വാക്കുപാലിച്ച് ടാറ്റ; നമ്മളോ?
text_fieldsകാസര്‍കോട്: പൊതു-സ്വകാര്യ പങ്കാളിത്തത്തിെൻറ മികച്ച മാതൃകയായി ചുരുങ്ങിയ സമയത്തിനുള്ളിൽ കാസർകോട് ജില്ലയിൽ ടാറ്റ നിർമിച്ച കോവിഡ് ആശുപത്രി തലയുയർത്തി നിൽക്കുമ്പോഴും പ്രവർത്തനമെന്ന് തുടങ്ങുമെന്ന കാര്യത്തിൽ തീരുമാനമായില്ല. കോവിഡ് വ്യാപനത്തിെൻറ ആദ്യ നാളുകളിൽ കോവിഡ് ബാധിതരേറെയുണ്ടായിരുന്ന ജില്ലയായിരുന്നു കാസർകോട്. കോവിഡ് പേടിയിൽ കർണാടക അതിർത്തി അടച്ചിട്ടതോടെ ആരോഗ്യരംഗത്തെ ജില്ലയുടെ പിന്നാക്കാവസ്ഥ കുപ്രസിദ്ധി നേടി.
ഇതോടെ വാഗ്ദാനങ്ങളുടെ പെരുമഴ തുടങ്ങി. സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളുടെ നിരതന്നെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 'പ്രഖ്യാപിക്കപ്പെട്ടു'. ഇതിനിടയിലാണ്, തങ്ങളുടെ സാമൂഹിക പ്രതിബദ്ധത നിധിയിൽനിന്ന് തുക ചെലവഴിച്ച് ആശുപത്രി നിർമിക്കാമെന്ന് ടാറ്റ സർക്കാറിനെ അറിയിച്ചത്. ചർച്ചകൾക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും ടാറ്റ ആശുപത്രി കാസര്‍കോട് ജില്ലയില്‍ നിര്‍മിക്കുമെന്ന് ഏപ്രിൽ ആറിന് പ്രഖ്യാപിച്ചു. തൊട്ടടുത്ത ദിവസം തന്നെ ജില്ല കലക്ടർ തെക്കിൽ വില്ലേജിൽ സ്ഥലവും കണ്ടെത്തി. സെപ്റ്റംബർ ഒമ്പതിന് കെട്ടിടം സർക്കാറിന് കൈമാറുന്നതുവരെ യുദ്ധകാലാടിസ്ഥാനത്തിലായിരുന്നു നിർമാണ പ്രവൃത്തികൾ.
സ്ഥലവും റോഡും സർക്കാർ വക
ടാറ്റയുടെ കേരളത്തിലെ ആദ്യ ആശുപത്രിക്ക് കാസർകോട് തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 5.50 ഏക്കർ സ്ഥലമാണ് തെക്കിൽ വില്ലേജിൽ സംസ്ഥാന സർക്കാർ ഏറ്റെടുത്ത് കൈമാറിയത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് രാജ്യത്താകെ 500 കോടി രൂപ ചെലവഴിക്കുമെന്ന ടാറ്റ ഗ്രൂപ്പിെൻറ പ്രഖ്യാപനത്തിനുപിന്നാലെ കമ്പനി പ്രതിനിധികൾ സംസ്ഥാന സർക്കാറിനെ സമീപിച്ചു. കാസർകോട്ട് ആശുപത്രി നിർമിക്കണമെന്ന സർക്കാറിെൻറ ആവശ്യം കമ്പനി അംഗീകരിച്ചതോടെ പ്രീ ഫാബ് സാങ്കേതിക വിദ്യയിൽ സമയബന്ധിതമായി ആശുപത്രി ഒരുങ്ങുകയായിരുന്നു.
ദേശീയപാതയിൽനിന്ന് ആശുപത്രിയിലേക്ക് പെട്ടെന്ന് എത്തിച്ചേരുന്നതിന് 700 മീറ്റർ നീളത്തിലാണ് പുതിയ റോഡ് നിർമിച്ചത്. ഇതിെൻറ ടാറിങ്ങിനായി 2.81 കോടി രൂപ ദുരന്ത പ്രതികരണ ഫണ്ടിൽനിന്ന് സർക്കാർ അനുവദിച്ചു. സമ്പൂർണ വൈദ്യുതീകരണത്തിന് 1.82 കോടി രൂപയും ആശുപത്രിയിലേക്ക് വാട്ടർ കണക്ഷന് 67.60 ലക്ഷവും ഉൾപ്പെടെ 5.31 കോടി രൂപയാണ് സർക്കാർ അനുവദിച്ചത്.
താമസമെന്താണ് ?
ടാറ്റ ഗ്രൂപ് വാഗ്ദാനം ചെയ്ത സംസ്ഥാനത്തെ ആദ്യ കോവിഡ് ആശുപത്രി നിര്‍മാണം 60 കോടി രൂപ ചെലവിൽ പൂര്‍ത്തിയാക്കി സര്‍ക്കാറിന് കൈമാറി രണ്ടാഴ്ച പിന്നിട്ടെങ്കിലും പ്രവര്‍ത്തന സജ്ജമാകാന്‍ ഇനിയും സമയമെടുക്കും.
പൂര്‍ണതോതില്‍ ആശുപത്രി പ്രവര്‍ത്തിക്കാന്‍ 400 ജീവനക്കാരെങ്കിലും വേണ്ടിവരുമെന്നാണ് ആരോഗ്യ വകുപ്പിെൻറ കണക്കുകൂട്ടല്‍. അഞ്ചേക്കറോളം സ്ഥലത്ത് പരന്നുകിടക്കുന്ന കെട്ടിടമായതിനാല്‍ ദൈനംദിന പ്രവർത്തനത്തിന് കൂടുതല്‍ ജീവനക്കാരെ ആവശ്യമാണ്. ആശുപത്രിക്കാവശ്യമായ മെഡിക്കല്‍ സൗകര്യങ്ങളൊന്നും നിലവിലെ കെട്ടിടത്തിലില്ല. ഡോക്ടര്‍മാര്‍ മുതല്‍ ശുചീകരണ തൊഴിലാളികള്‍ വരെയുള്ള ജീവനക്കാരെ ആശുപത്രിക്കാവശ്യമുണ്ട്. നിലവില്‍ കട്ടില്‍ വരെയുള്ള സംവിധാനമേ ടാറ്റ ആശുപത്രിയില്‍ ഒരുക്കിയിട്ടുള്ളൂ.
550ഓളം കിടക്കകള്‍ ആശുപത്രിയിലെത്തിക്കേണ്ടത് സര്‍ക്കാറാണ്. സര്‍ക്കാറിെൻറ സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ പുതിയ തസ്തികകള്‍ അനുവദിക്കുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. കോവിഡ് ആശുപത്രിയായി മാറ്റിയ ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളജിൽ മുന്നൂറോളം തസ്തികയില്‍ ആളെ നിയമിക്കാന്‍ മാസങ്ങളാണ് വേണ്ടിവന്നത്. നിയമിച്ചവരെ തന്നെ ജോലി ക്രമീകരണത്തിെൻറ പേരിൽ സ്ഥലം മാറ്റുന്നതിനും ജില്ല സാക്ഷിയായി.
ചികിത്സ വേണ്ടത് ആരോഗ്യരംഗത്തിന്
ജില്ലയിൽ ചികിത്സ വേണ്ടത് ആരോഗ്യരംഗത്തിനാണെന്നാണ് ആരോഗ്യ പ്രവർത്തകരുടെ വാദം. നിലവിൽ ജില്ലയിൽ കോവിഡ് രോഗികൾക്ക് വിദഗ്ധ ചികിത്സാ സൗകര്യങ്ങളില്ല. രോഗികളെ പരിയാരത്തോ മറ്റു മെഡിക്കൽ കോളജിലേക്കോ മാറ്റുകയാണ് ചെയ്തുവരുന്നത്.
ഈ സാഹചര്യത്തിൽ ഒരു ടേർഷറി കെയർ സെൻററാണ് (വിദഗ്ധ ചികിസാ സൗകര്യങ്ങളോടെ മൂന്നാംഘട്ട പരിചരണ കേന്ദ്രം) അടിയന്തരമായി ജില്ലക്കാവശ്യം. ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളജിൽ വെൻറിലേറ്ററും ഐ.സി.യു കെയർ ഉൾെപ്പടെയുള്ള അത്യന്താധുനിക സൗകര്യങ്ങൾ ഏർപ്പെടുത്തിയും ആവശ്യമായ ഡോക്ടർമാരെയും മറ്റു ജീവനക്കാരെയും നിയമിച്ചും ടേർഷറി കേന്ദ്രമാക്കണമെന്നാണ് ആരോഗ്യ പ്രവർത്തകരുടെ അഭിപ്രായം.
ജീവനക്കാർ വേണം -ഡി.എം.ഒ
കാസർകോട്: കോവിഡ് ആശുപത്രിക്ക് സ്റ്റാഫ് വേണമെന്നും തുടര്‍ നടപടികള്‍ നടന്നുവരുകയാണെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എ.വി. രാംദാസ് പറഞ്ഞു.
ജീവനക്കാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മറുപടി ലഭിച്ചിട്ടില്ല. സർക്കാറാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും ഡി.എം.ഒ കൂട്ടിച്ചേർത്തു.
മൂന്ന് സോണുകള്‍, 551 കിടക്കകള്‍
കാസർകോട്: ടാറ്റ ആശുപത്രിയെ മൂന്ന് സോണുകളായാണ് തിരിച്ചിട്ടുള്ളത്. സോണ്‍ നമ്പര്‍ ഒന്നിലും മൂന്നിലും കോവിഡ് ക്വാറൻറീന്‍ സംവിധാനങ്ങളും സോണ്‍ നമ്പര്‍ രണ്ടില്‍ കോവിഡ് പോസിറ്റിവായ ആളുകള്‍ക്കായുള്ള പ്രത്യേക ഐസൊലേഷന്‍ സംവിധാനങ്ങളുമാണ് ഒരുക്കുക.
സോണ്‍ ഒന്നിലും മൂന്നിലും ഉള്‍പ്പെട്ട ഒരോ കണ്ടെയ്നറിലും അഞ്ച് കിടക്കകള്‍, ഒരു ശുചിമുറി എന്നിവ വീതവും സോണ്‍ രണ്ടിലെ യൂനിറ്റുകളില്‍ ശുചിമുറിയോടുകൂടിയ ഒറ്റ മുറികളുമാണുള്ളത്.
128 യൂനിറ്റുകളിലായി (കണ്ടെയ്നറുകള്‍) 551 കിടക്കകളാണ് ആശുപത്രിയിലുണ്ടാവുക. 81,000 സ്‌ക്വയര്‍ ഫീറ്റിലാണ് ആശുപത്രി നിര്‍മിച്ചത്. റോഡ്, റിസപ്ഷൻ സംവിധാനം, കാൻറീന്‍, ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പ്രത്യേകം മുറികള്‍ തുടങ്ങി എല്ലാവിധ സംവിധാനങ്ങളോടും കൂടിയാണ് ആശുപത്രി.
കോവിഡ് ആശുപത്രി നാള്‍വഴികൾ
- c2020 ഏപ്രില്‍ ആറ്: കേരള മുഖ്യമന്ത്രി പിണറായി വിജയനും റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനും ടാറ്റ ആശുപത്രി കാസര്‍കോട് ജില്ലയില്‍ നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ചു.
- ഏപ്രില്‍ ഏഴ്: ജില്ല കലക്ടര്‍ ഡോ. ഡി. സജിത് ബാബു ആശുപത്രി നിര്‍മാണത്തിനാവശ്യമായ സ്ഥലം തെക്കില്‍ വില്ലേജില്‍ കണ്ടെത്തി.
- ഏപ്രില്‍ എട്ട്: കലക്ടര്‍ നിര്‍ദേശിച്ച സ്ഥലത്ത് ആശുപത്രി നിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി.
- ഏപ്രില്‍ ഒമ്പത്: ആശുപത്രി നിര്‍മാണത്തിെൻറ തുടക്കമെന്നോണം തെക്കില്‍ വില്ലേജിലെ സ്ഥലത്ത് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനുള്ള പണികള്‍ ആരംഭിച്ചു.
- ഏപ്രില്‍ 28: തെക്കില്‍ വില്ലേജിലെ സ്ഥലത്തേക്കുള്ള അടിസ്ഥാന സൗകര്യങ്ങളായ റോഡ്, സ്ഥലം നിരപ്പാക്കല്‍ എന്നിവ പൂര്‍ത്തിയാക്കി ആശുപത്രി നിര്‍മാണത്തിനായി സ്ഥലം വിട്ടുനല്‍കി.
- മേയ് 15: ടാറ്റ ആശുപത്രിയുടെ ആദ്യ പ്രീ ഫാബ് സ്ട്രെക്ചര്‍ തെക്കില്‍ വില്ലേജില്‍ സ്ഥാപിച്ചു.
- ജൂണ്‍ അഞ്ച്: ലോക പരിസ്ഥിതി ദിനത്തില്‍ ആശുപത്രി കോമ്പൗണ്ട് ഹരിതാഭമാക്കുന്നതിെൻറ ഭാഗമായി മരത്തൈകള്‍ നടുന്നതിന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ തുടക്കമിട്ടു.
- ജൂലൈ 10: ടാറ്റ ആശുപത്രിയുടെ അവസാന പ്രീഫാബ് സ്ട്രെക്ചറും സ്ഥാപിച്ചു.
- സെപ്റ്റംബര്‍ ഒമ്പത്: മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോൺഫറൻസിലൂടെ ടാറ്റ ആശുപത്രി നാടിന് സമര്‍പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.