'കുട്ടി' നേതാക്കൾ @ കണ്ണൂർ
text_fieldsകണ്ണൂർ: ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിൽ 'കുട്ടി' നേതാക്കളും സജീവമാണ്. യുവാക്കളുടെ പ്രാതിനിധ്യത്തിന് മുന്നണികൾ കൂടുതൽ പരിഗണന നൽകിയതോടെയാണ് വിദ്യാർഥികളും വിദ്യാർഥി സംഘടനാ നേതാക്കളും കന്നി അങ്കത്തിനായി മത്സരത്തിനിറങ്ങിയത്.
പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ തലങ്ങളിൽ യുവനിര സജീവമാണ്. എം.എസ്.എഫ്, എസ്.എഫ്.െഎ വിദ്യാർഥി സംഘടന നേതാക്കൾ തെരഞ്ഞെടുപ്പ് കളത്തിലുണ്ട്. കൂടുതൽ പേരും എം.എസ്.എഫിൽനിന്നാണ്. ഇതിൽ ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ മത്സരാർഥി എം.എസ്.എഫ് പ്രവർത്തകയും യു.ഡി.എഫ് സ്ഥാനാർഥിയുമായ നഹല ബഷീറാണ്. പാനൂർ നഗരസഭയിലാണ് ഇൗ 21കാരി കന്നിയങ്കത്തിനിറങ്ങുന്നത്.
അസ്മിന അഷ്റഫ്: ഹരിത ജില്ല പ്രസിഡൻറും എം.എസ്.എഫ് പ്രവർത്തകയുമായ 23കാരി അസ്മിന അഷ്റഫ് യു.ഡി.ഫിൽ ജില്ല പഞ്ചായത്തിലേക്കാണ് മത്സരിക്കുന്നത്. പരിയാരം ഡിവിഷനിലാണ് ജനവിധി തേടുന്നത്. കോമേഴ്സിൽ പി.ജി ബിരുദധാരിയായ അസ്മിന തളിപ്പറമ്പ് സർ സയ്യിദ് ഇൻസ്റ്റിറ്റ്യൂട്ടിൽ അസി. പ്രഫസറാണ്.
ഷബ്നം: പാനൂർ നഗരസഭയിലെ 16ാം വാർഡിലാണ് എൽ.ഡി.എഫ് സ്ഥാനാർഥിയായി ഷബ്നം കന്നിയങ്കത്തിനിറങ്ങുന്നത്. ബിരുദാനന്തര ബിരുദത്തിനു ശേഷം ബി.എഡ് ചെയ്യുന്നു. കരാേട്ടയിൽ ബ്ലാക്ക് ബെൽറ്റുമുണ്ട്. എസ്.എഫ്.ഐ ജില്ല കമ്മിറ്റി അഗമായിരുന്നു. നിലവിൽ ഡി.വൈ.എഫ്.ഐ പാനൂർ ബ്ലോക്ക് കമ്മിറ്റി അംഗമാണ് ഇൗ 24കാരി. മാഹി ശ്രീനാരായണ കോളജിൽ ബി.എഡ് വിദ്യാർഥിനിയാണ്.
കെ. നന്ദന: 23കാരിയായ കെ. നന്ദനയാണ് കുന്നോത്ത്പറമ്പ് 19ാം വാർഡ് സ്ഥാനാർഥി. ബി.എഡ് വിദ്യാർഥിനിയായ നന്ദന കോൺഗ്രസ് അനുഭാവിയാണ്.
നഹ്ല: കല്യാശ്ശേരി ബ്ലോക്ക് ഏഴോം ഡിവിഷൻ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത് 23കാരിയായ നഹ്ല സഹീദാണ്. എം.എസ്.എഫ് ഹരിത ജില്ല വൈസ് പ്രസിഡൻറായ നഹ്ല എം.എ ഇംഗ്ലീഷിൽ ബിരുദാനന്തരബിരുദ വിദ്യാർഥിനിയാണ്.
കെ.പി. അജ്മൽ: എം.എസ്.എഫ് പേരാവൂർ മണ്ഡലം പ്രസിഡൻറായ കെ.പി. അജ്മൽ ആറളം പഞ്ചായത്തിൽനിന്നാണ് ജനഹിതം തേടുന്നത്. 14ാം വാർഡായ പെരുംപഴശ്ശിയിലാണ് അധ്യാപകൻ കൂടിയായ ഇൗ യുവാവ് മത്സരിക്കുന്നത്. ബി.എ സോഷ്യോളജി, ഡി.എഡ് എന്നിവയിൽ ബിരുദധാരിയാണ്. ആറളം കൊട്ടവാളം സ്വദേശിയാണ് ഇൗ 24കാരൻ.
സി.കെ. ഉനൈസ്: കാമ്പസ് ഫ്രണ്ട് ജില്ല പ്രസിഡൻറായ സി.കെ. ഉനൈസ് ഇരിട്ടി നഗരസഭയിൽ എസ്.ഡി.പി.െഎ സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്. നഗരസഭ 28ാം വാർഡായ ചാവശ്ശേരി ടൗണിൽനിന്നാണ് ഇൗ 22കാരൻ ജനവിധി തേടുന്നത്.
മുഹമ്മദ് അജിനാസ്: ഇംഗ്ലീഷ് ബിരുദധാരിയും നരയംപാറ സ്വദേശിയുമായ 24കാരൻ മുഹമ്മദ് അജിനാസ് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായാണ് മത്സരിക്കുന്നത്. ഇരിട്ടി മുനിസിപ്പാലിറ്റിയിലെ 19ാം വാർഡ് ഉളിയിൽ ടൗണിൽനിന്നാണ് ജനവിധി തേടുന്നത്.
എം.കെ. ഹസൻ: എസ്.എഫ്.െഎ ജില്ല ൈവസ് പ്രസിഡൻറായ എം.കെ. ഹസൻ തലശ്ശേരി നഗരസഭയിലെ ചേറ്റംകുന്ന് വാർഡിൽനിന്നാണ് മത്സരിക്കുന്നത്. പാലയാട് സ്കൂൾ ഒാഫ് ലീഗൽ സ്റ്റഡീസിൽ എൽഎൽ.എം രണ്ടാം വർഷ വിദ്യാർഥിയാണ് ഇൗ 25 കാരൻ.
ഭരത് ഡി. പൊതുവാൾ: 23 കാരനായ ഭരത് ഡി. പൊതുവാൾ പയ്യന്നൂർ നഗരസഭയിലെ യു.ഡി.എഫ് സ്ഥാനാർഥിയാണ്. കോൺഗ്രസ് പ്രവർത്തകനായ ഭരത് 26ാം വാർഡിൽനിന്നാണ് ജനവിധി തേടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.