കർണാടക പച്ചക്കറിവിലയും കുതിക്കുന്നു; ഉള്ളി വില രണ്ടു ദിവസംകൊണ്ട് 10 രൂപയിലധികം വർധിച്ചു
text_fieldsകാസർകോട്: കോവിഡ് പ്രതിസന്ധിയിൽനിന്ന് നാട് കരകയറാൻ ശ്രമിക്കുന്നതിനിടെ നിത്യോപയോഗ സാധനങ്ങൾക്ക് വില വർധിക്കുന്നത് കുടുംബ ബജറ്റ് താളംതെറ്റിക്കുന്നു. കർണാടകയിൽനിന്ന് വരുന്ന പച്ചക്കറിക്കും വിലവർധിക്കുന്നത് വ്യാപാരികളെയും ഉപഭോക്താക്കളെയും ഒരുപോലെ ദുരിതത്തിലാക്കുകയാണ്.പയർ, ബീൻസ്, പീച്ചിങ്ങ എന്നിവക്ക് ഒരാഴ്ചക്കിടെ 10 രൂപ വരെ വ്യത്യാസം രേഖപ്പെടുത്തി. കാരറ്റ്, ബീറ്റ്റൂട്ട്, പച്ചമുളക് എന്നിവയുടെ വിലകളാണ് മാറ്റമില്ലാതെ തുടരുന്നത്. അഞ്ചു മുതൽ എട്ടു രൂപ വരെയാണ് പയറിന് വർധിച്ചത്.
ഉൽപാദനത്തിൽ കാര്യമായ കുറവുണ്ടായില്ലെങ്കിലും എണ്ണ വില കുതിക്കുന്നതാണ് വിലവിർധനക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു. ഉള്ളിക്ക് രണ്ടു ദിവസംകൊണ്ടാണ് 10 രൂപയിലധികം വർധിച്ചത്. 40 രൂപയുണ്ടായിരുന്ന ഉള്ളി 51ലും 52ലുമെത്തി നിൽക്കുകയാണ് ശനിയാഴ്ച. ജനുവരിയിൽ റെക്കോഡ് വിലക്കുറവിൽ വിറ്റിരുന്ന ഉരുളക്കിഴങ്ങിനും ഒരാഴ്ചക്കിടെ വില വർധിച്ചു.
നാടൻ പച്ചക്കറികൾ വിൽപനക്ക് ലഭിക്കാറുണ്ടെങ്കിലും ഇവക്ക് വില അധികമാണ്. എന്നാൽ, ഈ വില കൊടുത്തും വാങ്ങാൻ ആളുകൾ തയാറാണ്. കർഷകരിൽനിന്നും നേരിട്ടാണ് ഇവ വാങ്ങുന്നത്.
ഏതെങ്കിലും രണ്ട് നാടൻ ഇനങ്ങൾ വെച്ചാലേ മറ്റിനങ്ങൾ വിറ്റു പോവുകയുള്ളൂവെന്ന് കച്ചവടക്കാർ പറഞ്ഞു. വില വർധനക്കു മുമ്പ് കോവിഡ് പ്രതിസന്ധിയാണ് കച്ചവടം കുറയാൻ കാരണമെങ്കിൽ ഇപ്പോൾ ദിനേന വർധിക്കുന്ന വിലയാണ് വില്ലൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.