12 കാട്ടാനകള്‍ തിരിച്ചെത്തി; ഭീതിയിൽ വിറങ്ങലിച്ച് അപ്പര്‍ ചീക്കാടും കാപ്പിമലയും
text_fieldsആലക്കോട്: കേരള-കര്‍ണാടക അതിര്‍ത്തിയിലെ ജനവാസ മേഖലകളായ അപ്പര്‍ ചീക്കാട്, മുട്ടത്താംവയല്‍, കാപ്പിമല പ്രദേശങ്ങളില്‍ ദിവസങ്ങളായി തുടരുന്ന കാട്ടാന വിളയാട്ടം പ്രദേശത്തെ കര്‍ഷകരെയും ആദിവാസികളെയും അതീവ ഭീതിയിലാഴ്ത്തുന്നു. കർണാടക വനത്തില്‍ നിന്നെത്തിയ കാട്ടാനക്കൂട്ടമാണ് കേരളത്തിലെ ജനവാസ മേഖലകളില്‍ വ്യാപക കൃഷിനാശം വിതച്ചുകൊണ്ടിരിക്കുന്നത്. ആനക്കൂട്ടം വിളകൾക്കും വീടുകൾക്കും ജീവനും ഭീഷണിയായതിന്റെ സങ്കടത്തിലാണ് ഇവിടുത്തുകാർ.
മൂന്ന് കുട്ടിയാനകള്‍ അടക്കം 12 ആനകളാണ് പ്രദേശത്ത് ഇറങ്ങിയിട്ടുള്ളത്. അതിര്‍ത്തിയിലെ പുഴയോരത്തും പരിസരത്തുമായാണ് കാട്ടാനക്കൂട്ടം തമ്പടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം വനംവകുപ്പ് അധികൃതരും നാട്ടുകാരും ചേര്‍ന്ന് പടക്കം പൊട്ടിച്ചും മറ്റുമായി കാട്ടാനക്കൂട്ടത്തെ കർണാടക വനത്തിലേക്ക് തുരത്തിയിരുന്നുവെങ്കിലും ആനക്കൂട്ടം വീണ്ടും ഇവിടെത്തന്നെ തിരിച്ചെത്തി. തിങ്കളാഴ്ച ആളുകള്‍ ആനക്കൂട്ടത്തിന്റെ മുന്നില്‍ അകപ്പെടുകയും ചെയ്തിരുന്നു.
അപ്പര്‍ ചീക്കാട് ആദിവാസി കോളനി റോഡിലും ആനക്കൂട്ടമെത്തിയിരുന്നു. വനം വകുപ്പ് അധികൃതരും നാട്ടുകാരും ഉച്ച മുതല്‍ രാത്രി വൈകി വരെ ഏറെ സാഹസികമായി ആനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തി വിട്ടുവെങ്കിലും വനത്തിലേക്ക് തിരിച്ച് കയറാതെ പുഴയോരത്ത് തമ്പടിച്ച് നില്‍ക്കുകയായിരുന്നു. ഒറ്റയാന്റെ സാന്നിധ്യമുള്ളതും നാട്ടുകാരില്‍ ആശങ്ക വര്‍ധിപ്പിക്കുകയാണ്.
പ്രദേശത്തെ വീടുകള്‍ക്ക് സമീപം വരെ ആനക്കൂട്ടമെത്തിയതോടെ ഭീതിയില്‍ വിറങ്ങലിച്ച അവസ്ഥയിലാണ് അതിര്‍ത്തി ഗ്രാമങ്ങള്‍. ഇരിക്കൂർ മണ്ഡലത്തിൽ ആലക്കോടിന് പുറമെ പയ്യാവൂരിലും ഏരുവേശിയിലും നേരത്തെ മുതൽക്കു തന്നെ കാട്ടാന ഭീതി തുടർച്ചയായി നില നിൽക്കുന്നുണ്ട്.
കാട്ടാന ആക്രമണം ഭയന്ന് കൃഷിയിടങ്ങളിലേക്ക് പോകാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് കര്‍ഷകര്‍. ഏരുവേശി പുറത്തൊട്ടിയിലും പയ്യാവൂർ ആടാം പാറ, വഞ്ചിയം, ഒന്നാംപാലം, ഷിമോഗ മേഖലകളിലുമാണ് കാട്ടാന പതിവായി ഇറങ്ങുന്നത്.
ഷോക്കേറ്റും കുഴിയിൽ വീണുമുൾപ്പെടെ നിരവധി കാട്ടാനകൾ ചെരിഞ്ഞ സംഭവങ്ങളും പയ്യാവൂരിലുണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം പയ്യാവൂരിലെ കർണാടക അതിർത്തി വന മേഖലയിൽ കാട്ടാനകളെ തുരത്താൻ സൗര വേലിയൊരുക്കി മന്ത്രിയെത്തി ഉദ്ഘാടനം ചെയ്തെങ്കിലും ആനശല്യത്തിന് കുറവുണ്ടായിട്ടില്ലെന്നതാണ് സ്ഥിതി.
ടാസ്ക് ഫോഴ്സടക്കം വന്നാണ് ഇവിടെ നിന്ന് കാട്ടാനകളെ കഴിഞ്ഞയാഴ്ച വനത്തിലേക്ക് തുരത്തിയത്. മണ്ണിൽ വിയർപ്പൊഴുക്കി വിളയിച്ചതെല്ലാം ഒറ്റ രാത്രിയിൽ കാട്ടാനക്കൂട്ടം ഇലാതാക്കുമ്പോൾ തങ്ങൾ ഇനിയെന്ത് ചെയ്യുമെന്നാണ് കുടിയേറ്റ കർഷകർ ചോദിക്കുന്നത്. കാട്ടാനയും പന്നിയും മറ്റും വിളകൾ കൊണ്ടു പോകുന്നതിൽ സഹികെട്ട് നിരവധി കർഷകർ ഭൂമിയും വീടും വിറ്റ് പോകുന്ന സ്ഥിതിയും മലമടക്കുകളിൽ ഉണ്ടായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.