പെരുമാറ്റച്ചട്ട ലംഘനം: നീക്കം ചെയ്തത് 1,090 പ്രചാരണ സാമഗ്രികള്‍
text_fieldsകാസർകോട്: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ പെരുമാറ്റച്ചട്ട ലംഘനങ്ങളുടെ പേരില്‍ ജില്ലയില്‍ ഇതുവരെ നീക്കം ചെയ്തത് 1,090 പ്രചാരണ സാമഗ്രികള്‍. പോസ്റ്ററുകള്‍, ഫ്ലക്സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, കൊടികള്‍, ചുവരെഴുത്ത് എന്നിവ ഉൾപ്പെടെയാണിത്.
കാഞ്ഞങ്ങാട് ബ്ലോക്ക് പരിധിയിലാണ് ഏറ്റവുമധികം വസ്തുക്കള്‍ നീക്കം ചെയ്തത്. 275 പ്രചാരണ സാമഗ്രികളാണ് ഇവിടെ നീക്കം ചെയ്തത്.മഞ്ചേശ്വരം ബ്ലോക്ക് പരിധിയില്‍ 167 പ്രചാരണ സാമഗ്രികളും കാസര്‍കോട് ബ്ലോക്ക് പരിധിയില്‍ 251 എണ്ണവും കാറഡുക്ക ബ്ലോക്കിൽ 149ഉം നീലേശ്വരം ബ്ലോക്കില്‍ 108ഉം പരപ്പ ബ്ലോക്ക് പരിധിയില്‍ 140ഉം പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്തു.
ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും പ്രവര്‍ത്തിക്കുന്ന ആൻറി ഡീഫെയ്സ്മെൻറ് സ്ക്വാഡാണ് തെരഞ്ഞെടുപ്പ് സാമഗ്രികള്‍ പെരുമാറ്റച്ചട്ടം പാലിച്ചാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്തുന്നതും നീക്കം ചെയ്യുന്നതും. സര്‍ക്കാര്‍ ഓഫിസുകളുടെ ചുമരുകളിലും പരിസരത്തുമുള്ള നോട്ടീസുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍, പൊതുജനങ്ങള്‍ക്ക് അസൗകര്യമോ ശല്യമോ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രചാരണ സാമഗ്രികള്‍, സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അനുവാദമില്ലാതെ സ്ഥാപിക്കുന്ന പ്രചാരണോപാധികള്‍ എന്നിവ പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ ഉള്‍പ്പെടുമെന്നും ജില്ല നോഡല്‍ ഓഫിസര്‍ എ.ബി. രത്നാകരന് പറഞ്ഞു.
രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ഥികളോ പൊതുസ്ഥലമോ സ്വകാര്യ സ്ഥലമോ പരസ്യങ്ങള്‍ സ്ഥാപിച്ചോ മുദ്രാവാക്യമെഴുതിയോ വികൃതമാക്കിയതായി പരാതി ലഭിച്ചാല്‍ അവ ഉടന്‍ നീക്കം ചെയ്യാനായി ജില്ല തെരഞ്ഞെടുപ്പ് ഓഫിസര്‍ സ്ഥാനാര്‍ഥികള്‍ക്ക് നോട്ടീസ് നല്‍കും. നോട്ടീസ് ലഭിച്ചിട്ടും മാറ്റിയില്ലെങ്കില്‍ സാമഗ്രികള്‍ മാറ്റാനായി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെലവാകുന്ന തുക സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവിനോട് ചേര്‍ക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.