'കാസർകോട് മാതൃക' സൃഷ്ടിക്കാൻ ജില്ല പഞ്ചായത്ത്
text_fieldsകാസർകോട്: സ്വന്തമായി ഫണ്ട് രൂപവത്കരിക്കുന്ന പദ്ധതികൾ ഉൾപ്പെടെ നടപ്പാക്കി 'കാസർേകാട് മാതൃക' ജില്ല പഞ്ചായത്ത് നേതൃത്വത്തിൽ സൃഷ്ടിക്കുമെന്ന് പുതിയ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ. പ്രസ് ക്ലബിെൻറ മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. കാസർകോട് മാതൃക സൃഷ്ടിക്കുന്നതിെൻറ ഭാഗമായി വിഷൻ 2050 പദ്ധതി നടപ്പാക്കും.
വികസന മേഖലകള്‍ പഠിക്കാന്‍ ജില്ലതല കോണ്‍ഗ്രസ്
ജില്ലയില്‍ സമഗ്ര വികസനത്തിെൻറ വേദിയായി ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തില്‍ ജില്ലതല വേദിയുണ്ടാക്കും. വികസനത്തിെൻറ വിവിധ മേഖലകള്‍ പഠിക്കാന്‍ ജില്ലതല കോണ്‍ഗ്രസ് സംഘടിപ്പിക്കാനാണ് പദ്ധതി. ഇതിെൻറ അടിസ്ഥാനത്തില്‍ ജില്ല വികസന പദ്ധതികള്‍ പുതുക്കും. പദ്ധതികള്‍ നടപ്പാക്കുന്നതിന് വിഭവസമാഹരണ സാധ്യതകള്‍ കണ്ടെത്താന്‍ പ്രത്യേക കമീഷന് രൂപവത്കരിക്കും.
തൊഴിലവസരങ്ങൾ ഒരുക്കും
യുവാക്കളുടെ അഭിരുചിക്കനുസരിച്ച് പരിശീലനം നല്‍കും. തൊഴിലവസരങ്ങള്‍ ഒരുക്കും. വ്യവസായ വികസന രംഗത്ത് അടിസ്ഥാന സൗകര്യം ലഭ്യമാക്കും. നൂതന ആശയങ്ങള്‍ തയാറാക്കുന്ന യുവാക്കളുടെ പദ്ധതികള്‍ക്ക് പ്രത്യേക പരിഗണന നല്‍കും. കാര്‍ഷിക മേഖലയില്‍ മൂല്യവർധിത ഇനങ്ങള്‍ക്ക് പ്രേത്യേക പരിശീലനവും സമഗ്ര ഇടപെടലും നടത്തും.
തൊഴില്‍ ആഗ്രഹിക്കുന്ന അഭ്യസ്ത വിദ്യരായ യുവതീയുവാക്കള്‍ക്ക് ബ്ലോക്കടിസ്ഥാനത്തില്‍ പി.എസ്.സി കോച്ചിങ് സെൻററുകള്‍ ആരംഭിക്കും. അതുപോലെ 'ഉന്നതി പദ്ധതി'യിൽ ജില്ലയിലെ സര്‍ക്കാര്‍ സർവിസില്‍ തദ്ദേശീയരായവരെ കൊണ്ടുവരാന്‍ പരിശീലനം നല്‍കും.
മാലിന്യ പ്രശ്നത്തിന് പരിഹാരം
തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളെ ഏകോപിപ്പിച്ച് ഹരിതകേരള മിഷെൻറ സഹായത്തോടെ മാലിന്യ പ്രശ്നത്തിന് പരിഹാരം കാണും. സീറോ വേസ്റ്റ് കാസർകോട് ലക്ഷ്യമാക്കും.
പഠനസഹായ കേന്ദ്രങ്ങൾ തുറക്കും
കോവിഡ് പശ്ചാത്തലത്തിൽ കുട്ടികളെ സഹായിക്കുന്നതിന് വാർഡുകൾേതാറും പഠന സഹായ കേന്ദ്രങ്ങൾ തുറക്കും. ജില്ലാടിസ്ഥാനത്തില്‍ സ്കൂളുകളില്‍ പ്ലസ്ടു കുട്ടികള്‍ക്ക് കരിയർ ഗൈഡൻസ് കോഴ്സുകള്‍, കരിയര്‍ ബോധവത്കരണ ക്ലാസ് നൽകും.
വിധവകൾക്ക് കൂട്ട് പദ്ധതി
വിധവകളെ പുനർ വിവാഹത്തിന് സഹായിക്കുന്നതിന് കൂട്ട് പദ്ധതി നടപ്പാക്കും. 49500 വിധവകളുണ്ട്. പുനർ വിന്യാസം, തൊഴില്‍ പരിശീലനം എന്നിവയിൽ സ്ത്രീകളുടെ ശാക്തീകരണം ഉറപ്പുവരുത്തും.
അംഗൻവാടികൾക്ക് കെട്ടിടം
അംഗൻവാടി മേഖലയിൽ 1348 അംഗൻവാടികളുണ്ട്. കെട്ടിടമില്ലാത്ത അംഗന്‍വാടികള്‍ക്ക് കെട്ടിടവും ഭൂമിയും ജില്ല ഭരണകൂടവുമായി സഹകരിച്ച് ലഭ്യമാക്കും.
ആശുപത്രികൾ രോഗി സൗഹൃദമാക്കും
ജില്ല ആശുപത്രി കൂടുതല്‍ ജനസൗഹൃദമാക്കും. ഡയാലിസിസ് കേന്ദ്രങ്ങല്‍ കൂടുതല്‍ സ്ഥാപിക്കും. കുടുംബശ്രീയുമായി സഹകരിച്ച് സ്തീകളുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് കൂട്ടും, തൊഴിലവസരങ്ങൾക്ക് ത്രിതല പഞ്ചായത്ത് സംയുക്ത പദ്ധതികള്‍ ആവിഷ്കരിക്കും, അമ്മയും കുഞ്ഞും പാര്‍ക്ക് സ്ഥാപിക്കും.
ചെക്ഡാമുകൾ നിർമിക്കും
ജില്ലയിലെ റബറൈസ്ഡ് ചെക്ഡാമുകളുമായി മുന്നോട്ടുപോകും. മുൻ ജില്ല പഞ്ചായത്ത് ഭരണസമിതി ഇതിന് തുടക്കം കുറിച്ചിട്ടുണ്ട്. പുഴവെള്ളം കടലിലേക്ക് ഒഴുക്കാതെ തടഞ്ഞുനിർത്തി ജില്ലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കും.
പെരിയ എയർസ്ട്രിപ് ഉടൻ
പെരിയ എയർസ്ട്രിപ് പദ്ധതിയുമായി മുന്നോട്ടുപോകും. മുൻ ഭരണസമിതി മാതൃകാപരമായ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. ഇവയുടെ തുടർ പദ്ധതിയുണ്ടാകും. മീറ്റ് ദി പ്രസിൽ വൈസ് പ്രസിഡൻറ് ഷാനവാസ് പാദൂരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.