തട്ടിപ്പ് കേസിൽ 13 വർഷം ഒളിവിൽ കഴിഞ്ഞ തളിപ്പറമ്പ് സ്വദേശി പിടിയിൽ
text_fieldsചാലക്കുടി: 13 വർഷമായി ഒളിവിൽ കഴിയുന്ന നിരവധി തട്ടിപ്പ് കേസുകളിലെ പ്രതിയെ കൊരട്ടി പൊലീസ് അറസ്റ്റു ചെയ്തു. 'ധർമേന്ദ്ര ഷാജി'എന്നറിയപ്പെടുന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശി നടയ്ക്കൽ വീട്ടിൽ ഷാജി ജോർജ് (48) ആണ് പിടിയിലായത്. 2008ൽ സി.ഡി.എസ് ഭാരവാഹിയായിരുന്ന വെസ്റ്റ് കൊരട്ടി സ്വദേശിനി സിമി, കൊരട്ടി ചിറ്റാരിക്കൽ സ്വദേശിനി സുശീല എന്നിവരടക്കം നിരവധി പേരിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം ഒളിവിൽ കഴിയുകയായിരുന്നു.
വിവിധ ഗ്രാമപഞ്ചായത്തുകളിലെ വനിത സഹായ സംഘങ്ങളിൽ അംഗങ്ങളായ സ്ത്രീ ഭാരവാഹികളെ കണ്ടെത്തി താൻ 'ന്യൂ ടേൺ ഓർഗാനിക് റിസർച്ച് ആൻഡ് പ്രോഡക്ട് ഡയറക്ടർ'ആണെന്നും പ്ലാസ്റ്റിക് ക്യാരി ബാഗും മറ്റ് ഉൽപന്നങ്ങളും നിർമിക്കുന്നതിനുള്ള കമ്പനി തുടങ്ങുന്നതിന് വിദേശനിർമിത യന്ത്രങ്ങൾ ഇറക്കുമതി ചെയ്ത് തരാമെന്നും വിശ്വസിപ്പിച്ചാണ് പ്രതി പണം തട്ടിയെടുത്തത്. നോർത്ത് ചാലക്കുടിയിൽ ഉൾെപ്പടെ വിവിധ ജില്ലകളിൽ ഇയാൾ തട്ടിപ്പിനായി ഓഫിസ് പ്രവർത്തിപ്പിച്ചിരുന്നു.
തളിപ്പറമ്പ്, കൊരട്ടി, ചാലക്കുടി, എറണാകുളം, ആലുവ എന്നിവിടങ്ങളിൽ തട്ടിപ്പ് കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് പൊലീസ് അന്വേഷണമാരംഭിച്ചപ്പോൾ ഇയാൾ ഡൽഹിയിലേക്ക് കടക്കുകയായിരുന്നു. എട്ട് വർഷത്തോളം ധർമേന്ദ്ര ഷാജി എന്ന പേരിൽ പ്രതി ഡൽഹിയിൽ താമസിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ബിരുദാനന്തര ബിരുദധാരിയായ ഇയാൾ ഇംഗ്ലീഷ്, ഹിന്ദി ഉൾെപ്പടെ വിവിധ ഭാഷകൾ അനായാസം കൈകാര്യം ചെയ്യും. ഒളിവിൽ കഴിഞ്ഞിരുന്ന ആലുവക്കു സമീപം കടുങ്ങല്ലൂരിലെ ഫാം ഹൗസിൽനിന്നാണ് ഇയാളെ പിടികൂടിയത്. പൊലീസിനെ കണ്ട് സമീപത്തെ പുഴയിൽ ചാടി നീന്തി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി കീഴടക്കുകയായിരുന്നു.
തൃശൂർ ജില്ല പൊലീസ് മേധാവി ജി. പൂങ്കുഴലിയുടെ നിർദേശപ്രകാരം നടത്തിയ 'ഓപറേഷൻ ആഗസ്റ്റ്'എന്ന പ്രത്യേക പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിെൻറ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കൊരട്ടി എച്ച്.എസ്.ഒ ബി.കെ. അരുൺ, എസ്.ഐമാരായ സി.കെ. സുരേഷ്, സി.ഒ. ജോഷി, സ്പെഷൽ ബ്രാഞ്ച് എ.എസ്.ഐ മുരുകേഷ് കടവത്ത്, സീനിയർ സി.പി.ഒമാരായ ജിബിൻ വർഗീസ്, വി.ആർ. രഞ്ജിത്ത്, സജീഷ് കുമാർ എന്നിവരാണ് പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.