കോവിഡ്: വാക്സിൻ എടുക്കാൻ എത്തിയവർ തമ്മിൽ വാക്കേറ്റവും ൈകയാങ്കളിയും
text_fieldsഇരിട്ടി: താലൂക്ക് ആശുപത്രിയിൽ കോവിഡ് വാക്സിനേഷനായി എത്തിയവർ ടോക്കണുവേണ്ടി തിരക്കു കൂട്ടിയത് അൽപനേരം പ്രശ്നങ്ങൾക്കിടയാക്കി. അതിരാവിലെ നാലു മുതൽ എത്തി കാത്തുനിന്നവർ എട്ടിന് ടോക്കൺ കൊടുക്കാൻ ആരംഭിച്ചതോടെ തിരക്കുകൂട്ടിയതും തള്ളിക്കയറിയതുമാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. ഇതിനിടയിൽ ടോക്കൺ ലഭിച്ചവർ അത് തിരിച്ചുകൊടുക്കാതെ പുറത്തുനിൽക്കുന്നവർക്ക് കൈമാറിയതും ഇതുമൂലം യഥാർഥത്തിൽ ടോക്കൺ ലഭിച്ചവർക്ക് വാക്സിനെടുക്കാതെ തിരിച്ചുപോകേണ്ടിവന്നതും വൻ ബഹളത്തിനിടയാക്കി. ഇത് ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള കൈയേറ്റ ശ്രമത്തിനും ഇടയാക്കി.
വ്യാഴാഴ്ച 500 പേർക്ക് വാക്സിനേഷൻ നൽകുമെന്നും ഇവർക്ക് രാവിലെ 10 വരെ ടോക്കൺ നൽകുമെന്നുമാണ് ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും അറിയിപ്പുണ്ടായിരുന്നത്. ടോക്കൺ കരസ്ഥമാക്കാനായി സ്ത്രീകൾ അടക്കം രാവിലെ നാലു മുതൽ ആശുപത്രി പരിസരത്ത് എത്തി. ഏഴ് ആകുമ്പോഴേക്കും നൂറുകണക്കിന് പേർ സ്ഥലത്തെത്തിയെങ്കിലും എട്ടു മുതൽ മാത്രമേ ടോക്കൺ വിതരണം ഉണ്ടാകുള്ളൂ എന്ന വിവരമാണ് ഇവർക്ക് കിട്ടിയത്. ഇതിനിടയിൽ മണിക്കൂറുകളായി കാത്തുനിന്ന പലരും അസ്വസ്ഥമാകുന്നത് കാണാമായിരുന്നു. വന്നവർ വന്നവർ നിരന്നു നിന്ന് ഒരു ക്യൂ രൂപപ്പെട്ടുവെങ്കിലും ഇതിൽ ഉൾപ്പെടാതെ പലരും പലയിടങ്ങളിലായി കൂട്ടം കൂടി നിൽക്കുന്നതും കാണാമായിരുന്നു.
ഒടുവിൽ എട്ടു മുതൽ ടോക്കൺ വിതരണം ആരംഭിച്ചതോടെ ക്യൂവിൽ നിൽക്കുന്നവരെ മറികടന്ന് പലയിടങ്ങളിലായി കൂടിനിന്നവർ ടോക്കണുവേണ്ടി തള്ളിക്കയറിയതാണ് ആദ്യം ബഹളങ്ങൾക്കിടയാക്കിയത്. ഇത് വാക്കേറ്റങ്ങൾക്കും ഉന്തിലും തള്ളിലും കലാശിക്കുകയും ചെയ്തു. ആരോഗ്യപ്രവർത്തകരും ആശുപത്രി ജീവനക്കാരും ചേർന്ന് തൽക്കാലം പ്രശ്നങ്ങൾ തണുപ്പിച്ച് 500 ടോക്കണുകൾ നൽകി വാക്സിനേഷനും തുടങ്ങി.
ഉച്ചകഴിഞ്ഞപ്പോഴാണ് മറ്റൊരു പ്രശ്നം ഉടലെടുത്തത്. ടോക്കൺ ലഭിച്ച് വാക്സിനേഷൻ എടുത്തവർ ടോക്കണുകൾ മേശപ്പുറത്തു വെക്കുന്നതായി കാണിച്ച് തിരിച്ചെടുത്തു കൊണ്ടുപോകുന്നത് ഇവിടെയിരുന്ന് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കുന്ന ജീവനക്കാർ ശ്രദ്ധിച്ചിരുന്നില്ല. തിരിച്ചുകൊണ്ടുപോയവർ ഇത്തരം ടോക്കണുകൾ പുറത്തുനിൽക്കുന്നവർക്ക് കൈമാറി. ഇങ്ങനെ നൂറോളം ടോക്കണുകൾ കൈമാറി എന്നാണ് അറിയുന്നത്.
ആശുപത്രി അധികൃതർ നൽകിയ 500 ടോക്കണുകൾ പ്രകാരമുള്ള വാക്സിനേഷൻ പൂർത്തിയാക്കുകയും മരുന്ന് തീരുകയും ചെയ്തു.
അപ്പോഴാണ് നൂറോളം പേർ ടോക്കണുമായി പുറത്തു കാത്തുനിൽക്കുന്നതായി അറിയുന്നത്. ഇത് വൻ ബഹളത്തിൽ കലാശിക്കുകയായിരുന്നു.
ടോക്കണെടുത്ത് പുറത്തു നിൽക്കുന്നവർ ഓഫിസിലേക്ക് ഇരച്ചുകയറുകയും ബഹളത്തിനിടെ ആരോഗ്യപ്രവർത്തകർക്കു നേരെ ൈകയേറ്റ ശ്രമം വരെ ഉണ്ടാവുകയും ചെയ്തു. വിവരമറിയിച്ചതിനെത്തുടർന്ന് ഇരിട്ടി പൊലീസ് എത്തിയാണ് എല്ലാവരെയും സ്ഥലത്തുനിന്നും മാറ്റിയത്. അതേസമയം ഇരിട്ടി താലൂക്ക് ആശുപത്രി സ്ഥിതിചെയ്യുന്നത് കണ്ടെയ്ൻമെൻറ് സോണിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.