വാഴമലയിൽ ദുരിതംവിതച്ച് കാട്ടാന ശല്യം
text_fieldsപാനൂർ: വാഴമലയിലെ കർഷകർക്ക് ദുരിതമിരട്ടിപ്പിച്ച് മേഖലയിൽ ആനയുമിറങ്ങി. തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് രണ്ടാം വാർഡിലെ വാഴമലയിലും നരിക്കോട് മലയിലും കൃഷിയിടങ്ങളിലാണ് കഴിഞ്ഞ ദിവസം ആനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചത്. തൂവക്കുന്നിലെ അങ്ങാടിയുള്ളതിൽ റാസിയുടെ രണ്ടേക്കർ പറമ്പിലെ ആയിരത്തോളം വാഴകളും പാണമ്പാറയിൽ തോമസിന്റെ അധീനതയിലുള്ള പറമ്പിലെ നൂറോളം കവുങ്ങിൻ തൈകളുമാണ് കഴിഞ്ഞ ദിവസം നശിപ്പിച്ചത്.
ഓരോ ദിവസവും രാത്രിയാകുമ്പോൾ ആനപ്പേടിയിൽ ഭീതിയോടെയാണ് കർഷകർ കഴിയുന്നത്. ഒരു ആനയും നിരവധി കുട്ടിയാനകളും സ്ഥിരമായി കൃഷിനശിപ്പിക്കുന്നതായാണ് കർഷകർ പറയുന്നത്.
പാനൂരിന്റെ കിഴക്കൻ മേഖലയും കുന്നോത്തുപറമ്പ്, തൃപ്രങ്ങോട്ടൂർ ഗ്രാമപഞ്ചായത്ത് പരിധിയിലുള്ളതുമായ കാർഷിക മേഖലകളിൽ വന്യജീവികൾ കൃഷി നശിപ്പിക്കുന്നത് പതിവാണ്. പാത്തിക്കൽ - എലിക്കുന്ന് മേഖലകളിലെ കർഷകർ വന്യജീവികളുടെ ശല്യത്താൽ പൊറുതിമുട്ടാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ചെറുപ്പറമ്പ്, പാത്തിക്കൽ, എലിക്കുന്ന് തുടങ്ങി വാഴമല, നരിക്കോട് മലയുടെ താഴ്വാരത്തെ കൃഷി ഭൂമികളിലാണ് വന്യജീവി ശല്യം രൂക്ഷമാവുന്നത്. കുരങ്ങ്, കാട്ടുപന്നി, മുള്ളൻ പന്നി തുടങ്ങിയ ജീവികളാണ് കൃഷികൾ വ്യാപകമായി നശിപ്പിക്കുന്നത്. വാഴമല -നരിക്കോട്ടുമല ഭാഗങ്ങളിൽ സോളാർ ഫെൻസിങ് സ്ഥാപിക്കണമെന്നത് കർഷകരുടെ നിരന്തരമായ ആവശ്യമാണ്.
പഞ്ചായത്ത് പ്രസിഡന്റ് നസീമ ചാമാളിയതിൽ, സെക്കീന തെക്കയിൽ, കോയമ്പ്രത്ത് ഇസ്മായിൽ, ഷമീന കുഞ്ഞിപറമ്പത്ത്, സി.കെ. സുലൈഖ, തങ്കമണി, സുധ വാസു, സി.പി. സജീവൻ എന്നിവർ സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.