയോര കർഷകർ. പുഴ കടന്ന് ആനമതിലും, തൂക്ക് വൈദ്യുതി വേലിയും തകർത്ത് കാട്ടാനകൾ വളയഞ്ചാൽ, കാളികയം, അണുങ്ങോട് പ്രദേശങ്ങളിൽ കാർഷിക വിളകൾ നശിപ്പിക്കുമ്പോൾ നിസ്സഹായരായി നെടുവീർപ്പിടുകയല്ലാതെ കർഷകർക്ക് മറ്റ് മാർഗമില്ല.
ആറളം ഫാമിൽ ആനമതിൽ നിർമാണം ആരംഭിക്കുന്നതോടെ ഫാമിലും, പുനരധിവാസ ബ്ലോക്കുകളിലും തമ്പടിച്ചിട്ടുള്ള എഴുപതോളം കാട്ടാനകൾ ചീങ്കണ്ണിപ്പുഴയോരത്തേക്കാണ് നീങ്ങുക.
നിലവിൽ ആറളം വനാതിർത്തിയിലെ വളയഞ്ചാൽ മുതൽ കരിയം കാപ്പ് വരെ പത്ത് കിലോമീറ്റർ മാത്രമാണ് ആനമതിൽ പൂർത്തിയായത്.
അവശേഷിച്ച കരിയം കാപ്പ് മുതൽ രാമച്ചി, ശാന്തിഗിരി, പാലുകാച്ചി, പന്നിയാം മല, അമ്പായത്തോട്, പാൽച്ചുരം വരെ വനാതിർത്തികൾ തുറന്നുകിടക്കുന്നതിനാൽ കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിലേക്ക് കടക്കുന്നത് കർഷകരുടെ കൃഷിക്കും ജീവനും ഭീഷണിയായിട്ടുണ്ട്. ഈ മേഖലകളിൽ ഭീഷണി തടയാൻ ആനമതിൽ പൂർത്തിയാക്കുകയാണ് ശാശ്വത പരിഹാരം.
ആനമതിൽ നിർമാണം നടത്തും വരെ താൽക്കാലിക പരിഹാരമായി തൂക്ക് വൈദ്യുതി വേലി സ്ഥാപിക്കുകയും, നിരീക്ഷണത്തിനായി വനപാലകരെ നിയമിക്കണമെന്നും കർഷകരും കർഷക സംഘടനകളും ആവശ്യപ്പെടുന്നു. നിലവിൽ ആനമതിൽ ഇല്ലാത്ത മേഖലകളായ കാളികയം, രാമച്ചി, ശാന്തിഗിരി ഭാഗങ്ങളിൽ കാട്ടാനകൾ തമ്പടിച്ചിരിക്കുകയാണ്. വ്യാപകമായ കൃഷിനാശം ഉണ്ടാകുന്നുണ്ട്.
ആറളം പുനരധിവാസ മേഖലയിൽ ആനമതിൽ വരുന്നതോടുകൂടി മുഴുവൻ കാട്ടാനകളും ഈ പ്രദേശങ്ങളിലേക്ക് എത്തുകയും പ്രതിരോധ മാർഗങ്ങൾ ഇല്ലാതെ ദുരന്തങ്ങൾ ആവർത്തിക്കപ്പെടുകയും ചെയ്യും. എല്ലാ മേഖലകളും ആനമതിൽ പൂർത്തിയാക്കുകയാണ് പോംവഴി. ആന പ്രതിരോധ മതിൽ തന്നെയാണ് ശാശ്വത പരിഹാരവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.