മിൽമ ക്ഷീരകർഷകരെ ചൂഷണം ചെയ്യുന്നുവെന്ന് ആക്ഷേപം
text_fieldsകാസർകോട്: കേരളത്തിലെ പൊതുമേഖല സ്ഥാപനമായ മിൽമ പരിധിവിട്ട് ചൂഷണം ചെയ്തുകൊണ്ടിരിക്കുന്നുവെന്ന് ക്ഷീരകർഷകർ.
ഒരു ലിറ്റർ പാലിൽനിന്ന് മിൽമ 150 രൂപയോളം ഉണ്ടാക്കുേമ്പാൾ കർഷകന് ലഭിക്കുന്നത് 35 രൂപ മാത്രമാണ്. പാലിൽ നിന്നുണ്ടാക്കുന്ന ഉപോൽപന്നങ്ങളായ നെയ്യ്, തൈര്, മോര്, പേട, പനീർ മുതലായവയിൽ നിന്നും മിൽമക്കുണ്ടാവുന്ന ലാഭത്തിെൻറ വിഹിതം കർഷകർക്ക് ലഭിക്കുന്നില്ലെന്ന് കർഷക കൂട്ടായ്മ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ക്ഷീരകർഷകർക്ക് ലഭിക്കുന്ന, ലിറ്ററിന് 35 രൂപയെന്നുള്ളത് ഏറെ അധ്വാനം സഹിച്ചുള്ളതാണ്.
അടുത്തകാലത്തായി കാലിത്തീറ്റയുടെ വിലയിൽ വന്ന വർധന രണ്ടിരട്ടിയും മൂന്നിരട്ടിയുമാണ്. 30 രൂപ ഉണ്ടായിരുന്ന കടലപ്പിണ്ണാക്കിന് 50 രൂപയും 17 രൂപയുണ്ടായിരുന്ന പരുത്തിപ്പിണ്ണാക്കിന് 35 രൂപയുമാണ്. അങ്ങനെ ഓരോ കാലിത്തീറ്റ ഉൽപന്നത്തിെൻറയും വില വർധിപ്പിച്ചിട്ടുകൂടി മിൽമ എന്ന പൊതുമേഖല സ്ഥാപനത്തിെൻറ കണ്ണ് തുറന്നിട്ടില്ല.
ഇതിനെതിരെ ക്ഷീരകർഷകരെ സംഘടിപ്പിച്ചുകൊണ്ട് മിൽമയുടെ മുന്നിൽ ധർണ നടത്താൻ ജില്ലയിലെ ക്ഷീരകർഷകർ നിർബന്ധിതമായിരിക്കുന്നു. ഇത് കേരളത്തിൽ അങ്ങോളമിങ്ങോളം പടർന്ന് ക്ഷീരകർഷകർ അവരുടെ ന്യായമായ അവകാശം നേടിയെടുക്കുന്ന ദിവസങ്ങൾ വിദൂരമല്ല.
വളർത്തുന്ന പശുവിനെ ഒരു ദിവസം കറന്നില്ലെങ്കിൽ ക്ഷീരകർഷകർക്ക് മറ്റ് പോംവഴിയുമില്ലെന്നത് അറിഞ്ഞുകൊണ്ട് നടത്തുന്ന ഈ ചൂഷണം എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനുള്ള നടപടി മിൽമയുടെ ഭാഗത്തുനിന്ന് ഉണ്ടാകണം.
ക്ഷീരകർഷകർക്ക് ഒരുലിറ്റർ പാലിന് 35 രൂപയിൽ നിന്ന് 75 രൂപയെങ്കിലുമായി നിജപ്പെടുത്തിക്കൊടുക്കണമെന്ന് കർഷകരായ കെ.കെ. നാരായണൻ(കരിന്തളം), സിദ്ദീഖ്(പെർള), ഹംസ(തെക്കിൽ), രാജു എബ്രഹാം (ചാമക്കുഴി), രാജൻ എന്നിവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.