ആറളം ഫാമിൽ വട്ടമിടുന്നത് 30 കാട്ടാനകൾ
text_fieldsകേളകം: ആറളം ഫാമിലെ ജനവാസ മേഖലയിൽ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്താനുള്ള നടപടി ആരംഭിച്ചു. കണ്ണൂർ ഡി.എഫ്.ഒ പി. കാർത്തിക്, കൊട്ടിയൂർ റേഞ്ചർ സുധീർ നരോത്ത് എന്നിവരുടെ നേതൃത്വത്തിൽ ആറളം വന്യജീവി സങ്കേതം വനപാലകരുടെയും ആർ.ആർ.ടിയുടെയും നേതൃത്വത്തിലുള്ള 60 അംഗ സംഘമാണ് ആനയെ വനത്തിലേക്ക് കടത്തിവിടാനുള്ള നടപടി ആരംഭിച്ചത്. ബ്ലോക്ക് ഏഴ്, 10 എന്നിവിടങ്ങളിൽ വനപാലക സംഘം വിവിധ ഗ്രൂപ്പുകളായി തിരച്ചിൽ ആരംഭിച്ചെങ്കിലും പ്രതികൂല കാലാവസ്ഥയും കാടും കാരണം തിരച്ചിൽ ഫലപ്രദമാക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞദിവസം പി.എ. ദാമുവിനെ ഏഴാം ബ്ലോക്കിൽ കാട്ടാന കൊലപ്പെടുത്തിയതിനെത്തുടർന്ന് ജില്ല കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന യോഗ തീരുമാനം അനുസരിച്ചാണ് ആനതുരത്തൽ ആരംഭിച്ചത്. വിവിധ ബ്ലോക്കുകളിൽ പൊന്തക്കാടുകളിൽ കഴിയുന്ന ആനകളെ പടക്കം പൊട്ടിച്ചും മറ്റും കൃഷിയിടത്തിലേക്ക് എത്തിച്ചശേഷം കോട്ടപ്പാറ വഴി വനത്തിലേക്ക് കടത്തിവിടാനാണ് പദ്ധതി തയാറാക്കിയിരിക്കുന്നത്. വനത്തിൽ നിന്നും ആനകൾ തിരകെ ജനവാസ മേഖലയിൽ പ്രവേശിക്കാതിരിക്കാൻ അതിർത്തിയിൽ വനംവകുപ്പ് വാച്ചർമാരെ കാവൽനിർത്തും.
അപകടം ഒഴിവാക്കുന്നതിന് പൊലീസ് അനൗൺസ്മെന്റ് നടത്തുന്നുണ്ട്. പുരധിവാസ മേഖലയിലെ പ്രധാന റോഡുകളും അടച്ചാണ് സുരക്ഷയൊരുക്കിയിരിക്കുന്നത്. തുരത്തുന്ന സമയത്ത് വീടുകളിൽത്തന്നെ കഴിയുന്നതിനും വാഹനങ്ങളിൽ പുറത്തുപോകാതെ സഹകരിക്കണമെന്നും വനം വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. ആർ.ആർ.ടി ഡെപ്യൂട്ടി റേഞ്ചർ ശശികുമാർ ചെങ്ങൽവീട്ടിൽ, ഇരിട്ടി ഫോറസ്റ്റർ കെ. ജിജിൽ, മണത്തണ ഫോറസ്റ്റർ സി.കെ. മഹേഷ്, ഫോറസ്റ്റർ എം. രാജൻ, കീഴ്പ്പള്ളി ഫോറസ്റ്റർ പി. പ്രകാശൻ എന്നിവരുടെ നേതൃത്വത്തിലാണ് തുരത്തൽ നടത്തുന്നത്. കാലാവസ്ഥ അനുകൂലമായാൽ മറ്റ് ജില്ലകളിൽനിന്നും കൂടുതൽ വനപാലക സംഘത്തെ നിയോഗിക്കാനും ആലോചിക്കുന്നുണ്ട്.
ഫാമിനകത്ത് 30ലധികം ആനകളുണ്ടെന്നാണ് ഫാം തൊഴിലാളികൾ പറയുന്നത്. ഇതിൽ കുഞ്ഞുങ്ങളുമായി സഞ്ചരിക്കുന്നവയുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അവ അപകടകാരികളാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കനത്ത സുരക്ഷയിലാണ് തുരത്തൽ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.