അടുപ്പത്ത് െവച്ചപ്പോൾതന്നെ തിളച്ചുതുടങ്ങിയ മഞ്ചേശ്വരം
text_fieldsകാസർകോട്: അടുപ്പത്ത് െവച്ചപ്പോഴേ തിളച്ചുതൂവിയ അടുപ്പിെൻറ അവസ്ഥയിലേക്ക് നീങ്ങുകയാണ് മഞ്ചേശ്വരം. ബി.ജെ.പി സംസ്ഥാന കമ്മിറ്റി മഞ്ചേശ്വരത്ത് ആദ്യം തീരുമാനിച്ച സ്ഥാനാർഥി ജില്ല പ്രസിഡൻറ് അഡ്വ. കെ. ശ്രീകാന്ത്. സി.പി.എം പ്രഖ്യാപിച്ചതാകെട്ട ജില്ല സെക്രേട്ടറിയറ്റ് അംഗം മഞ്ചേശ്വരത്തുകാരൻ കെ.ആർ. ജയാനന്ദ. മഞ്ചേശ്വരത്തിെൻറ മണ്ണിൽ നിന്നുതന്നെ യു.ഡി.എഫ് സ്ഥാനാർഥിയായി എം.കെ.എം. അഷ്റഫും പ്രഖ്യാപിക്കപ്പെട്ടു.
പേര് വന്നതിനു തൊട്ടുപിന്നാലെ ജയാനന്ദക്കെതിരെ പാർട്ടി അനുഭാവികളുടേതെന്ന പേരിൽ പോസ്റ്റർ വന്നു. ഉടൻ സി.പി.എം യോഗം ചേർന്ന് മണ്ഡലത്തിനു പുറത്തുനിന്ന് സി.പി.എം ജില്ല കമ്മിറ്റിയംഗം വി.വി. രമേശെൻറ പേര് പ്രഖ്യാപിച്ചു. ഇതോടെ ബി.ജെ.പി ശ്രീകാന്തിനെ പിൻവലിച്ചു. കോന്നിയിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച കെ. സുരേന്ദ്രൻ മഞ്ചേശ്വരത്ത് ഹെലികോപ്ടറിൽ വന്നിറങ്ങി. മഞ്ചേശ്വരം ചൂടുപിടിക്കാൻ ഇൗ സമാരംഭ ചടങ്ങുകൾതന്നെ ധാരാളം. എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ അണികൾ ഇതിെൻറ അന്തർധാരകളുടെ അന്വേഷണത്തിലാണ്.
അയഞ്ഞ ത്രികോണ മത്സരത്തിലേക്ക് പോയിരുന്ന മണ്ഡലം സ്ഥാനാർഥികളുടെ പേരുവന്നപ്പോഴാണ് തിളച്ചുതുടങ്ങിയത്. മണ്ഡലത്തിനു പുറെത്ത പ്രഗത്ഭരെ രംഗത്തിറക്കിയിരുന്ന ലീഗ് ഇത്തവണ മണ്ഡലത്തിലെ തന്നെ എ.കെ.എം. അഷ്റഫിനു ടിക്കറ്റ് നൽകി. 2016ൽ പി.ബി. അബ്ദുറസാഖ് നേടിയ 89 വോട്ട് ഭൂരിപക്ഷമല്ല, ഉപതെരഞ്ഞെടുപ്പിലെ 7923 വോട്ടിെൻറ ഭൂരിപക്ഷവും ലോക്സഭയിൽ മഞ്ചേശ്വരത്ത് ലഭിച്ച 11,113 വോട്ടിെൻറ ഭൂരിപക്ഷവുമാണ് യു.ഡി.എഫ് ബലം. എന്നും ജില്ലയിലെ 'തെക്കരെ' മാത്രം വിജയിപ്പിച്ച ലീഗ് അണികൾക്ക് സ്വന്തക്കാരനെ കിട്ടിയ ആവേശമാണ്. ഉപതെരഞ്ഞെടുപ്പിലൂടെ വന്ന മുൻ എം.എൽ.എ എം.സി. ഖമറുദ്ദീെൻറ കേസ് യു.ഡി.എഫിനെതിരെ പ്രചാരണരംഗത്തുണ്ടാകും.
പ്രതീക്ഷ നഷ്ടപ്പെട്ട് കളംവിട്ട കെ. സുരേന്ദ്രെൻറ മൂന്നാം അങ്കത്തിനുള്ള തിരിച്ചുവരവാണ് മഞ്ചേശ്വരത്തെ ശ്രദ്ധേയമാക്കുന്നത്. കൂടെ കർണാടക, കേന്ദ്ര ഭരണങ്ങൾ തുണയാകുമോയെന്നതും കണ്ടറിയണം. ഭാഷാന്യൂനപക്ഷ വിഭാഗത്തിലെ സ്ഥാനാർഥിയെ പോസ്റ്ററിെൻറ പേരിൽ പിൻവലിച്ചത് എൽ.ഡി.എഫിനു വിനയാകും. തദ്ദേശ തെരഞ്ഞെടുപ്പിലെ ക്ഷീണം യു.ഡി.എഫിനും അതിലെ നേട്ടം എൽ.ഡി.എഫിനുമുണ്ട്. പിന്നെ, കെ. സുരേന്ദ്രൻ ആരെ വിശ്വസിച്ചാണ് വീണ്ടും മത്സരിക്കുന്നതെന്നത് ചോദ്യമാണ്. ബി.ജെ.പി യുടെ സംഘടനാശേഷി സംസ്ഥാന പ്രസിഡൻറിനുവേണ്ടി ഒരിക്കൽക്കൂടി മഞ്ചേശ്വരത്തേക്ക് കൊണ്ടുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.