സോളാര്‍ പാര്‍ക്ക് വന്നു; വെള്ളൂടയില്‍ ചൂട് കുറഞ്ഞു
text_fieldsകാസര്‍കോട്: അമ്പലത്തറയിലെ വെള്ളൂടയില്‍ സോളാര്‍ പാര്‍ക്ക് വന്നതോടെ സമീപപ്രദേശങ്ങളില്‍ ഗുണപരമായ നിരവധി മാറ്റങ്ങളാണ് കണ്ടുതുടങ്ങിയതെന്ന് (ആര്.പി.സി.കെ.എല്‍) സി.ഇ.ഒ അഗസ്റ്റിന് തോമസ് പറയുന്നു. ഏക്കര്‍കണക്കിന് വ്യാപിച്ചുകിടക്കുന്ന കരിമ്പാറകളും തരിശുഭൂമികളും വലിയ അളവില്‍ സൂര്യതാപത്തെ ആഗിരണം ചെയ്യും. ഈ താപം രാത്രി ഭൂമി പുറന്തള്ളുകയും ചെയ്യും.
സോളാര്‍ പാനലുകള്‍ വരുന്നതോടെ നേരിട്ട് സൂര്യപ്രകാശമേല്‍ക്കില്ല. പ്രദേശത്തെ പാറക്കൂട്ടങ്ങള്‍ തണുത്താല്‍ അന്തരീക്ഷ ഊഷ്മാവ് മൂന്ന്് ഡിഗ്രി വരെ കുറയുന്ന സാഹചര്യമുണ്ട്. ഇത് വെള്ളൂടയുടെ പരിസ്ഥിതിയില്‍ മാറ്റം സൃഷ്ടിക്കുകയും ഹരിതാഭമാക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജസ്ഥാനിലെ ഉഷ്ണമേഖലകളിലും ഗുജറാത്തിലെ കച്ച് മേഖലകളിലും സമാന സാഹചര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും, വെള്ളൂടയിലെ അനുഭവ യാഥാർഥ്യം സോളാര്‍ പാര്‍ക്കുകള്‍ വരുമ്പോള്‍ ജനങ്ങള്‍ക്ക് ആദ്യഘട്ടത്തിലുണ്ടാകുന്ന ആശങ്കകള്‍ ദൂരീകരിക്കാന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിവിധ സൗരോര്‍ജ പദ്ധതികളിലൂടെ ജില്ല സംസ്ഥാനത്ത് മികച്ച മുന്നേറ്റമാണ് നടത്തുന്നത്. വരും വര്‍ഷങ്ങളില്‍ തന്നെ ഉൽപാദനത്തില് സ്വയം പര്യാപ്തത നേടി മറ്റു ജില്ലകളിലേക്കും വൈദ്യുതി എത്തിക്കാന്‍ ജില്ലക്ക് സാധിക്കും.
സംസ്ഥാനത്തെ ആദ്യ മെഗാ സോളാര്‍പാര്‍ക്ക് കാസര്‍കോടിന് സ്വന്തം
കാസര്‍കോട്: വൈദ്യുതി ഉൽപാദനത്തിെൻറ 10 ശതമാനം സൗരോര്‍ജം വഴിയാവണമെന്ന ലക്ഷ്യം പൂര്ത്തീകരിക്കുന്നതിെൻറ ഭാഗമായാണ് സംസ്ഥാനത്തെ ആദ്യത്തെ മെഗാ സോളാര്‍ പാര്‍ക്ക് അമ്പലത്തറ വെള്ളൂടയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. റവന്യൂ വകുപ്പ് കെ.എസ്.ഇ.ബിക്ക് കൈമാറിയ 250 ഏക്കറിലാണ് പദ്ധതി നടപ്പിലാക്കിയത്.
സംസ്ഥാനത്തെ ആദ്യത്തെ സോളാര്‍ സബ്സ്റ്റേഷനും അമ്പലത്തറയിലാണ് സ്ഥാപിച്ചിട്ടുള്ളത്. പാര്ക്കിനോടനുബന്ധമായി 220 കെ.വി സബ്സ്റ്റേഷനാണ് നിര്‍മിച്ചത്. ഇതിലൂടെയാണ് പ്രസരണത്തിനുള്ള വൈദ്യുതി എത്തിക്കുന്നത്. 25 വര്‍ഷത്തെ പാട്ടവ്യവസ്ഥയിലാണ് ഭൂമി നല്‍കിയിട്ടുള്ളത്. ആദ്യത്തെ അഞ്ച് വര്‍ഷം സൗജന്യമായിരിക്കും. പൊതുമേഖല സ്ഥാപനമായ ഇന്ത്യന്‍ റിന്യൂവബ്ള്‍ എനര്‍ജി ഡെവലപ്മെൻറ് ഏജന്‍സി (ഐ.ആർ.ഇ.ഡി.എ)യാണ് സോളാര്‍ പാര്‍ക്ക് നിര്‍മിച്ചത്.
ജാക്സണ് എന്‍ജിനീയേഴ്സ് എന്ന സ്വകാര്യ കമ്പനിക്കായിരുന്നു കരാര്‍. സോളാര്‍ പാര്‍ക്കില്‍നിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് നിശ്ചിത നിരക്കിലാണ് ഐ.ആർ.ഇ.ഡി.എ വില്‍ക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.