കോവിഡ് കാല കാസര്‍കോടന്‍ മാതൃകകള്‍ക്ക് തിളക്കമേറുന്നു
text_fieldsകാസർകോട്: കോവിഡ് നിര്‍വ്യാപനത്തിനായി കാസര്‍കോട് ജില്ല ഭരണ സംവിധാനം അവതരിപ്പിച്ച മാതൃകക്ക് വീണ്ടും സംസ്ഥാനതലത്തില്‍ വന്‍ സ്വീകാര്യത. നമ്മുടെ ഓണത്തിന് നമ്മുടെ നാട്ടിലെ പൂക്കള്‍ എന്ന ആശയമാണ് ഒടുവില്‍ സംസ്ഥാനതലത്തില്‍ നടപ്പാക്കുന്നത്.
ജില്ലതല കൊറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവാണ് ഈ ആശയം അവതരിപ്പിച്ചത്. കോവിഡ് രോഗവ്യാപനം രൂക്ഷമായ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികളുടെ ഭാഗമായാണ് ഈ കാമ്പയിന്.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് വരുന്ന പൂക്കള്‍ വഴിയുള്ള കോവിഡ് വ്യാപനം തടയുകയാണ് കാമ്പയിെൻറ ലക്ഷ്യം. കമ്മിറ്റി ഈ തീരുമാനം അംഗീകരിച്ചതോടെ ബുധനാഴ്ച വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയന് വിളിച്ചുചേര്‍ത്ത ജില്ല ഭരണാധികാരികളുടെ യോഗത്തില്‍ കലക്ടര്‍ ഈ നിര്‍ദേശം അവതരിപ്പിക്കുകയും സംസ്ഥാന തലത്തില്‍ അത് നടപ്പാക്കുന്നതിന് മുഖ്യമന്ത്രി തീരുമാനം അറിയിക്കുകയുമായിരുന്നു.
നാടിെൻറ രക്ഷയായ മാതൃകകൾ
കോവിഡ് വ്യാപനം രൂക്ഷമായിരുന്ന രണ്ടാംഘട്ടത്തില്‍ തീവ്രതയേറിയ ജില്ലയിലെ ഏഴ് പഞ്ചായത്തുകളില്‍ ട്രിപ്പ്ള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തി. രോഗവ്യാപന തോത് കുറക്കാന്‍ നടപ്പാക്കിയ പദ്ധതിക്ക് സംസ്ഥാനതലത്തില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ജില്ലയുടെ സുരക്ഷ ചുമതലയുണ്ടായിരുന്ന ഐ.ജി വിജയ് സാഖറെയുടെ നേതൃത്വത്തില്‍ ആണ് അന്ന് ഈ പദ്ധതി ജില്ലയില്‍ നടപ്പാക്കിയത്.
സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സമയത്ത്, വീടുകളില്‍നിന്ന് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നവര്‍ക്കായി ജില്ല പൊലീസ് കാര്യാലയത്തിെൻറ നേതൃത്വത്തില്‍ നടപ്പാക്കിയ അവശ്യസാധനങ്ങള്‍ വീട്ടുപടിക്കല്‍ എത്തിക്കുന്ന പദ്ധതിയും ജില്ലയില്‍ വിജയമായിരുന്നു.
തുടര്‍ന്ന് മറ്റു പല ജില്ലകളും ഈ പദ്ധതി അനുകരിച്ചു. സ്പെഷല്‍ ഓഫിസര്‍ അല്‍കേഷ് കുമാര്‍ ശര്‍മയുടെ നേതൃത്വത്തില്‍ എല്ലാ വകുപ്പുകളേയും ഒരു കുടക്കീഴില് അണിനിരത്തി നടപ്പാക്കിയ കെയര്‍ ഫോര്‍ കാസര്‍കോട് പദ്ധതിയും കേന്ദ്ര സര്‍ക്കാറിെൻറ അടക്കം പ്രശംസ പിടിച്ചുപറ്റി.
കോവിഡ് വ്യാപനത്തിെൻറ മൂന്നാംഘട്ടത്തില്‍ ജില്ലയില്‍ നടപ്പാക്കിയ മാഷ് പദ്ധതിയാണ് പ്രശംസ നേടിയ മറ്റൊരു പദ്ധതി. ഈ പദ്ധതി പ്രകാരം കോവിഡ് നിര്‍വ്യാപന ബോധവത്കരണത്തിനായി ജില്ലയിലെ മുഴുവന്‍ വാര്‍ഡുകളിലും അധ്യാപകരെ നിയമിച്ചു. മാസ്ക്, സാനിറ്റൈസര്‍ എന്നിവ ഉപയോഗിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും പൊതുജനങ്ങളെ ഈ അധ്യാപകര്‍ നിരന്തരം ബോധവത്കരിച്ചുകൊണ്ടിരിക്കുന്നു. കോവിഡ് നിയന്ത്രണ നിയമലംഘനം കണ്ടാല്‍, അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യുന്നതാണ് മാഷ് പദ്ധതി.
കോവിഡ് സ്ഥിരീകരിച്ചവരെ സ്വഭവനങ്ങളില്‍തന്നെ ചികിത്സിക്കുന്ന ആരോഗ്യവകുപ്പിെൻറ പദ്ധതിയും കാസര്‍കോട് ജില്ല ഭരണസംവിധാനമാണ് ആദ്യമായി ഏറ്റെടുത്ത് നടപ്പാക്കിയത്. ഇങ്ങനെ 150ലേറെ രോഗികളാണ് ജില്ലയില്‍ വീടുകളില്‍തന്നെ ചികിത്സയിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.