കാസർകോട് ജില്ലയിൽ ബി.ജെ.പി -സി.പി.എം സാമ്പാർ മുന്നണി –മുസ്ലിം ലീഗ്
text_fieldsകാസർകോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ യു.ഡി.എഫിനെ പരാജയപ്പെടുത്താൻ ജില്ലയുടെ പല ഭാഗങ്ങളിലും ബി.ജെ.പി-സി.പി.എം സഖ്യമുണ്ടാക്കി സാമ്പാർ മുന്നണിയായി പ്രവർത്തിക്കുകയാണെന്ന് മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ പറഞ്ഞു.
യു.ഡി.എഫിൽ മുസ്ലിം ലീഗ് മത്സരിക്കുന്ന പ്രദേശങ്ങളിലാണ് ബി.ജെ.പി സി.പി.എമ്മുമായി ധാരണയുണ്ടാക്കിയിട്ടുള്ളത്. കാസർകോട് നഗരസഭയിൽ 1995 ആവർത്തിക്കുമെന്നാണ് ബി.ജെ.പി നേതാവ് പറയുന്നത്. 1995ൽ ബി.ജെ.പിയും സി.പി.എമ്മും നാഷനൽ ലീഗും ഒന്നിച്ചാണ് നഗരസഭ ഭരിച്ചത്.
സി.പി.എം നേതാവ് എസ്.ജെ. പ്രസാദ് ചെയർമാൻ, ബി.ജെ.പി ദേശീയ നേതാവായിരുന്ന അഡ്വ. കെ. സുന്ദർ റാവു വൈസ് ചെയർമാൻ, നാഷനൽ ലീഗ് നേതാവ് കൊപ്പൽ അബ്ദുല്ല, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ച് ഒരുവിധ വികസന പ്രവർത്തനങ്ങളും നടത്താതെ ധൂർത്തടിച്ച് നഗരസഭയെ അഞ്ചേകാൽ കോടി രൂപയുടെ കടക്കെണിയിലാക്കുകയായിരുന്നു.
2000ത്തിൽ അധികാരത്തിൽ വന്ന യു.ഡി.എഫ് ഭരണസമിതിയാണ് നഗരത്തിൽ സമഗ്രമായ വികസന പ്രവർത്തനം നടത്തുകയും കടത്തിൽ നിന്നും രക്ഷിച്ചതും. കാസർകോട് നഗരസഭയിലെ 38 വാർഡുകളിലായി സി.പി.എം പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നത് 14 വാർഡുകളിൽ മാത്രമാണ്.
തളങ്കര പോലുള്ള മുസ്ലിം ലീഗ് കേന്ദ്രങ്ങളിൽ സി.പി.എം ലോക്കൽ, ബ്രാഞ്ച് ഭാരവാഹികളും നേതാക്കളും സ്വതന്ത്രന്മാരായാണ് മത്സരിക്കുന്നത്. ബി.ജെ.പിയുമായി സഖ്യമുണ്ടാക്കുന്നതിന് വേണ്ടിയാണ് സി.പി.എം നേതാക്കൾ സ്വതന്ത്ര വേഷം കെട്ടിയിരിക്കുന്നത്. ഹൊണ്ണാമൂല, ഫോർട്ട് റോഡ്, ചേരങ്കൈ കടപ്പുറം, അടുക്കത്ത്ബയൽ എന്നീ വാർഡുകളിൽ ബി.ജെ.പി-സി.പി.എം സാമ്പാർ മുന്നണി മറനീക്കി രംഗത്തിറങ്ങിയിട്ടുണ്ട്.
അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി കാസർകോട് നഗരസഭയിൽ 1995 ആവർത്തിക്കാമെന്ന ബി.ജെ.പി, സി.പി.എം മോഹം ദിവാസ്വപ്നം മാത്രമായിരിക്കുമെന്നും അബ്ദുറഹ്മാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.