ബി.ജെ.പിക്ക് വിദ്യാഭ്യാസ സ്ഥിരംസമിതി; ലീഗിലെ പൊട്ടിത്തെറി അടങ്ങുന്നില്ല
text_fieldsകാസര്‍കോട്: നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്സനായി ബി.ജെ.പി അംഗം തെരഞ്ഞെടുക്കപ്പെട്ടതോടെ മുസ്ലിം ലീഗിലെ പൊട്ടിത്തെറി അടങ്ങുന്നില്ല. നേതൃത്വത്തിെൻറ പിടിപ്പുകേടാണ് കാരണമെന്നാരോപിച്ച് ലീഗ് കൗണ്‍സിലര്‍മാരായ മമ്മു ചാലയും അസ്മ മുഹമ്മദും പാർട്ടി നേതൃത്വത്തിനു രാജിക്കത്ത് നൽകിയിരുന്നു.
കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ചുള്ള കത്ത് ഇരുവരും തിങ്കളാഴ്ച മുസ്ലിം ലീഗ് വാർഡ് കമ്മിറ്റികൾക്കാണ് കൈമാറിയത്. 12ാം വാര്‍ഡ് അംഗമാണ് മമ്മു ചാല. ബന്ധുവായ അസ്മ മുഹമ്മദ് 13ാം വാര്‍ഡ് അംഗമാണ്. വാർഡ് കമ്മിറ്റികളുടെ തീരുമാനമനുസരിച്ച് തുടർ നടപടി കൈക്കൊള്ളുമെന്ന് മമ്മു ചാല പറഞ്ഞു.
വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ മമ്മു ചാലക്കും ബി.ജെ.പിയിലെ കെ. രജനിക്കും മൂന്നുവീതം വോട്ടുകളാണ് ലഭിച്ചത്. ഇതോടെ നറുക്കെടുപ്പ് വേണ്ടിവന്നു. നറുക്കെടുപ്പില്‍ രജനി വിജയിച്ചതോടെ ചെയര്പേഴ്സൻ സ്ഥാനം ബി.ജെ.പിക്ക് ലഭിച്ചു. 1995-2000 കാലയളവിന് ശേഷം ആദ്യമായാണ് ബി.ജെ.പിക്ക് സ്ഥിരംസമിതി അധ്യക്ഷസ്ഥാനം ലഭിക്കുന്നത്. കാസര്‍കോട് നഗരസഭയില്‍ ബി.ജെ.പിക്ക് കൂടുതല്‍ സ്വാധീനം കൈവരാന്‍ അവസരമുണ്ടാക്കിയത് ലീഗിെൻറ ജാഗ്രതക്കുറവാണെന്ന് കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തുന്നു. സി.പി.എം കൗണ്‍സിലറുടെയും രണ്ട് ലീഗ് വിമത കൗണ്‍സിലര്‍മാരുടെയും പിന്തുണ നേടിയെടുക്കാന്‍ ലീഗ് നേതൃത്വം ശ്രമം നടത്തിയിരുന്നുവെങ്കില്‍ സ്ഥിരംസമിതിയിൽ കൂടുതല്‍ ബി.ജെ.പി അംഗങ്ങള്‍ ഉണ്ടാകുമായിരുന്നില്ലെന്നാണ് കൗണ്‍സിലര്‍മാരുടെ ആരോപണം.
'പിന്തുണ നൽകാതിരുന്നത് രേഖാമൂലം ആവശ്യപ്പെടാതിരുന്നതിനാൽ'
കാസർകോട്: ലീഗ് നേതൃത്വം രേഖാമൂലം ആവശ്യപ്പെട്ടിരുന്നെങ്കില്‍ പിന്തുണ നല്‍കുമായിരുന്നുവെന്ന് വിമത കൗണ്‍സിലര്‍മാരുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കി. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഫോര്‍ട്ട് റോഡില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിച്ച റഷീദ് പൂരണം രേഖാമൂലം ആവശ്യപ്പെടാതെ തന്നെ പിന്നീട് ലീഗിന് പിന്തുണ നല്‍കിയിരുന്നു. ഇത്തവണ ചെയർമാൻ, വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ വിട്ടുനിന്ന വിമതർ, സ്ഥിരംസമിതി തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ അകറ്റിനിർത്താൻ വോട്ടുചെയ്യാൻ തീരുമാനിക്കുകയും അത് രേഖാമൂലം ലീഗ് ആവശ്യപ്പെടണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. എന്നാല്‍, ലീഗ് നേതൃത്വം അതിന് തയാറായില്ല. കഴിഞ്ഞ തവണ ലീഗിനെ പിന്തുണച്ചെങ്കിലും ഇതിനെതിരെ പരസ്യമായി പലതവണ അവഹേളനം നേരിടേണ്ടിവന്നതിനാലാണ് ഇത്തവണ രേഖാമൂലം പിന്തുണ ആവശ്യപ്പെടണമെന്ന നിർദേശം മുന്നോട്ടുവെച്ചത്.
എന്നാൽ, ലീഗ് മുനിസിപ്പൽ നേതൃത്വം ഇതിന് തയാറായില്ല. തങ്ങളെ അപ്രസക്തമാക്കുന്നതോടൊപ്പം ലീഗിലെ വിഭാഗീയതയുമാണ് ഈ നിലപാടിന് കാരണമെന്നും മമ്മു ചാലയെ പാർട്ടിക്കുള്ളിലെ ലോബി തോൽപിച്ചതാണെന്നും വിമത വിഭാഗം ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.