കൺമണിപോലെ കാക്കാം ജീവജലം
text_fieldsകണ്ണൂർ: വേനൽ ചൂടിൽ കണ്ണൂരിന് ചുട്ടുപൊള്ളുമ്പോഴും ആശങ്കപ്പെടുത്തും വിധം താഴാതെ ഭൂജലനിരപ്പ്. ജലനിരപ്പ് കുറയുന്നുണ്ടെങ്കിലും വരൾച്ച ഭീഷണിയില്ലെന്ന ഭൂജല വകുപ്പിന്റെ നിരീക്ഷണം കൊടുംചൂടിലും ആശ്വാസം പകരുന്നതാണ്. ജില്ലയിൽ ഭൂജല വിതാനത്തിൽ വൻ കുറവ് വന്നിട്ടില്ലെന്നാണ് വകുപ്പിന്റെ പ്രതിമാസ പഠന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ഭൂജല വിതാനത്തിൽ വന്ന കുറവ് ശരാശരിയിലും താഴെ മാത്രമാണ്. കിണറുകളിൽ മൺസൂൺ കാലത്തേക്കാൾ ശരാശരി 22 ശതമാനം മാത്രമാണ് കുറവ്.
ഹരിതകേരള മിഷന്റെ നേതൃത്വത്തിൽ തദ്ദേശതലത്തിൽ ജലനിരപ്പ് നിലനിർത്താനുള്ള പ്രവർത്തനങ്ങൾ നടത്തിയതിന്റെ ഭാഗമായാണ് കിണറുകളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് താഴാതിരിക്കുന്നതെന്നാണ് വിലയിരുത്തൽ. ഭൂജലവകുപ്പിന്റെ നിരീക്ഷണ കിണറുകളിലെ കണക്കുപ്രകാരം പത്ത് വർഷത്തിനിടെ ജില്ലയിൽ രണ്ട് മീറ്ററോളമാണ് ജലനിരപ്പ് താഴ്ന്നത്.
എട്ട് വർഷത്തിനിടെ അമ്പതോളം നിരീക്ഷണ കിണറുകളിൽ ഭൂഗർഭ ജലനിരപ്പ് ഉയർന്നു. എന്നാൽ, കേന്ദ്ര ഭൂജല ബോർഡും സംസ്ഥാന ഭൂജലവകുപ്പും മൂന്ന് വർഷത്തിലൊരിക്കൽ നടത്തുന്ന സർവേയിൽ പാനൂർ, തലശ്ശേരി, കണ്ണൂർ ബ്ലോക്കുകൾ അർധ ഗുരുതരാവസ്ഥ പട്ടികയിൽ തുടരുകയാണ്. ജലനിരപ്പ്, റീ ചാർജ്, ഉപയോഗം, വികസനം, ജനസാന്ദ്രത തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് പട്ടിക തയാറാക്കുന്നത്.
പാനൂരിൽ ജലനിരപ്പ് താഴുന്നതാണ് കാരണമെങ്കിൽ തീരദേശ, ജനസാന്ദ്രത ഘടകങ്ങളാണ് കണ്ണൂരിനെയും തലശ്ശേരിയെയും പട്ടികയിലെത്തിച്ചത്. മട്ടന്നൂർ, ഇരിക്കൂർ, ഇരിട്ടി എന്നീ മലയോര മേഖലകളിൽ കുടിവെള്ള ഭീഷണി കണക്കിലെടുത്ത് ജലവിതരണം ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
കേളകം, കൊട്ടിയൂർ മേഖലകളിൽ താൽക്കാലിക തടയണകളൊരുക്കിയതിനാൽ ഇത്തവണ ജലനിരപ്പ് കുറഞ്ഞില്ല. നേരത്തെ കുടിവെള്ള ഭീഷണി അനുഭവപ്പെട്ടിരുന്ന പയ്യന്നൂർ മേഖലയിലും ജലനിരപ്പ് ആശ്വാസമാകുംവിധം ഉയർന്നിട്ടുണ്ട്. ജില്ലയിലെ കാലാവസ്ഥയിലുണ്ടായ മാറ്റം നേരത്തെ ജലനിരപ്പ് വൻതോതിൽ താഴാൻ കാരണമായിരുന്നു. ആവശ്യത്തിന് ലഭിച്ച മഴയും ജലസംരക്ഷണ പ്രവർത്തനങ്ങളും കണ്ണൂരിന്റെ ജലനിരപ്പ് ഉയർത്തി.
ജീവജലത്തിനായി നാടൊന്ന്
ഭൂഗർഭ ജലവിതാനം ഉയർത്തുന്നതിന് ഏകോപിത ശ്രമങ്ങളാണ് കഴിഞ്ഞ ഏഴ് വർഷമായി ജില്ലയിൽ നടക്കുന്നത്. ഹരിതകേരളം മിഷൻ നേതൃത്വത്തിൽ ഭൂജലം, ജലസേചനം, മണ്ണ് സംരക്ഷണം, തൊഴിലുറപ്പു വകുപ്പുകളുടെയും സന്നദ്ധ, സാമൂഹിക സംഘടനകളുടെയും സഹകരണത്തോടെയാണ് ജലസംരക്ഷണ പ്രവർത്തനങ്ങൾ.
ഇനി ഞാനൊഴുകട്ടെ കാമ്പയിൻ, ജലബജറ്റ്, നീരുറവ് പദ്ധതി, ജലാഞ്ജലി, നനവ് തുടങ്ങിയ പദ്ധതികളിലൂടെ ജലസംരക്ഷണത്തിന് മുമ്പെങ്ങുമില്ലാത്ത ഇടപെടലുകൾ. ജലലഭ്യതയും ഉപഭോഗവും കണക്കാക്കി തദ്ദേശ സ്ഥാപനാടിസ്ഥാനത്തിൽ ജലബജറ്റ് തയാറാക്കിയ രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. ജില്ലയിൽ 37 തദ്ദേശ സ്ഥാപനങ്ങളിൽ ജലബജറ്റ് തയാറാക്കിയിട്ടുണ്ട്.
ജലനിരപ്പ് താഴ്ന്നതിനെ തുടർന്ന് അർധ ഗുരുതരാവസ്ഥ പട്ടികയിൽ ഉൾപ്പെട്ടതോടെ ജീവജലം തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് പാനൂർ ബ്ലോക്ക് പഞ്ചായത്ത്. ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുമായി സഹകരിച്ച് നനവ് പദ്ധതിയിലൂടെ 26 തോടുകളിൽ കയർ ഭൂവസ്ത്രം ഉപയോഗിച്ച് പാർശ്വഭിത്തി സംരക്ഷിക്കൽ, കിണർ നിർമാണം, കതിരൂരിൽ കുളം പുനരുദ്ധാരണം തുടങ്ങി വിവിധ പ്രവർത്തനങ്ങളാണ് നടത്തുന്നത്.
75ാം വയസ്സിൽ സ്വന്തമായി കിണർ കുഴിച്ച് ബാലകൃഷ്ണൻ
കൂത്തുപറമ്പ്: 75 ാമത്തെ വയസ്സിൽ പരസഹായമില്ലാതെ കിണർ കുഴിച്ച് കൂത്തുപറമ്പ് ആമ്പിലാട് സ്വദേശിയായ പണ്ടാരവളപ്പിൽ കെ. ബാലകൃഷ്ണൻ. ഉഷ്ണ തരംഗത്തിൽ അനുദിനം കുടിവെള്ളം വറ്റിക്കൊണ്ടിക്കുന്ന സാഹചര്യത്തിലാണ് സ്വന്തമായി കിണർ നിർമിക്കാനുള്ള ബാലകൃഷ്ണന്റെ തീരുമാനം. ആമ്പിലാട് യുവധാര ക്ലബിന് സമീപത്തെ കൃഷിയിടത്തിലാണ് കിണർ കുഴിക്കുന്നത്. കൂത്തുപറമ്പ് സബ്ട്രഷറി ജീവനക്കാരനായിരുന്ന ബാലകൃഷ്ണൻ 20 വർഷം മുമ്പ് വിരമിച്ച ശേഷം സ്വന്തം കൃഷിഭൂമിയിൽ വാഴയും മറ്റ് കൃഷികളും ചെയ്തുവരുകയായിരുന്നു.
ഇതിനിടയിൽ ചൂട് കനത്തതോടെ കാർഷിക വിളകൾക്ക് വെള്ളം നനക്കാനാണ് സ്വന്തം കൃഷിയിടത്തിൽ തൂമ്പയുമെടുത്ത് സ്വന്തമായി കിണർ കുഴിക്കാൻ ആരംഭിച്ചത്. കുഴിക്കുന്നതും മണ്ണ് കോരുന്നതുമെല്ലാം ബാലകൃഷ്ണൻ തന്നെ.
രണ്ടാഴ്ച കൊണ്ട് മൂന്ന് കോൽ കുഴിച്ചപ്പോൾ വെള്ളത്തിന്റെ ഉറവകൾ കണ്ടു തുടങ്ങി. ഇനിയും ഒരു മൂന്നുകോൽ കുഴിച്ചാൽ വറ്റാതെ വെള്ളം ലഭിക്കും. പക്ഷേ ഇനിയങ്ങോട്ട് ചെങ്കല്ലുകൊണ്ട് പടവുകൾകെട്ടി മാത്രമേ കിണർ നിർമാണം പൂർത്തിയാക്കാനാവുകയുള്ളൂ. കനത്ത വേനലിൽ കുടിവെള്ളക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സമീപവാസികൾക്ക് കുടിവെള്ളത്തിന് കൂടി ഉപകാരമാകുന്ന രീതിയിൽ കിണർ നിർമിക്കാൻ ഉദ്ദേശിച്ചതെന്ന് ബാലകൃഷ്ണൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.