ഈ കാട് നാടിന് സ്വന്തം
text_fieldsപയ്യന്നൂർ: നാടിന്റെ ഹരിതവേലിയായ കണ്ടൽക്കാടുകൾ വ്യാപകമായി നശിപ്പിക്കുമ്പോൾ പ്രകൃതിസ്നേഹികൾ വില കൊടുത്തുവാങ്ങി സംരക്ഷിക്കുന്ന കുഞ്ഞിമംഗലത്തെ കണ്ടൽക്കാടുകൾ നാടിന് സ്വന്തം. കണ്ടൽക്കാടുകളുടെ പാരിസ്ഥിതിക പ്രാധാന്യം അധികം തിരിച്ചറിയുന്നതിനു മുമ്പുതന്നെ ഒരുകൂട്ടം പരിസ്ഥിതിസ്നേഹികൾ കണ്ടൽക്കാടുകൾ വാങ്ങി നാടിന്റെ ഹരിതകവചം നിലനിർത്തിയ നാട്ടുനന്മയാണ് പരിസ്ഥിതി സംരക്ഷണ പ്രവർത്തനത്തിൽ പുതിയ അധ്യായമാകുന്നത്.
ഇതിനു ചുവടുപിടിച്ച് സർക്കാർ സ്വകാര്യ വ്യക്തികളിൽനിന്ന് കാട് വില കൊടുത്തു വാങ്ങാൻ തീരുമാനിച്ചുവെങ്കിലും ഇതുവരെ യാഥാർഥ്യമായില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കൈയിലുള്ളവയും മറ്റും സംരക്ഷിക്കുക മാത്രമാണ് വനം വകുപ്പ് ചെയ്യുന്നത്. സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കാനുള്ള തീരുമാനം ചുവപ്പുനാടയിൽ വിശ്രമിക്കുമ്പോഴാണ് കുഞ്ഞിമംഗലത്തെ പൊതു കാട് വിസ്മയമാവുന്നത്. ചെമ്മീൻ പാടങ്ങൾ നിർമിക്കാൻ സ്വകാര്യസ്ഥലത്തെ കണ്ടൽക്കാടുകൾ വ്യാപകമായി നശിപ്പിക്കാൻ തുടങ്ങിയപ്പോഴാണ് കുഞ്ഞിമംഗലത്ത് വണ്ണാത്തിപ്പുഴയുടെ കൈവഴിയായ പുല്ലങ്കോട് പുഴയോരത്തെ ഹരിതസമൃദ്ധി വില കൊടുത്തു വാങ്ങി നിലനിർത്താനുള്ള ആലോചന തുടങ്ങിയത്.
പ്രകൃതിസ്നേഹികളുടെ കൂട്ടായ്മയിൽനിന്നു സംഭരിച്ച നാണയതുട്ടുകളിൽനിന്നായിരുന്നു തുടക്കം. മുപ്പതോളം വ്യക്തികൾക്കു പുറമെ ജൈവകർഷക സമിതി, കണ്ടംകുളങ്ങര കർഷക മിത്ര, ഒരേ ഭൂമി ഒരേ ജീവൻ, കൃപ പാലാവയൽ എന്നീ സംഘടനകൾ കൂടി ചേർന്നതോടെ കുഞ്ഞിമംഗലത്തെ ഹരിതസൗന്ദര്യത്തിന് ആയുസ്സ് നീട്ടിക്കിട്ടി. ആദ്യം മൂന്നേക്കർ മൂന്ന് സെന്റ് ആണ് വാങ്ങിയത്. 1998 മാർച്ചിൽ രജിസ്റ്റർ ചെയ്തു. ഇതിനുശേഷം സീക്ക് ഉൾപ്പെടെയുള്ള സംഘടനകൾ കൂടുതൽ സ്ഥലം വാങ്ങി സംരക്ഷിച്ചു. ഇപ്പോൾ 30 ഏക്കറോളം കണ്ടൽക്കാടുകൾ ഭീഷണിയില്ലാതെ നിലനിൽക്കുന്നു. പുഴയുടെ ഇരുഭാഗങ്ങളിലും നിറഞ്ഞു നിൽക്കുന്ന ഈ ഹരിതകവചം കാണാൻ നിരവധിപേരാണ് കുഞ്ഞിമംഗലത്തെത്തുന്നത്. ഹരിതസൗന്ദര്യം ആസ്വദിച്ചുകൊണ്ടുള്ള പുല്ലങ്കോട് പുഴയിലെ തോണിയാത്ര ഏറെ ആനന്ദകരമാണ്.
കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകളുള്ള പഞ്ചായത്താണ് കുഞ്ഞിമംഗലം. ഇതിൽ ഏറെയും സ്വകാര്യവ്യക്തികളുടെ കൈകളിലാണ്. ഇത് വില കൊടുത്തുവാങ്ങി സംരക്ഷിത വനമായി നിലനിർത്തണമെന്ന ആവശ്യമാണ് വനം വകുപ്പിന്റെ മെല്ലെപ്പോക്കു കാരണം യാഥാർഥ്യമാവാത്തത്.
ഉഷ്ണമേഖലകളിലെ നദികളുടെ ഡെൽറ്റകളിലും അഴിമുഖങ്ങളിലെ ചതുപ്പുകളിലും സമൃദ്ധമായി വളരുന്ന നിത്യഹരിത സസ്യമാണ് കണ്ടൽ. കേരളത്തിൽ കാണുന്ന എല്ലാ ഇനം കണ്ടൽക്കാടുകളും കുഞ്ഞിമംഗലത്തുണ്ട്. പുഴ വെള്ളത്തിന്റെ ഉപ്പുരസം വലിച്ചെടുത്ത് പരിസ്ഥിതി സംതുലനം നിലനിർത്തുന്ന ഈ സസ്യം മണ്ണിടിച്ചിലും വെള്ളപ്പൊക്കവും തടഞ്ഞ് കരയുടെ സംരക്ഷണം കൂടി നിർവഹിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.