കുതിപ്പോടെ ദേശീയപാത പ്രവൃത്തി: ഇനി പുതുവേഗം
text_fieldsകണ്ണൂർ: ദേശീയപാത 66 ആറുവരി പാതയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ അതിവേഗം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായുള്ള ബൈപാസുകൾ, പാലങ്ങൾ, ഫ്ലൈ ഓവറുകൾ എന്നിവ നിലവിൽ വരുന്നതോടെ ദേശീയപാതയുടെ മുഖച്ഛായ മാറും. ദേശീയപാത വടക്ക് കരിവെള്ളൂരിൽനിന്ന് തുടങ്ങി മുഴപ്പിലങ്ങാട് അവസാനിക്കുന്നതുവരെ 22 വില്ലേജുകളിലൂടെയാണ് പോവുന്നത്.
ജില്ലയിൽ നാല് ബൈപാസുകൾ, ഏഴ് വലിയ പാലങ്ങൾ, ഏഴ് ഫ്ലൈ ഓവറുകൾ എന്നിവയാണ് ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നിർമിക്കുന്നത്. പയ്യന്നൂർ (3.82 കിലോമീറ്റർ), തളിപ്പറമ്പ് (5.66), കണ്ണൂർ (13.84 ), തലശ്ശേരി -മാഹി (18.6 കിലോ മീറ്റർ) എന്നീ നാല് ബൈപാസുകളാണ് ദേശീയപാതയിലുണ്ടാവുക. ഭൂമി ഏറ്റെടുക്കൽ പൂർത്തിയാക്കി രണ്ട് റീച്ചുകളിൽ ഭൂമി നിരപ്പാക്കൽ, മരങ്ങൾ മുറിക്കൽ, കെട്ടിടങ്ങൾ പൊളിക്കൽ, വൈദ്യുതി തൂണുകൾ മാറ്റിസ്ഥാപിക്കൽ എന്നിവ ഏതാണ്ട് പൂർത്തിയായി. പുതിയ പാലങ്ങൾക്കായുള്ള പൈലിങ് പ്രവൃത്തികളും ആരംഭിച്ചു.
ദേശീയപാത ആറുവരിയാക്കലിൽ കാസർകോട് ജില്ലയിലെ നീലേശ്വരം മുതൽ കണ്ണൂർ ജില്ലയിലെ തളിപ്പറമ്പുവരെ ഒറ്റ റീച്ചാണ്. ഇത് 40.110 കിലോ മീറ്റർ വരും. ജില്ലയിലെ കരിവെള്ളൂർ, വെള്ളൂർ, കണ്ടോത്ത്, കോറോം, എടനാട്, ചെറുതാഴം, കടന്നപ്പള്ളി, പരിയാരം, കുപ്പം, തളിപ്പറമ്പ് എന്നീ 10 വില്ലേജുകളിലൂടെയാണ് ഈ റീച്ച് കടന്നുപോവുന്നത്. 3799.36 കോടി രൂപയാണ് പദ്ധതി ചെലവ്.
തളിപ്പറമ്പ് -മുഴപ്പിലങ്ങാട് റീച്ച് 29.948 കിലോ മീറ്ററാണ്. മൊറാഴ, കല്യാശ്ശേരി, പാപ്പിനിശ്ശേരി, ചിറക്കൽ, പുഴാതി, വലിയന്നൂർ, എളയാവൂർ, ചേലോറ, ചെമ്പിലോട്, എടക്കാട്, കടമ്പൂർ, മുഴപ്പിലങ്ങാട് എന്നീ 12 വില്ലേജുകളിലൂടെയാണ് ഈ റീച്ച് കടന്നുപോവുന്നത്. 3311.37 കോടി രൂപയാണ് പദ്ധതി ചെലവ്. രണ്ട് റീച്ചുകളിലുമായി ജില്ലയിലെ ദേശീയപാത വീതികൂട്ടലിനായി ഇതുവരെ 200.5560 ഹെക്ടർ ഭൂമി ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ) ഏറ്റെടുത്തു. ഭൂമിക്കും കെട്ടിടങ്ങൾക്കും നഷ്ടപരിഹാരം നൽകാനായി ദേശീയപാത അതോറിറ്റി 2,260 കോടി രൂപയാണ് അനുവദിച്ചത്. ഇതിൽ സാധുവായ രേഖകൾ ഹാജരാക്കാത്ത ഏതാനും പേർക്കൊഴികെ ഭൂമി വിട്ടുനൽകിയ മുഴുവൻ പേർക്കും നഷ്ടപരിഹാരം നൽകി.
ഭൂമി ഏറ്റെടുക്കുന്നതിന്റെ 25 ശതമാനം തുക സംസ്ഥാന സർക്കാറാണ് വഹിക്കുന്നത്. 2013ലെ ഭൂമിയേറ്റെടുക്കൽ ചട്ട പ്രകാരം നഷ്ടപരിഹാരമായി രണ്ടിരട്ടിവരുന്ന മികച്ച തുകയാണ് ഭൂവുടമകൾക്ക് നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.