സ്ത്രീ, ബാലിക പീഡനം: പരാതികള്‍ ഇനി ഈ പെട്ടിയിൽ ഇടാം
text_fieldsകണ്ണൂർ: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ പരാതിപ്പെട്ടിയുമായി ജില്ല ജാഗ്രത സമിതി. അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ നല്‍കാനാണ് ജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ ജില്ല പഞ്ചായത്തില്‍ പരാതിപ്പെട്ടി സ്ഥാപിച്ചത്. മുന്‍ എം.പി പി.കെ. ശ്രീമതി ഉദ്ഘാടനം ചെയ്തു. ജില്ല ജാഗ്രത സമിതി ചെയര്‍പേഴ്സനായ ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു.
അതിക്രമങ്ങള്‍ക്കിരയാവുന്ന സ്ത്രീകളില്‍ പലരും മടിയും അപമാനവും ഭയന്ന് പരാതികള്‍ നല്‍കാത്ത പതിവുണ്ട്. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് പരാതിപ്പെട്ടി സ്ഥാപിച്ചത്. ഇനി മുതല്‍ പരാതി വിശദമായി എഴുതി പരാതിപ്പെട്ടിയില്‍ നിക്ഷേപിച്ചാല്‍ മതിയാവും. ലഭിക്കുന്ന പരാതികള്‍ ഓരോ മാസവും ജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ പരിശോധിക്കും. തുടര്‍ന്ന് വനിത കമീഷെൻറ സഹകരണത്തോടെ പരാതിക്കാരിയെയും എതിര് കക്ഷിയെയും ഉള്‍പ്പെടുത്തി വനിത അദാലത്ത് സംഘടിപ്പിച്ച് പ്രശ്നത്തിന് പരിഹാരം കാണും. പരാതികള്‍ ഇ–മെയിലായി അയക്കാനുള്ള സംവിധാനവും ആരംഭിച്ചിട്ടുണ്ട്. jagrathakannur@gmail.com ലേക്ക് പരാതി അറിയിക്കാം. തദ്ദേശസ്ഥാപന തലത്തിലും പരാതിപ്പെട്ടികള്‍ സ്ഥാപിക്കും. പഞ്ചായത്ത് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ജാഗ്രത സമിതികള്‍ കൂടുതല്‍ ശക്തിപ്പെടുത്തും. വാര്‍ഡ് തലത്തിലും ജാഗ്രത സമിതികള്‍ രൂപവത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്, സ്ഥിരം സമിതി അധ്യക്ഷന്മാരായ അഡ്വ. ടി. സരള, വി.കെ. സുരേഷ് ബാബു എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.