വോട്ടർ സ്ലിപ് വിതരണം; തുടരുന്നത് പഴഞ്ചൻ സംവിധാനം
text_fieldsതൃക്കരിപ്പൂർ: വോട്ടെടുപ്പ് ദിവസം പട്ടികയിൽ വോട്ടർമാരെ എളുപ്പത്തിൽ കണ്ടെത്താൻ സഹായിക്കുന്ന വോട്ടർ സ്ലിപ്പുകൾക്കായി തെരഞ്ഞെടുപ്പ് കമീഷൻ അനുവർത്തിക്കുന്നത് പഴഞ്ചൻ സംവിധാനം. വോട്ടർ സ്ലിപ്പുകൾ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാൻ സാധിക്കില്ലെന്നാണ് ചട്ടം. ഈ സാഹചര്യത്തിൽ വളരെയേറെ മനുഷ്യാധ്വാനവും സാമ്പത്തിക നഷ്ടവും വരുത്തിവെക്കുന്ന വോട്ടർ സ്ലിപ് വിതരണം തുടരണോ എന്നുള്ളത് ചർച്ചയാവുകയാണ്. കോവിഡിെൻറ രണ്ടാംതരംഗ ഭീഷണി കൂടി കണക്കിലെടുക്കുമ്പോൾ വീടുകൾ കയറിയുള്ള സ്ലിപ് വിതരണം ആശങ്ക ഉയർത്തുന്നതാണ്.
ഹരിത പെരുമാറ്റച്ചട്ടം തെരഞ്ഞെടുപ്പുകളിൽക്കൂടി ബാധകമാക്കിയിരിക്കുകയാണ്. വോട്ടർമാരുടെ ഫോട്ടോ ഉൾപ്പെടെയുള്ള സ്ലിപ്പുകളാണ് നേരത്തെ ഉപയോഗിച്ചിരുന്നതെങ്കിൽ ഇക്കുറി പേരും സീരിയൽ നമ്പറും വോട്ടെടുപ്പ് കേന്ദ്രവും മാത്രമാണ് പ്രധാനമായും സ്ലിപ്പിലുള്ളത്. വോട്ടറുടെ പടം ഒഴിവാക്കി തയാറാക്കിയ സ്ലിപ്പുകൾ വിതരണം ചെയ്യുന്നതിനും മറ്റും പ്രയാസം അനുഭവപ്പെടുന്നതായി ഫീൽഡിലുള്ള ഉദ്യോഗസ്ഥർ പറയുന്നു. ഒരു കുടുംബത്തിലെ വോട്ടർമാർ പട്ടികയുടെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നതും വിതരണത്തെ ബാധിക്കുന്നുണ്ട്.
വോട്ടർമാരുടെ മുഴുവൻ മൊബൈൽ നമ്പറുകളും തെരഞ്ഞെടുപ്പ് കമീഷൻ കഴിഞ്ഞ വർഷം ആപ്പുകൾ വഴി ശേഖരിച്ചിരുന്നു. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് വോട്ടറുടെ ബൂത്ത് നമ്പറും സീരിയൽ നമ്പറും അയച്ചാൽ കോടിക്കണക്കിന് രൂപയുടെ ദുർവ്യയം ഒഴിവാക്കാൻ സാധിക്കുമെന്ന് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു. ഇതിനും പുറമെ വിരൽതുമ്പിൽ ഈ വിവരങ്ങൾ അറിയാൻ വോട്ടർ ഹെൽപ് ലൈൻ എന്ന മൊബൈൽ ആപ്ലിക്കേഷൻ വഴിയും എളുപ്പമാണ്. ഇതിന് ലോഗിൻ പോലും ആവശ്യമില്ല. ചീഫ് ഇലക്ടറൽ ഓഫിസറുടെ വെബ് സൈറ്റിലെ സെർച്ച് സൗകര്യം ഉപയോഗിച്ചും പാർട്ട് നമ്പർ, സീരിയൽ നമ്പർ എന്നിവ നിഷ്പ്രയാസം കണ്ടെത്താൻ സാധിക്കും. ഇത് സൂക്ഷിച്ചുവെക്കാനും കൈമാറാനും എളുപ്പമാണ്. പകൽ താപനില ഉയർന്ന സാഹചര്യത്തിൽ കോവിഡ് ഭീതിയിലാണ് ഉദ്യോഗസ്ഥർ സ്ലിപ് വിതരണം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.