നങ്കൂരമിട്ടിരിക്കുന്നത് മുപ്പതിലേറെ ഹൗസ് ബോട്ടുകൾ; കണ്ണീർക്കയത്തിൽ കവ്വായിക്കായൽ
text_fieldsതൃക്കരിപ്പൂർ: കോടികൾ മുതൽമുടക്കി നീറ്റിലിറക്കിയ ഹൗസ് ബോട്ടുകൾ കോവിഡ് നിയന്ത്രണങ്ങളിൽപെട്ട് ഉടമകൾക്കും തൊഴിലാളികൾക്കും സമ്മാനിക്കുന്നത് കണ്ണീർ മാത്രം. ചെറുതും വലുതുമായ മുപ്പതിലേറെ ഹൗസ് ബോട്ടുകളാണ് കവ്വായിക്കായലിെൻറ വിവിധ മേഖലകളിൽ നങ്കൂരമിട്ടിരിക്കുന്നത്.
കാസർകോട് ജില്ലയിൽ നീലേശ്വരം കോട്ടപ്പുറം മുതൽ തെക്ക് തൃക്കരിപ്പൂർ വരെ കവ്വായിക്കായൽ കേന്ദ്രീകരിച്ചാണ് ഹൗസ് ബോട്ടുകൾ സർവിസ് നടത്തിയിരുന്നത്. വിഷുവും ഓണവും പെരുന്നാളും ചേർന്ന നല്ലൊരു സീസൺ കോവിഡ് നിയന്ത്രണങ്ങളിൽ ഇല്ലാതായി. 50 മുതൽ 75 ലക്ഷം രൂപ വരെ ചെലവിലാണ് ഹൗസ് ബോട്ടുകൾ കെട്ടിയൊരുക്കുന്നത്. ജില്ലയിൽ ഭൂരിഭാഗം ബോട്ടുകളും നാലോ അഞ്ചോ വ്യക്തികൾ അടങ്ങുന്ന വിവിധ സംഘങ്ങളുടെ പേരിലാണ്.
ബോട്ടുകൾക്കായി പ്രത്യേകം ബാങ്ക് ലോൺ ലഭിക്കാത്തതിനാൽ വസ്തുവും മറ്റും പണയപ്പെടുത്തിയാണ് സംരംഭകർ ലോണുകൾ തരപ്പെടുത്തി ബോട്ടുകൾ ഇറക്കുന്നത്. ഓരോന്നിലും രണ്ട് സ്രാങ്കുമാർ, ഒരുസഹായി, ഒരു പാചകക്കാരൻ എന്നിങ്ങനെ നാല് ജീവനക്കാർ തൊഴിലെടുക്കുന്നു.
ഇത്തരത്തിൽ 200 പേർക്ക് പ്രത്യക്ഷത്തിലും പരോക്ഷമായി 300 പേർക്കും തൊഴിൽ നഷ്ടമായിട്ടുണ്ട്. ഇവരിൽ പലരും മത്സ്യബന്ധനം നടത്തിയാണ് കഴിഞ്ഞ അഞ്ചുമാസമായി കഴിഞ്ഞുകൂടുന്നത്. തിരിച്ചടവ് സാവകാശമായി മൊറട്ടോറിയം ലഭിച്ചാലും അഞ്ചുമാസത്തെ പലിശതന്നെ ഭീമമായ ബാധ്യതയാവുമെന്ന് തൃക്കരിപ്പൂരിലെ ദാസൻ ആയിറ്റി പറഞ്ഞു.
ബോട്ടുകൾ കായലിൽ വെറുതെ കിടക്കുന്നതിനാൽ ഉരുക്കുനിർമിതമായ അടിഭാഗത്ത് കക്കയും മുരുവും വളർന്നിരിക്കുകയാണ്. ബോട്ട് കയറ്റി ഇവ നീക്കം ചെയ്ത് വീണ്ടും ചായം പൂശാൻ തുക വേറെ കണ്ടെത്തണം.ദാസനും പങ്കാളികളും ചേർന്ന് ബോട്ട് നീറ്റിലിറക്കി കഷ്ടിച്ച് ഒരുമാസമാണ് പ്രവർത്തിപ്പിക്കാനായത്. ബോട്ടിലുള്ള ബാറ്ററിയും മറ്റ് ഇലക്ട്രോണിക് സാധനങ്ങളും ചാർജ് ചെയ്യാതെ നശിക്കുകയാണ്. ഈ മേഖലയിൽ സർക്കാറിെൻറ കനിവ് കാക്കുകയാണ് ഇവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.