ആദ്യ ബോംബ് പൊട്ടിയില്ല, രണ്ടാംബോംബിൽ ജിഷ്ണുവിന്റെ തലയോട്ടി പൊട്ടിച്ചിതറി; പട്ടാപ്പകൽ ഭീകരാന്തരീക്ഷത്തിൽ ഞെട്ടിവിറച്ച് തോട്ടട
text_fieldsകണ്ണൂര്‍: നിമിഷങ്ങൾ കൊണ്ടാണ് വിവാഹാഘോഷത്തിന്റെ ആഹ്ലാദാന്തരീക്ഷം കൊലപാതകത്തിന്റെയും ഭയത്തിന്റെയും കാർമേഘത്തിലേക്ക് മാറിയത്. പട്ടാപ്പകൽ കല്യാണവീട്ടിൽ ആളുകൾ കൂട്ടംകൂടി നിൽക്കെ വാനിൽ ബോംബുമായെത്തിയ സംഘം ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ആക്രമണം നടത്തുകയായിരുന്നു. സംഭവത്തിൽ തലയോട്ടി പൊട്ടിച്ചിതറി ദാരുണമായി കൊല്ലപ്പെട്ടത് അക്രമിസംഘത്തിലെ യുവാവ് തന്നെയാണെന്ന് പൊലീസും നാട്ടുകാരും പറയുന്നു.
കല്ല്യാണവീട്ടില്‍ കഴിഞ്ഞദിവസം രാത്രി നടന്ന സംഗീതപരിപാടിക്കിടെ ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാവുകയും നാട്ടുകാർ പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിന്റെ പകയടങ്ങാതെ ഒരുസംഘം ബോംബുമായി വിവഹദിനമായ ഇന്ന് വീണ്ടും എത്തുകയായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തോട്ടടയിലെ മനോരമ ഓഫിസിന് സമീപം കല്ല്യാണവീടിനോട് ചേർന്നാണ് അക്രമമുണ്ടായത്. കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി ജിഷ്ണു (26) വാണ് കൊല്ലപ്പെട്ടത്. അക്രമിസംഘം എതിർസംഘത്തിനെതിരെ ആദ്യമെറിഞ്ഞ നാടൻ ബോംബ് പൊട്ടിയിരുന്നില്ല. രണ്ടാമതെറിഞ്ഞ ബോംബ് ജിഷ്ണുവിന്റെ തലയിൽകൊണ്ട് പൊട്ടുകയായിരുന്നു. സ്ഫോടനത്തിൽ തലയോട്ടി പൊട്ടിച്ചിതറിയ ജിഷ്ണു തൽക്ഷണം അവിടെത്തന്നെ കൊല്ലപ്പെട്ടു. ശരീരഭാഗങ്ങൾ മീറ്ററുകൾ അകലെ വരെ ചിന്നിച്ചിതറിയിരുന്നു. മണിക്കൂറുകൾ കഴിഞ്ഞാണ് മൃതദേഹം അവിടെനിന്ന് മാറ്റിയത്.
സ്‌ഫോടനത്തില്‍ ഹേമന്ത്, രജിലേഷ്, അനുരാഗ് എന്നിവർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിൽ ഒരാളുടെ പരിക്ക് ഗുരുതരമാണ്.
ഞായറാഴ്ച രാവിലെ ചാലാട് വധൂഗൃഹത്തില്‍വെച്ചായിരുന്നു വിവാഹം. വിവാഹച്ചടങ്ങ് കഴിഞ്ഞ് വരനും വധുവും അടക്കമുള്ള വിവാഹപാര്‍ട്ടി വീട്ടിലേക്ക് ആഘോഷമായി വരുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായത്. സംഭവസ്ഥലത്തുനിന്ന് പൊട്ടാത്ത മറ്റൊരു ബോംബ് കണ്ടെടുത്തു.
പരേതനായ ബാലകണ്ടി മോഹനനൻ, ശ്യാമള ദമ്പതികളുടെ മകനാണ് കൊല്ലപ്പെട്ട ജിഷ്ണു. സഹോദരൻ: മേഘുൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.