നടുക്കം മാറാതെ ചെറുവത്തൂർ
text_fieldsചെറുവത്തൂർ: ബുധനാഴ്ച ചെറുവത്തൂരുകാരെ സംബന്ധിച്ച് കറുത്ത ദിനമായിരുന്നു. അച്ഛനും രണ്ടു മക്കളും അടങ്ങുന്ന ഒരു കുടുംബത്തിലെ മൂന്നുപേരുടെ വേർപാട് നാട്ടുകാരെ സംബന്ധിച്ചിടത്തോളം അവിശ്വസനീയമായ കാര്യമായിരുന്നു. കൊലപാതകമെന്ന സംശയത്തിലേക്ക് വിരൽചൂണ്ടുന്ന ഈ മരണം നാടിനെ നടുക്കത്തിലാഴ്ത്തി. ചെറുവത്തൂർ റെയിൽവേ സ്റ്റേഷനു സമീപം മടിക്കുന്നിൽ പുതുതായി നിർമിക്കുന്ന വീട്ടിനകത്താണ് അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. പിലിക്കോട് മടിവയിലെ ഓട്ടോ തൊഴിലാളി രൂപേഷിനെ (37) തൂങ്ങിമരിച്ച നിലയിലും മക്കളായ വൈദേഹി (10), ശിവനന്ദ് (6) എന്നിവരെ മുറിയിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
മദ്യലഹരിയിൽ നടന്ന കൊലപാതകവും ആത്മഹത്യയുമാണിതെന്ന് നാട്ടുകാർ പറഞ്ഞു. സമാധാനത്തിൽ കഴിയുന്ന പ്രദേശത്ത് അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തത്തിെൻറ ഞെട്ടലിലാണ് നാട്. വീടിെൻറ ഹാളിൽ കൂട്ടിയിട്ട മണലിൽ മുഖം താഴ്ത്തിയ നിലയിൽ മക്കളുടെ മൃതദേഹവും രണ്ടാം നിലയിൽ പ്ലാസ്റ്റിക് കയറിയിൽ തൂങ്ങിയ നിലയിൽ രൂപേഷിൻെറ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
പുതുതായി നിർമിക്കുന്ന വീടിെൻറ ഹാളിനകത്ത് കൂട്ടിയ മണലിൽ മുഖം അമർത്തിയ നിലയിലാണ് കുട്ടികളുടെ മൃതദേഹം കാണപ്പെട്ടത്. ഓടിയെത്തിയവരുടെ കരളലിയിപ്പിക്കുന്നതായിരുന്നു ഈ കാഴ്ച. ഈ രംഗം തന്നെയാണ് കൊലപാതകമാണ് എന്ന സംശയത്തിലേക്ക് പൊലീസിനെയും നയിച്ചിട്ടുള്ളത്. പ്ലാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിലാണ് രൂപേഷിെൻറ മൃതദേഹം കാണപ്പെട്ടത്. വീടിെൻറ സമീപത്തുനിന്ന് മദ്യക്കുപ്പികളും കണ്ടെത്തിയിരുന്നു.
കാഞ്ഞങ്ങാട് പുല്ലൂർ ചാലിങ്കാൽ സ്വദേശിനി സവിതയാണ് രൂപേഷിെൻറ ഭാര്യ. ഇവർ തമ്മിൽ ഒരു വർഷമായി അകന്നുകഴിയുകയാണെന്ന് ബന്ധുക്കൾ പറഞ്ഞു. മക്കളായ വൈദേഹിയും ശിവനന്ദും മാതാപിതാക്കൾക്കൊപ്പം മാറി മാറി താമസിച്ചുവരുകയായിരുന്നു.
വൈദേഹിയുടെ പത്താം പിറന്നാൾ ആഘോഷിക്കുന്നതിനായി കഴിഞ്ഞ 15നാണ് ഭാര്യവീട്ടിൽനിന്ന് രൂപേഷ് മക്കളെ കൂട്ടിക്കൊണ്ടുവന്നത്.
മടിവയലിലെ വീട്ടിൽനിന്ന് 16ന് വൈകീട്ട് മക്കളെ കൂട്ടി നിർമാണം നടക്കുന്ന മടിക്കുന്നിലെ വീട്ടിലേക്ക് പോവുകയായിരുന്നു. ബുധനാഴ്ച രാവിലെ ഇവിടെ എത്തിയ സഹോദരൻ ഉമേഷാണ് മൂന്നു പേരെയും മരിച്ചനിലയിൽ കണ്ടത്. പിലിക്കോട് ജി.യു.പി സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിനിയാണ് വൈദേഹി. ശിവനന്ദ് ഒന്നാം ക്ലാസ് വിദ്യാർഥിയാണ്.
ജില്ല പൊലീസ് മേധാവി പി.ബി. രാജീവ്, കാഞ്ഞങ്ങാട് ഡിവൈ.എസ്.പി സജീഷ് വാഴാളപ്പിൽ, ചന്തേര സി.ഐ. ജേക്കബ്, എസ്.ഐമാരായ സഞ്ജയ് കുമാർ, സതീശൻ, ജോസഫ് എന്നിവർ ഉൾപ്പെട്ട പൊലീസ് സംഘമാണ് സംഭവം അന്വേഷിക്കുന്നത്.
ദുരന്തം പിറന്നാൾ സന്തോഷത്തിനിടെ
ചെറുവത്തൂർ: വൈദേഹിയുടെ പിറന്നാളായിരുന്നു ചൊവ്വാഴ്ച. അത് ആഘോഷിക്കാനാണ് വൈദേഹിയും അനുജൻ ശിവനന്ദും ഏറെ സന്തോഷത്തോടെ അച്ഛനൊപ്പം അമ്മക്കരികിൽനിന്നു മടങ്ങിയത്. കേക്ക് മുറിക്കുന്നതും പിറന്നാൾ ആഘോഷിക്കുന്നതുമെല്ലാം സ്വപ്നംകണ്ടെത്തിയ ഈ സഹോദരങ്ങളെ മരണം കൂട്ടിക്കൊണ്ടുപോവുകയായിരുന്നു.
ഇത് ഒാർമിക്കുമ്പോൾ കുട്ടികളുടെ ബന്ധുക്കൾക്ക് സങ്കടം സഹിക്കാനായില്ല. പിലിക്കോട് ഗവ. യു.പി സ്കൂളിലെ ഒന്ന്, അഞ്ച് ക്ലാസുകളിലെ വിദ്യാർഥികളായിരുന്നു ശിവനന്ദും വൈദേഹിയും. കോവിഡിനെ തുടർന്ന് ശിവനന്ദിന് സ്കൂളിൽ പോകാൻ കഴിഞ്ഞിട്ടില്ല. എന്നാൽ, വൈദേഹി പഠനത്തിൽ മിടുക്കിയായിരുന്നു.
ഓടിച്ചാടി നടന്നിരുന്ന ഇരുവരും വീടിനും നാട്ടുകാർക്കും ഒരുപോലെ പ്രിയപ്പെട്ടവരായിരുന്നു. മക്കളുടെ അപ്രതീക്ഷിത വേർപാടിെൻറ ദുഃഖത്തിലാണ് മടിവയൽ നിവാസികളെല്ലാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.