അപകടം പതിവായി യൂത്ത് ജങ്ഷൻ
text_fieldsമുഴപ്പിലങ്ങാട്: മുഴപ്പിലങ്ങാട് യൂത്ത് ജങ്ഷനിൽ വാഹനാപകടം പതിവാകുന്നു. ഇതിനകം മൂന്നുപേരുടെ ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം ആംബുലൻസ് ഓട്ടോയിൽ ഇടിച്ച് ഓട്ടോഡ്രൈവർ കൂത്തുപറമ്പ് മാനന്തേരി സ്വദേശി ഇസ്മയിൽ (52) മരിച്ചതാണ് ഒടുവിലത്തെ സംഭവം. കഴിഞ്ഞ സെപ്റ്റംബറിൽ ഇവിടെ മേൽപാലത്തിന് സമീപത്ത് പിക്ക് അപ് വാൻ ബൈക്കിലിടിച്ച് മുഴപ്പിലങ്ങാട് സ്വദേശി യൂസുഫും (48) കഴിഞ്ഞ ഡിസംബറിൽ യൂത്ത് ജങ്ഷനിൽ ലോറിയപകടത്തെ തുടർന്ന് വയനാട് സ്വദേശിയായ ഡ്രൈവർ എ.സി. സുബൈറും (49) മരിച്ചിരുന്നു.
മുഴപ്പിലങ്ങാട് മഠത്തിനടുത്ത് നിന്നും തലശ്ശേരി ഭാഗത്തേക്ക് കടക്കുന്ന സർവിസ് റോഡ് തുടങ്ങുന്നിടത്തെ കുണ്ടും കുഴിയും ചളിയും കാരണം ലിമിറ്റഡ് ബസ് ഉൾപ്പെടെ വലിയ വാഹനങ്ങൾ വൺവേ തെറ്റിച്ചാണ് പോകുന്നത്. ഇത് അപകടത്തിന് കാരണമാവുകയാണ്. കണ്ണൂരിലേക്ക് പോകേണ്ട വാഹനങ്ങൾ പോകുന്ന ഇടുങ്ങിയ വൺവേ ലൈനായ സർവിസ് റോഡിലൂടെ തലശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വൺവേ തെറ്റിച്ച് അമിത വേഗത്തിൽ വരുന്നത് പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു.
കഴിഞ്ഞ ദിവസം ആംബുലൻസ് അപകടത്തിൽപ്പെടാനുള്ള പ്രധാന കാരണവും വൺവേ തെറ്റിച്ചുള്ള അമിത വേഗമാണെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. പൊലീസ് നടപടിയില്ലെങ്കിൽ ഇനിയും അപകടങ്ങൾ ആവർത്തിക്കുമെന്നാണ് നാട്ടുകാർ പറയുന്നത്.
തലശ്ശേരിയിലേക്ക് പോകുന്ന വലിയ വാഹനങ്ങൾ സർവിസ് റോഡിൽ നിന്നും പ്രധാന പാതയിലേക്ക് കടക്കുന്നത് ദേശീയ പാതയിലൂടെ പോകുന്ന വാഹനങ്ങളുടെ ശ്രദ്ധയിൽ പെടുന്ന രീതിയിൽ സിഗ്നൽ സംവിധാനമില്ലാത്തതും അപകട സാധ്യതക്ക് കാരണമാകുകയാണ്. ഇതൊക്കെ മുൻ നിർത്തി വേണ്ട മുന്നൊരുക്കങ്ങൾ നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. നിരവധി തവണ വിഷയം അധികൃതരെ ഉണർത്തിയെങ്കിലും കൃത്യമായ നടപടികൾ കൈക്കൊള്ളാത്തതിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നു വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.