അവാർഡ് തിളക്കത്തിൽ കണ്ണൂർ ജില്ല
text_fieldsഅധ്യാപനത്തിലെ ശാസ്ത്ര പ്രതിഭക്ക് അവാർഡ് തിളക്കം
പാനൂർ: സംസ്ഥാന അധ്യാപക അവാർഡ് ലഭിച്ച രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകൻ പ്രദീപ് കിനാത്തിക്ക് ഇത് അർഹതക്കുള്ള അംഗീകാരം. സംസ്ഥാന തലത്തിലും ദക്ഷിണേന്ത്യൻ തലത്തിലും 2006 മുതൽ 2010 വരെ തുടർച്ചയായി ടീച്ചിങ് എയ്ഡ് വിഭാഗത്തിൽ പുരസ്കാരങ്ങൾക്ക് അർഹനായിട്ടുണ്ട്. മികച്ച ശാസ്ത്രാധ്യാപകൻ എന്നതിനൊപ്പം യുവജനോത്സവങ്ങളിൽ ശാസ്ത്ര നാടകത്തിൽ സംവിധാനത്തിനും രചനക്കും ജില്ലതലത്തിൽ ശ്രദ്ധേയ നേട്ടത്തിനുടമയായ കലാകാരൻകൂടിയാണ് പ്രദീപ് കിനാത്തി.
വിദ്യാലയങ്ങളും വിവിധ ക്ലബുകളും വായനശാലകളുമായി ബന്ധപ്പെട്ട് ശാസ്ത്ര ക്ലാസുകൾ കൈകാര്യം ചെയ്യാറുണ്ട്. കുട്ടികൾക്ക് ഗവേഷണ പ്രോജക്ടുകൾ കണ്ടെത്തി നൽകുകയും മാർഗനിർദേശങ്ങൾ നിരന്തരം നൽകിവരുകയും ചെയ്യുന്ന ഗവേഷണ കുതുകിയായ അധ്യാപകൻ കൂടിയാണ്. 10 വർഷത്തിലധികമായി ജില്ല റിസോഴ്സ് ഗ്രൂപ് അംഗമായി പ്രവർത്തിച്ചുവരുന്നു. അഞ്ചരക്കണ്ടി ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക റീനയാണ് ഭാര്യ. മക്കൾ: നവനീത, അവനിത.
ബോധന പഠനസാമഗ്രിയുടെ പ്രചാരണത്തിന് അംഗീകാരം
പയ്യന്നൂര്‍: പുസ്തകങ്ങൾക്കപ്പുറം ബോധന പഠനസാമഗ്രികൾ തേടുകയും അവ കുട്ടികളിലേക്ക് പകർന്നുനൽകുകയും ചെയ്തതാണ് പ്രകാശൻ മാസ്റ്ററെ അംഗീകാരത്തിന് അർഹനാക്കിയത്. ഇത്തരം പഠന സാമഗ്രികളുപയോഗിച്ചുള്ള ശിക്ഷണം കുട്ടികളുടെ പഠന മികവിനെ മെച്ചപ്പെടുത്താന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞ് സമൂഹത്തിലെത്തിക്കുകയായിരുന്നു രാമന്തളി പഞ്ചായത്ത് ജി.എല്‍.പി.എസിലെ പ്രൈമറി വിഭാഗം അധ്യാപകന് എം.വി. പ്രകാശൻ മാസ്റ്റർ. അധിക പ്രവര്‍ത്തനങ്ങളിലൂടെയുള്ള കുട്ടികളുടെ പഠനനേട്ടം ഇദ്ദേഹത്തിെൻറ പരിശ്രമങ്ങളുടെ ഫലമായിരുന്നുവെന്ന് വിലയിരുത്തപ്പെട്ടു.
കുട്ടികളുടെ സംഭാഷണം മെച്ചപ്പെടുത്താനും കണക്കുള്‍പ്പെടെയുള്ള വിഷയങ്ങള്‍ മടുപ്പില്ലാതെ ചെയ്ത് പഠിക്കാനും ഇത്തരം അധ്യാപനരീതി ഫലപ്രദമാണെന്ന് ഇദ്ദേഹം തിരിച്ചറിയുകയായിരുന്നു. ഇത് സ്വന്തം ക്ലാസുകളിലും പിന്നീട് മറ്റ് വിദ്യാലയങ്ങളിലേക്കും പകർന്നുനൽകി.പരിശീലനക്ലാസുകള്‍ സംഘടിപ്പിച്ചാണ് സ്വന്തം വിദ്യാലയത്തിന് പുറത്തേക്ക് പുതിയ അധ്യയനരീതി വികസിപ്പിച്ചത്.
കുട്ടികളും അധ്യാപകരും സുഹൃത്തുക്കളായാല്‍ പഠിക്കാനുള്ള കാര്യങ്ങള്‍ രസകരവും അനായാസകരവുമായി മാറുമെന്ന് പ്രകാശന് മാസ്റ്റർ സാക്ഷ്യപ്പെടുത്തുന്നു. ജൂഡോയില്‍ ബ്ലാക്ക് ബെല്‍റ്റ് ജേതാവായ ഇദ്ദേഹം വിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി ജൂഡോ പരിശീലനവും നല്‍കുന്നുണ്ട്. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളിലും പങ്കാളിയാണ് പയ്യന്നൂര്‍ സ്വദേശിയായ എം.വി. പ്രകാശന്. ഭാര്യ: ഷീബ. മക്കള്‍: പ്രജുല്‍, അതുല്‍.
പുരസ്കാര നിറവിൽ മുരളീധരൻ മാഷ്
ചെറുകുന്ന്: ചെറുകുന്ന് ഗവ. വെൽഫെയർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ പി.ഒ. മുരളീധരന് സംസ്ഥാന അധ്യാപക അവാർഡ്. കോഴിക്കോട് മേഖലയിൽനിന്നാണ് ഇദ്ദേഹം അവാർഡിന് തെരഞ്ഞെടുക്കപ്പെട്ടത്. മോറാഴ പാന്തോട്ടം സ്വദേശിയാണ്. പ്രൈമറി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി ജില്ല കോഒാഡിനേറ്റർ രംഗത്ത് പ്രവർത്തിച്ചുവരുകയാണ്. പൊളിറ്റിക്സ്, സോഷ്യോളജി, ഇംഗ്ലീഷ്, വിദ്യാഭ്യാസം, മനഃശാസ്ത്രം എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദധാരിയാണ്.
ഗ്രാമീണതലത്തിൽ കരിയർ കോഴ്സുകളുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ക്ലാസുകൾ നൽകിയിട്ടുണ്ട്. കരിയർ ഹാൻഡ് ബുക്ക് എഡിറ്റോറിയൽ ബോർഡംഗം, അധ്യാപക പരിശീലനത്തിനുള്ള സ്റ്റേറ്റ് റിസോഴ്സ് പേഴ്സൻ, ഹയർ സെക്കൻഡറി പരീക്ഷ ബോർഡംഗം, പരീക്ഷ മാന്വൽ പരിഷ്കരണ സമിതി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.