കശുവണ്ടി ഫാക്ടറിയിലെ 28 തൊഴിലാളികൾക്ക് കോവിഡ്
text_fieldsകാഞ്ഞങ്ങാട്: കോട്ടപ്പാറ കശുവണ്ടി ഫാക്ടറിയിലെ 28 സ്ത്രീത്തൊഴിലാളികൾക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ മടിക്കൈ പഞ്ചായത്തിലെ ഒന്നാം വാർഡ് അടച്ചു. തിങ്കളാഴ്ച വരെയാണ് അടച്ചത്. കോട്ടപ്പാറ, വാഴക്കോട്, നെല്ലിയടുക്കം, കല്യാണം, ഏച്ചിക്കാനം തുടങ്ങിയ പ്രദേശങ്ങളിലെ ഹോട്ടലുകൾ, ബാങ്കുകൾ അടക്കം മുഴുവൻ വ്യാപാര സ്ഥാപനങ്ങളും അടച്ചിടും. വ്യാഴാഴ്ച ചേർന്ന കോവിഡ് ജാഗ്രത സമിതി യോഗമാണ് തീരുമാനമെടുത്തത്.
കശുവണ്ടി ഫാക്ടറിയിൽ ജോലി ചെയ്യുന്നവർ അജാനൂർ, പുല്ലൂർ പെരിയ, മടിക്കൈ പഞ്ചായത്ത്, കാഞ്ഞങ്ങാട് നഗരസഭ എന്നിവിടങ്ങളിൽ നിന്നുള്ളവരായതിനാൽ മൂന്ന് പഞ്ചായത്തുകളിലെയും നഗരസഭയിലെയും പുല്ലൂർ, തട്ടുമ്മൽ, മടിക്കൈ, കീക്കാംകോട്ട്, വെള്ളിക്കോത്ത്, മൂലക്കണ്ടം, മാവുങ്കാൽ, കിഴക്കുംകര തുടങ്ങിയ പ്രദേശങ്ങളും കോവിഡ് ഭീതിയിലായിട്ടുണ്ട്. പുല്ലൂർ തട്ടുമ്മലിലും മൂലക്കണ്ടത്തും നിന്നുമുള്ള തൊഴിലാളികൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
ആൻറിജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചവരെയും ഇവരുമായി ഇടപഴകിയ കുടുംബാംഗങ്ങൾ ഉൾപ്പടെയുള്ളവരെയും ക്വാറൻറീനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കോട്ടപ്പാറയിലെ കശുവണ്ടി ഫാക്ടറിയിൽ നിന്നുള്ള 140 പേരെ പരിശോധിച്ചതിലാണ് 28 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. ശേഷിക്കുന്നവരെ അടുത്ത ദിവസം തന്നെ ആൻറിജൻ ടെസ്റ്റിന് വിധേയരാക്കുമെന്ന് അധികൃതർ അറിയിച്ചു.
ജാഗ്രതസമിതി യോഗത്തിൽ മടിക്കൈ പി.എച്ച്.സിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അനിൽകുമാർ, സോന ജോസ്, അമ്പലത്തറ എസ്.ഐ വിൽസൻ, സിവിൽ പൊലീസ് ഓഫിസർ പ്രദീപൻ, വാർഡ് മെംബർ ബിജി ബാബു, വാർഡ് കൺവീനർ പി. മനോജ് കുമാർ, ജാഗ്രത സമിതി അംഗങ്ങളായ എ. വേലായുധൻ, സനൽകുമാർ, കെ. മോഹനർ, ഓം പ്രകാശ്, ടി. ചന്ദ്രൻ, സുനിൽ കുമാർ, ശ്യാം, വ്യാപാരി പ്രതിനിധി പി.വി കുഞ്ഞിക്കണ്ണൻ, ഓട്ടോ ഡ്രൈവർ തൊഴിലാളി യൂനിയൻ പ്രതിനിധി ദാമോദരൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.