പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ കുടുംബത്തിന് വീടൊരുക്കണം–ബാലാവകാശ കമീഷന്‍
text_fieldsകാസർകോട്: പെര്‍ള കജ്ജംപാടി കോളനിയില്‍ മുലപ്പാൽ കുടിക്കുന്നതിനിടെ പാമ്പുകടിയേറ്റ് മരിച്ച ദീപക് എന്ന കുഞ്ഞിെൻറ കുടുംബത്തിന് വീട് ഒരുക്കണമെന്ന് ബാലാവകാശ കമീഷന്‍ ഉത്തരവിട്ടു.
കഴിഞ്ഞവര്‍ഷം സെപ്റ്റംബര്‍ 14നാണ് എന്‍മകജെ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ കജംപാടി ഐ.എച്ച്.ഡി.പി കോളനിയിലെ കാന്തപ്പ - കുസുമ ദമ്പതികളുടെ രണ്ടുവയസ്സുകാരന്‍ ദീപക് രാത്രിയിൽ വീട്ടിനകത്ത് നിലത്ത് പായയിൽ കിടന്ന് മുലപ്പാൽ കുടിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ് മരിച്ചത്.
സ്ഥിരമായി പാമ്പുശല്യം ഉള്ള പ്രദേശത്തെ കോളനിയിലെ മുഴുവന്‍ വാസയോഗ്യമല്ലാത്ത കുടിലുകളും പി.എം.ജി.എസ്.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീടുകള്‍ നിർമിക്കാനാണ് കമീഷൻ നിർദേശിച്ചത്. കോളനിയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് സ്ഥാപിച്ച മിനിമാസ്റ്റ് ലൈറ്റ് വൈദ്യുതീകരിച്ച് പ്രവര്‍ത്തന സജ്ജമാക്കണമെന്നും എന്‍മകജെ പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.
കോളനിക്ക് സമീപത്തെ ഫാമിലി വെല്‍ഫെയര്‍ സെൻറർ ഉടൻ പ്രവര്‍ത്തനം ആരംഭിക്കണമെന്നും നിർദേശിച്ചു. ജില്ലയില്‍ ഏതൊക്കെ ആശുപത്രികളിലാണ് ആൻറിവെനം സൗകര്യമുള്ളതെന്ന് പൊതുജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കാന്‍ നടപടി സ്വീകരിക്കാന്‍ ജില്ല മെഡിക്കല്‍ ഓഫിസറോടും ആവശ്യപ്പെട്ടു.
ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീമിനുവേണ്ടി സി.കെ. നാസര്‍ കാഞ്ഞങ്ങാട് നല്‍കിയ ഹരജിയിലാണ് ബാലാവകാശ കമീഷന്‍ അംഗം ഫാ. പി.വി. ഫിലിപ്പ് പരക്കാട്ട് ഉത്തരവ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.