കാട്ടാനകൾ കൃഷി നശിപ്പിച്ചു; കൊട്ടിയൂരിൽ വനം ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞുവെച്ചു
text_fieldsകൊട്ടിയൂർ: നെല്ലിയോടിയിൽ കാട്ടാന കൃഷി നശിപ്പിച്ചതിനെത്തുടർന്ന് സ്ഥലത്തെത്തിയ വനപാലക സംഘത്തെ കർഷകർ തടഞ്ഞു വെച്ചു. ശനിയാഴ്ച പുലർച്ചെയാണ് നെല്ലിയോടിയിലെ പോത്തനമാല മാത്യുവിന്റെ കുലച്ച നേന്ത്രവാഴകൾ കാട്ടാന നശിപ്പിച്ചത്. 30 നേന്ത്രവാഴയും ഒരു തെങ്ങുമാണ് നശിപ്പിച്ചത്. കഴിഞ്ഞ വർഷവും മാത്യുവിന്റെ വിളവെടുക്കാറായ 44 നേന്ത്രവാഴകൾ കാട്ടാന നശിപ്പിച്ചിരുന്നു. എന്നാൽ വർഷം ഒന്ന് കഴിഞ്ഞിട്ടും നഷ്ടപരിഹാര തുക ലഭിച്ചിട്ടില്ലെന്ന് മാത്യു പറഞ്ഞു.
കാട്ടാന കൃഷി നശിപ്പിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനപാലക സംഘത്തെ കർഷകർ മണിക്കൂറോളം തടഞ്ഞുവെച്ചു. വനാതിർത്തിയിലെ വൈദ്യുതി വേലി നശിച്ചിട്ട് വർഷങ്ങളായെന്നും അടിയന്തര നടപടി സ്വീകരിക്കണമെന്നും ഡി.എഫ്.ഒ അടക്കമുള്ളവർ സ്ഥലത്തെത്തിയാൽ മാത്രമേ വനപാലകരെ വിട്ടയക്കുകയുള്ളുവെന്നും കർഷകർ അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ കൊട്ടിയൂർ വെസ്റ്റ് സെക്ഷൻ ഓഫിസർ സജീവ് കുമാർ കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റിനെ ബന്ധപ്പെട്ടു. ഇതേത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം, പഞ്ചായത്തംഗങ്ങളായ ജീജ ജോസഫ്, എ.ടി. തോമസ് എന്നിവർ സ്ഥലത്തെത്തി വനപാലകരും കർഷകരുമായി സംസാരിച്ചു.
ഇതേത്തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ഡി.എഫ്.ഒയുമായി ഫോണിൽ സംസാരിച്ചതിൽ കൊട്ടിയൂർ പഞ്ചായത്തിലെ വന്യമൃഗ ശല്യത്താൽ ലഭിച്ച പരാതികളും നഷ്ടപരിഹാര തുകയും വേഗത്തിൽ പരിഹരിക്കാനും കർഷകർക്ക് പടക്കങ്ങൾ എത്തിച്ചു നൽകാനും നെല്ലിയോടി ഭാഗത്ത് ഒരാഴ്ചക്കാലം രാത്രി പെട്രോളിങ് അടക്കം നടത്താനും തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ വനപാലകരെ വിട്ടയക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.