ബേബി ഇനി 'ബേബി'യല്ല; വലിയ പ്രസിഡൻറ്
text_fieldsനീലേശ്വരം: രാജ്യത്തെ തന്നെ മികച്ച ഗ്രാമ പഞ്ചായത്ത് വനിത പ്രസിഡൻറുമാരിൽ ഒരാളായി പേരെടുത്ത മടിക്കൈയിലെ പി. ബേബി ബാലകൃഷ്ണൻ ഇനി ജില്ല പഞ്ചായത്ത് പ്രസിഡൻറാകും.ബി.എഡ് വിദ്യാർഥിനിയായിരിക്കെ 1995ലാണ് മടിക്കൈയിൽ ആദ്യത്തെ വനിത പഞ്ചായത്ത് പ്രസിഡൻറായി ചുമതലയേറ്റത്. 1998ലാണ് സംസ്ഥാനത്ത് കുടുംബശ്രീ ആരംഭിച്ചതെങ്കിലും അതിന് മുമ്പുതന്നെ ഇതിന് മാതൃകയായി മടിക്കൈയിൽ ബേബിയുടെ നേതൃത്വത്തിൽ ഗ്രാമശ്രീ പദ്ധതി നടപ്പിലാക്കിയിരുന്നു. 2004ൽ ഇന്ത്യയിലെ മികച്ച പഞ്ചായത്ത് പ്രസിഡൻറായി ബേബിയെ തെരഞ്ഞെടുത്തു.
ഇന്ത്യയിലെ ഗ്രാമ പഞ്ചായത്ത് ഭരണത്തെക്കുറിച്ച് ബംഗ്ലാദേശിൽ ക്ലാസെടുക്കാൻ തിരഞ്ഞെടുക്കപ്പെട്ട രാജ്യത്തെ 11പേരിൽ ഒരാൾ കൂടിയാണ് ബേബി. രണ്ട് തവണ പഞ്ചായത്ത് പ്രസിഡൻറ് പദവിയിലിരുന്നപ്പോഴും സർക്കാറിെൻറ പുരസ്കാരങ്ങൾ ലഭിച്ചു. 2010ൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായപ്പോൾ, കരാറുകാരെ ഒഴിവാക്കി നിർമാണ പ്രവർത്തനങ്ങൾ ഗുണഭോക്തൃസമിതിക്ക് ഏൽപിച്ചത് ബേബിയുടെ ഭരണതന്ത്രമായിരുന്നു. കുറച്ച് വർഷം വിവിധ ഹയർ സെക്കൻഡറി സ്കൂളുകളിൽ അധ്യാപികയായി പ്രവർത്തിച്ചു.
മുമ്പ് യു.ഡി.എഫ് ഭരണകാലത്ത് ലോക ബാങ്കിെൻറ തദ്ദേശ മിത്രം പദ്ധതി വന്നപ്പോൾ ജില്ല കോഒാഡിനേറ്ററായി ജോലി ചെയ്തിരുന്നു. ജുവൈനൽ ജസ്റ്റിസ് ബോർഡ് അംഗം, സി.പി.എം ജില്ല കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിക്കുന്നു. സുതാര്യവും വികസനോന്മുഖവുമായ ഭരണം കാഴ്ചവെക്കാൻ ബേബിയുടെ നേതൃത്വത്തിലുള്ള ജില്ല പഞ്ചായത്ത് ഭരണസമിതിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.