ഫാഷിസ്റ്റ് പ്രയോഗം: അന്വേഷണ സമിതിയെ അട്ടിമറിക്കാൻ നീക്കം
text_fieldsകാസർകോട്: കേന്ദ്ര സർവകലാശാലയിലെ ഓൺലൈൻ ക്ലാസിൽ അധ്യാപകൻ ബി.ജെ.പി സർക്കാറിനെ 'ഫാഷിസ്റ്റ്' എന്ന് പ്രയോഗിച്ചതിനെ കുറിച്ച് അന്വേഷിക്കുന്ന സമിതിയെ അട്ടിമറിക്കാൻ നീക്കം. അന്വേഷണ സമിതിയിൽ അതൃപ്തി പ്രകടിപ്പിച്ചുകൊണ്ട് എ.ബി.വി.പി, മാനവശേഷി മന്ത്രാലയത്തെ സമീപിച്ചു. മൂന്നംഗ സമിതിയിലെ ഭൂരിപക്ഷംപേരും ആർ.എസ്.എസുകാരല്ലാത്തതാണ് എ.ബി.വി.പിയെ ചൊടിപ്പിച്ചിരിക്കുന്നത്. മൂന്നംഗ സമിതിയെയാണ് പ്രശ്നം അന്വേഷിക്കാൻ വൈസ് ചാൻസലർ ഡോ.എച്ച്. വെങ്കടേശ്വർലു ചുമതലപ്പെടുത്തിയത്.
ഇൗ സമിതി അന്വേഷണവും ആരംഭിച്ചു. എന്നാൽ, സംഘ്പരിവാർ പക്ഷത്ത് നിൽക്കാത്തവരെ അന്വേഷണ സമിതിയുണ്ടാക്കി നടപടിയെടുത്ത് പുറത്താക്കുന്ന രീതിക്ക് പുതിയ വൈസ് ചാൻസലർ കൂട്ടുനിൽക്കാത്തതാണ് സംഘ്പരിവാറിനെ ചൊടിപ്പിച്ചിരിക്കുന്നത്. ഇതേത്തുടർന്ന് വിഷയം ദേശീയതലത്തിൽ എത്തിച്ച് വൈസ് ചാൻസലറെ സമ്മർദത്തിലേക്ക് എത്തിക്കാനാണ് ആർ.എസ്.എസ് നീക്കം. വിഷയം ബി.ജെ.പി ജില്ല സമിതി, ആർ.എസ്.എസ് ദേശീയ –സംസ്ഥാന മാധ്യമങ്ങൾ എന്നിവ ഏറ്റെടുത്തു. അധ്യാപകനെതിരെ അക്രമാസക്ത നീക്കമാണ് നടത്തുന്നത്. എ.ബി.വി.പി അവരുടെ എഫ്.ബി പേജിലിട്ടതിനുള്ള മറുപടികളിൽ അധ്യാപകനെതിരെ വധഭീഷണിവരെ ഉയർന്നിട്ടുണ്ട്. സർവകലാശാല പി.വി.സി സ്ഥാനത്തുനിന്നും പുറത്താക്കപ്പെട്ട ആർ.എസ്.എസ് നേതാവാണ് അധ്യാപകനെതിരെയുള്ള നീക്കത്തിനു പിന്നിലെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
ക്ലാസ് നോട്ടുകളും പവർപോയൻറ് സ്ലൈഡുകളും ക്ലാസിനു പുറത്ത് എത്തിക്കാൻ പാടുള്ളതല്ല. എന്നാൽ, ഇത് ചോർത്തിനൽകിയത് സർവകലാശാല ചട്ടത്തിനു വിരുദ്ധമാണ്. അന്വേഷണ സമിതി ഇതും അന്വേഷണ പരിധിയിൽ കൊണ്ടുവന്നാൽ ആർ.എസ്.എസ് നേതാവും കുടുങ്ങുമെന്ന് അധ്യാപകർ പറയുന്നു. അന്വേഷണ സമിതിയെ നിയമിച്ചത് നിയമ വിദഗ്ധരുമായി ആലോചിച്ചിട്ടല്ല എന്നാണ് എ.ബി.വി.പി ആരോപണം.
വിദഗ്ധ സമിതിയെന്ന് എ.ബി.വി.പി ഉദ്ദേശിക്കുന്നത് സർവകലാശാല കൗൺസിലർമാരെയാണ്. സർവകലാശാലയുടെ കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകരുമായി ആലോചിച്ച് അന്വേഷണ സമിതിയെ തീരുമാനിക്കണമെന്നാണ് എ.ബി.വി.പി പറയുന്നത്. ഈ അഭിഭാഷകരെല്ലാം ആർ.എസ്.എസുകാരാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.