കോവിഡ് വ്യാപനം: കാഞ്ഞങ്ങാടും നീലേശ്വരത്തും നിയന്ത്രണമേർപ്പെടുത്തുന്നു
text_fieldsകാഞ്ഞങ്ങാട്: പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ കാഞ്ഞങ്ങാട് നഗരത്തിൽ നിയന്ത്രണമേർപ്പെടുത്തുന്നു.
നഗരത്തിലെ ആൾക്കൂട്ടമൊഴിവാക്കുന്നതിെൻറ ഭാഗമായി ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അനധികൃത വഴിയോര കച്ചവടം നിരോധിക്കാനും നിലവിൽ നഗരസഭ തിരിച്ചറിയൽ കാർഡ് നൽകിയവർക്ക് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിശ്ചിത സ്ഥലത്ത് വഴിയോര കച്ചവടം നടത്താൻ അനുമതി നൽകാനും, രാത്രികാലങ്ങളിലെ തട്ടുകടകൾക്ക് നിയന്ത്രണമേർപ്പെടുത്താനും നഗരസഭ സ്റ്റിയറിങ് കമ്മിറ്റി യോഗം തീരുമാനിച്ചു.
വിഷു, റമദാൻ പ്രമാണിച്ച് നഗരത്തിൽ വഴിയോര കച്ചവടം അനുവദിക്കേണ്ടതില്ലെന്നും നഗരസഭയിലെ മുഴുവൻ വാർഡുകളിലും തിങ്കളാഴ്ചകളിൽ ഡ്രൈഡേ ആചരിക്കാനും കോവിഡ് നിയന്ത്രണ വിധേയമാക്കുന്നതിെൻറ ഭാഗമായി ആർ.ടി.പി.സി.ആർ ടെസ്റ്റിെൻറയും വാക്സിനേഷൻ ക്യാമ്പുകളുടെയും എണ്ണം വർധിപ്പിക്കാനും തീരുമാനമായി. യോഗത്തിൽ നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ അബ്ദുല്ല ബിൽ ടെക്ക്, സ്ഥിരം സമിതി ചെയർപേഴ്സന്മാരായ സി. ജാനകിക്കുട്ടി, പി. അഹമ്മദലി, കെ.വി. സരസ്വതി, കെ. അനീശൻ, കെ.വി. മായാകുമാരി നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ് എന്നിവർ സംസാരിച്ചു.
നീലേശ്വരത്തും നിയന്ത്രണങ്ങള്‍
നീലേശ്വരം: നീലേശ്വരം നഗരസഭ പരിധിയിലെ എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ ആറു മുതൽ വൈകീട്ട് ഏഴുമണി വരെയും ടെക്സ്റ്റൈൽസ് ഷോപ്പുകള്‍ എട്ടു മണിവരെയും മാത്രമേ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. വഴിയോരങ്ങളിൽ പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, മത്സ്യങ്ങള്‍ എന്നിവ അനധികൃതമായി വിൽപന നടത്തുന്നത് നിരോധിച്ചു. ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഹോട്ടലുകള്‍ രാത്രി ഏഴുമണിവരെ തുറന്നുപ്രവര്‍ത്തിക്കാം. വൈകീട്ട് ആറു മുതൽ പാര്‍സലുകള്‍ മാത്രമേ നൽകാവൂ. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്ത വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്നതിനോടൊപ്പം ലൈസന്‍സ് റദ്ദ് ചെയ്യുന്നതിനും നടപടി സ്വീകരിക്കും.
കണ്ടയിന്‍മെൻറ് സോണിൽ താമസിക്കുന്ന ആളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. 10 വയസ്സിനു താഴെയുള്ള കുട്ടികളും 65 വയസ്സിനു മുകളിൽ പ്രായമുള്ള ആളുകളും അനാവശ്യ യാത്രകള്‍ ഒഴിവാക്കേണ്ടതാണ്. മൈതാനങ്ങളിൽ കൂട്ടംകൂടി കളിക്കുന്നതും മത്സരങ്ങളും ഒഴിവാക്കേണ്ടതാണ്. വിവാഹം, മരണാനന്തര ചടങ്ങുകള്‍, ഗൃഹപ്രവേശം തുടങ്ങിയ ചടങ്ങുകള്‍ക്കും ഉത്സവങ്ങള്‍, ആഘോഷങ്ങള്‍ എന്നിവക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. കൂടുതൽ ആളുകള്‍ക്ക് വാക്സിനേഷന് നടത്തുന്നതിന് വാര്‍ഡ് ജാഗ്രത സമിതി ഇടപെട്ട് പ്രവര്‍ത്തിക്കും. അതിഥി തൊഴിലാളികള്‍ക്ക് വാക്സിനേഷന് നടത്തുന്നതിന് നടപടി സ്വീകരിക്കും. കോവിഡ് പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന മാഷ് പദ്ധതി ശക്തിപ്പെടുത്തും. കോവിഡ് സമ്പര്‍ക്ക വ്യാപനത്തിന് ഇടയാക്കുന്ന ആരോഗ്യ സുരക്ഷ വീഴ്ചകള്‍ വരുത്തുന്നവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിരോധന നിയമപ്രകാരം െപാലീസ് നടപടികള്‍ സ്വീകരിക്കും.
യോഗത്തിൽ നഗരസഭ ചെയര്പേഴ്സൻ ടി.വി. ശാന്ത അധ്യക്ഷത വഹിച്ചു. നീലേശ്വരം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ജമാൽ അഹ്മദ് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും വാക്സിനേഷന് സംബന്ധിച്ചും വിശദീകരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാൻമാരായ കെ.പി. രവീന്ദ്രന്, വി. ഗൗരി, ദാക്ഷായണി കുഞ്ഞിക്കണ്ണന്, പി. സുഭാഷ്, നഗരസഭ സെക്രട്ടറി സി.കെ. ശിവജി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ.വി. ദാമോദരന്‍, പി. രാമചന്ദ്രന്, സി. രാഘവന്, കൈപ്രത്ത് കൃഷ്ണന് നമ്പ്യാര്‍, ജോണ്‍ ഐമണ്‍, വ്യാപാരി വ്യവസായി പ്രതിനിധികളായ കെ.വി. സുരേഷ് കുമാര്‍, വി.വി. ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
സബ് ഇന്‍സ്പെക്ടര്‍മാരായ സി.വി. പ്രേമന്, ടി.വി. പ്രേമരാജ്, താലൂക്ക് ആശുപത്രി സൂപ്പര്‍വൈസര്‍ എം. കുഞ്ഞികൃഷ്ണന്, ഹെൽത്ത് ഇന്‍സ്പെക്ടര്‍ എം. ശശിധരന്, നീലേശ്വരം വില്ലേജ് ഓഫിസര്‍ രാധിക, പേരോൽ വില്ലേജ് ഓഫിസര്‍ വത്സല എന്നിവർ സംബന്ധിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്പേഴ്സൻ ടി.പി. ലത സ്വാഗതവും നഗരസഭ ഹെൽത്ത് ഇന്‍സ്പെക്ടര്‍ എ.കെ. പ്രകാശന് നന്ദിയും പറഞ്ഞു.
ജില്ലയിൽ 247 പേർക്ക് കോവിഡ്, 95 പേർക്ക് രോഗമുക്തി
കാസർകോട്: ജില്ലയിൽ 247 പേർ കൂടി കോവിഡ് പോസിറ്റിവായി. ചികിത്സയിലുണ്ടായിരുന്ന 95 പേർ കോവിഡ് നെഗറ്റിവായതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. എ.വി. രാംദാസ് അറിയിച്ചു. നിലവിൽ 2064 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.
ജില്ലയിൽ നിരീക്ഷണത്തിൽ 9306 പേർ
വീടുകളിൽ 8824 പേരും സ്ഥാപനങ്ങളിൽ 482 പേരുമുൾപ്പെടെ ജില്ലയിൽ ആകെ നിരീക്ഷണത്തിലുള്ളത് 9306 പേരാണ്. പുതിയതായി 749 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെൻറിനൽ സർവേ അടക്കം പുതിയതായി 2581 സാമ്പിളുകൾ കൂടി പരിശോധനക്കയച്ചു. 720 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 463 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.
234 പേരെ ആശുപത്രികളിലും കോവിഡ് കെയർ സെൻററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളിൽ നിന്നും കോവിഡ് കെയർ സെൻററുകളിൽനിന്നും 95 പേരെ ഡിസ്ചാർജ് ചെയ്തു. 33827 പേർക്കാണ് ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 31441 പേർക്ക് ഇതുവരെ കോവിഡ് നെഗറ്റിവായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.