ഓളപ്പരപ്പിൽ ഇനി ഒഴുകിനടക്കാം
text_fieldsകണ്ണൂർ: തിരമാലയിൽ ഒഴുകിനടന്ന് ഇനി കടൽക്കാറ്റേൽക്കാം. അതിനായുള്ള ഫ്ലോട്ടിങ് ബ്രിഡ്ജ് മുഴപ്പിലങ്ങാട് ബീച്ചില്‍ ഒരുങ്ങി. ജില്ലയിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജാണ് ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇന്‍ ബീച്ചായ മുഴപ്പിലങ്ങാട് ബീച്ചില്‍ തയാറായത്.
സാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പും ജില്ല ടൂറിസം പ്രമോഷന് കൗണ്‍സിലും ചേര്‍ന്നാണ് ബ്രിഡ്ജ് ഒരുക്കിയത്. ഇതിലൂടെ കടലിലേക്ക് 100 മീറ്ററോളം കാല്‍നടയായി സഞ്ചരിക്കാം. രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറുവരെയാണ് പ്രവേശനം. 120 രൂപയാണ് പ്രവേശന ഫീസ്.
സുരക്ഷക്കായി ബോട്ടുകള്‍, ലൈഫ് ജാക്കറ്റുകള്‍ എന്നിവക്കു പുറമെ ലൈഫ് ഗാര്‍ഡ്, മത്സ്യത്തൊഴിലാളികള്‍ എന്നിവരുടെ സേവനവും ഉപയോഗിക്കും.
പാലത്തിനെ 700 കിലോ ഭാരമുള്ള നങ്കൂരം ഉപയോഗിച്ച് ഉറപ്പിച്ചുനിര്‍ത്തി സുരക്ഷിതമാക്കിയിട്ടുണ്ട്. ഫൈബര്‍ എച്ച്.ഡി.പി.ഇ നിര്‍മിത പാലത്തില്‍ ഇന്റര്‍ലോക്ക് കട്ടകള്‍ ലോക്ക് ചെയ്ത് അടുക്കിവെച്ചാണ് കടല്‍പരപ്പിന് മുകളിലൂടെയുള്ള യാത്ര സാധ്യമാക്കുന്നത്.
മൂന്നുമീറ്റര്‍ വീതിയില്‍ രണ്ടുഭാഗത്തും സ്റ്റീല്‍ കൈവരികളോടെ നിര്‍മിച്ച പാതയുടെ അവസാന ഭാഗത്ത് 11 മീറ്റര്‍ നീളവും ഏഴുമീറ്റര്‍ വീതിയില്‍ കടൽക്കാഴ്ചകൾ നുകരാൻ സൈറ്റ് സീയിങ് പ്ലാറ്റ്ഫോമുമുണ്ട്. ഇതിലൂടെ കടലിനെയും തിരമാലകളെയും അനുഭവിച്ചറിയാം.
പാറക്കൂട്ടങ്ങള്‍ നിറഞ്ഞ കടലിന്റെ കാഴ്ച വേറിട്ട അനുഭവമാകും. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, ഭിന്നശേഷിക്കാര്‍, ലഹരി ഉപയോഗിച്ചവര്‍ എന്നിവര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ഒരേ സമയം 100 പേര്‍ക്ക് മാത്രമാണ് പ്രവേശനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.