കാസർകോട്ട് 'എയിംസ്' പോരാട്ടത്തിന് തുടക്കം
text_fieldsകാസർകോട്: എൻഡോസൾഫാൻ, കോവിഡ് പശ്ചാത്തലത്തിൽ ജില്ലയിലെ ചികിത്സാരംഗത്തിന് താങ്ങാകാൻ കേരളത്തിനു അനുവദിക്കേണ്ട എയിംസ് (ഒാൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) കാസർകോട്ടുതന്നെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രത്യക്ഷ കാമ്പയിന് തുടക്കം.
ജില്ലയിെല വിവിധ ഭാഗങ്ങളിലായി നൂറിലധികം കേന്ദ്രങ്ങളിൽ നടന്ന കൂട്ടായ്മകളിൽ ആയിരക്കണക്കിനാളുകൾ അണിനിരന്നു. വാട്സ്ആപ് കൂട്ടായ്മായി രൂപം കൊണ്ട ആക്ഷൻ കമ്മിറ്റി ആദ്യമായാണ് പ്രത്യക്ഷ കാമ്പയിനുമായി രംഗത്തുവന്നത്.
നിരവധി സംഘടനകൾ വിവിധ സ്ഥലങ്ങളിൽ അണിനിരന്നു. എൻഡോസൾഫാൻ വിരുദ്ധ ജനമുന്നേറ്റത്തിനുശേഷം നടന്ന മികച്ച ജനകീയ മുന്നേറ്റമായി എയിംസ് കാമ്പയിൻ മാറി. എം.എൽ.എമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, മറ്റ് ജനപ്രതിനിധികൾ, സാംസ്കാരിക നായകന്മാർ, വിദ്യാഭ്യാസ പ്രവർത്തകർ എന്നിവരുടെ പൊതുവേദിയായി എയിംസിനുവേണ്ടിയുള്ള പോരാട്ടം മാറി.
കാഞ്ഞങ്ങാട്ട് സംഘടിപ്പിച്ച എയിംസ് വിളംബര കാമ്പയിൻ നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. ജില്ലയിൽ എയിംസ് സ്ഥാപിക്കാനുള്ള തീരുമാനമെടുക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാറുകൾ തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഡോ. സി. ബാലൻ അധ്യക്ഷത വഹിച്ചു. എ. വേലായുധൻ, ഡോ. അംബികാസുതൻ മാങ്ങാട്, ഡോ. അശോകൻ, എ. ദാമോദരൻ, ഫാ. ജോസഫ് ഒറ്റപ്പാക്കൽ, ഹംസ പാലക്കി, സിസ്റ്റർ ജയ, സിജോ അമ്പാട്ട്, പ്രേമചന്ദ്രൻ ചോമ്പാല എന്നിവർ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണൻ സ്വാഗതവും അഡ്വ. നിസാം നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.