കോവിഡ് ആശങ്ക; നഗരത്തിൽ തിരക്കൊഴിയുന്നു ബസ്സ്റ്റാൻഡുകൾ വിജനം
text_fieldsകാസർകോട്: കോവിഡ് നിയന്ത്രണം കടുപ്പിച്ചതോടെ നഗരത്തിൽ തിരക്ക് ഗണ്യമായി കുറഞ്ഞു. ബസുകളിൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞു. ബസ്സ്റ്റാൻഡുകളിൽ ഹർത്താലിെൻറ പ്രതീതി ജനിപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങൾ. നോമ്പുകാലത്ത് പൊതുവേ പകൽ തിരക്ക് കുറയുമെങ്കിലും കോവിഡ് മൂർധന്യത്തിലെത്തിയതോടെ കൂടുതൽ വിജനമായി. നഗരത്തിൽ എത്തുന്നവരുടെ എണ്ണം കുറഞ്ഞതോടെ ടാക്സികളിലും ആളില്ല.ഹോട്ടലുകൾ, മാളുകൾ, സൂപ്പർമാർക്കറ്റുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെല്ലാം ആളുകളുടെ എണ്ണം നന്നായി കുറഞ്ഞു. മാളുകളിൽ പ്രവേശിക്കാൻ കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതും ആളുകളെ പിന്നോട്ടടിപ്പിക്കുന്നു.
നോമ്പുകാലത്ത് നല്ല കച്ചവടം പ്രതീക്ഷിച്ച വ്യാപാരികൾക്ക് കനത്ത തിരിച്ചടിയാണ് കോവിഡ് നിയന്ത്രണം വഴി സംഭവിച്ചത്. കഴിഞ്ഞ നോമ്പുകാലത്ത് പൂർണമായും അടച്ചിട്ടതിനാൽ വൻ സാമ്പത്തിക നഷ്ടമാണ് വ്യാപാരികൾക്കുണ്ടായത്. ഒട്ടേറെ പേരുടെ ജോലിയും നഷ്ടമായി. ചില കച്ചവട സ്ഥാപനങ്ങൾ പൂട്ടുകയും ചെയ്തു. ഇൗയൊരു അവസ്ഥയിൽനിന്ന് അൽപം ബിസിനസ് മെച്ചപ്പെട്ടുവരുകയായിരുന്നു.
ഇത്തവണ അടച്ചിടൽ വന്നില്ലെങ്കിലും ആളുകൾ വരാതിരുന്നാൽ തിരിച്ചടി തന്നെയാണെന്ന് വ്യാപാരികൾ പറഞ്ഞു. ഒരാഴ്ചകൊണ്ട് രോഗികളുടെ എണ്ണം കുറഞ്ഞാൽ ബിസിനസ് തിരിച്ചുപിടിക്കാമെന്നാണ് ഇവരുടെ പ്രതീക്ഷ.കടകളിൽ ആരോഗ്യവകുപ്പിെൻറ പരിശോധന നടക്കുന്നുണ്ട്. എ.സി പ്രവർത്തിക്കുന്ന കടകൾക്ക് ഓഫ് ചെയ്യാൻ നിർദേശം നൽകി. ജില്ലയിൽ വെള്ളി, ശനി ദിവസങ്ങളിൽ നടക്കുന്ന മെഗാ കോവിഡ് പരിശോധന ക്യാമ്പുകളിൽ പങ്കെടുക്കാൻ ഒട്ടേറെ പേർ സന്നദ്ധരായിട്ടുണ്ട്. വാക്സിൻ എടുക്കാത്തവരും പൊതുജനങ്ങളുമായി അധികം ബന്ധപ്പെടുന്നവരുമായ 45 വയസ്സ് കഴിഞ്ഞവരെയാണ് മെഗാടെസ്റ്റിൽ പങ്കെടുപ്പിക്കുന്നത്. സംസ്ഥാനത്തെ മറ്റ് ജില്ലകളെ അേപക്ഷിച്ച് ജില്ലയിൽ കോവിഡ് രോഗികൾ കുറവാണെങ്കിലും മെഗാ പരിശോധനയിലൂടെ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കാൻ കഴിയുമെന്നാണ് ആരോഗ്യവകുപ്പിെൻറ നിഗമനം.
643 പേര്‍ക്ക് കോവിഡ്; 537 രോഗമുക്തി
കാസർകോട്: ജില്ലയില്‍ 643 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 537 പേര് രോഗമുക്തി നേടിയതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് പറഞ്ഞു. നിലവില്‍ 3461 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. വീടുകളില്‍ 8434 പേരും സ്ഥാപനങ്ങളില്‍ 654 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 9088 പേരാണ്. പുതുതായി 342 പേരെ കൂടി നിരീക്ഷണത്തിലാക്കി. 470 പേരുടെ പരിശോധനഫലം ലഭിക്കാനുണ്ട്. 788 പേര് നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 163 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെൻററുകളിലുമായി പ്രവേശിപ്പിച്ചു. 36417 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 32631 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റിവായി.
നിയന്ത്രണം കടുപ്പിച്ച് പൊലീസ്
ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് കടുത്ത നടപടികളുമായി കാസര്‍കോട് പൊലീസ് രംഗത്ത്. ജില്ല പൊലീസ് മേധാവി പി.ബി. രാജീവ് നേരിട്ട് പരിശോധന നടത്തിയാണ് കടുത്ത നിയന്ത്രണമെന്ന സൂചന നൽകിയത്.
വെള്ളിയാഴ്ച രാവിലെ പൊലീസിെൻറ നേതൃത്വത്തില്‍ കോവിഡ് മാനദണ്ഡ നിർദേശങ്ങളടങ്ങിയ ലഘുലേഖ വിതരണം ചെയ്തു. വ്യാപാര സ്ഥാപനങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ചും മാസ്ക് ധരിക്കുന്നത് സംബന്ധിച്ചും നിർദേശങ്ങള്‍ നല്കി. പുതിയ ബസ് സ്റ്റാൻഡിൽ ബസുകളിൽ കയറി ജീവനക്കാർക്കും യാത്രക്കാർക്കും നിർദേശം നൽകി.
വ്യാപാര സ്ഥാപനങ്ങൾ രാത്രി 10നുശേഷം പ്രവര്‍ത്തിക്കരുത്. നിർദേശം ലംഘിച്ചാല്‍ ലൈസന്‍സ് റദ്ദ് ചെയ്യുന്നതുൾെപ്പടെയുള്ള നടപടിയെന്ന മുന്നറിയിപ്പും നൽകി. അടച്ചിട്ട ഹാളുകളില്‍ പരമാവധി 75 പേര്‍ക്ക് മാത്രമാണ് പ്രവേശനം. വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ പരമാവധി 100 പേരെ പങ്കെടുപ്പിക്കാം. ആരാധനാലയങ്ങളില്‍ കോവിഡ് നിർദേശങ്ങള്‍ പാലിക്കണം. പ്രാർഥനയിൽ 100ല്‍ കൂടുതല്‍ പേര് പങ്കെടുക്കരുത്. രാത്രികാലങ്ങളില്‍ പരിശോധന കര്‍ശനമാക്കും. ബസ് സ്റ്റാൻഡുകള്‍, ഓട്ടോ-ടാക്സി സ്റ്റാൻഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധന ഏര്‍പ്പെടുത്തും. കുട്ടികളും പ്രായമായവരും അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം -ജില്ല പൊലീസ് മേധാവി അറിയിച്ചു.
ഡിവൈ.എസ്.പി പി.പി. സദാനന്ദന്, സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി എ.വി. പ്രദീപ്, സി.ഐ കെ.വി. ബാബു, എസ്.ഐമാരായ കെ. ഷൈജു, ഷെയ്ക്ക് അബ്ദുല്‍ റസാഖ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.