കാസർകോട് ജില്ല ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പ് നീക്കം വിവാദത്തിലേക്ക്
text_fieldsകാസർകോട്: ജസ്റ്റിസ് ലോധ കമീഷൻ റിപ്പോർട്ടിലെയും അതുസംബന്ധിച്ച സുപ്രീംകോടതി വിധികളിലെയും നിർദേശങ്ങൾ നിലനിൽക്കേ കാസർകോട് ജില്ല ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കം വിവാദത്തിലേക്ക്.
ലോധ കമീഷൻ നിർദേശമനുസരിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ ബൈലോ രജിസ്റ്റർ ചെയ്തെങ്കിലും നിലവിൽ ജില്ല ക്രിക്കറ്റ് അസോസിയേഷനുകളുടെ ഭരണനിർവഹണത്തിന് ബൈലോ നിലവിൽ വന്നിട്ടില്ല.
ലോധ കമീഷൻ നിർദേശപ്രകാരം ആറുവർഷം തുടർച്ചയായി ഭാരവാഹിയായവർക്ക് മൂന്നുവർഷം അധികാരത്തിൽനിന്ന് മാറി പുറത്തുനിന്നാൽ മാത്രമേ ഒരുതവണ കൂടി മത്സരിക്കാനാവൂ.
ഒമ്പതു വർഷം പൂർത്തിയായ ഭാരവാഹികൾ പിന്നീട് മത്സരിക്കരുത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ സ്ഥാനത്തുനിന്നും വിരമിച്ചവരാവണം റിട്ടേണിങ് ഓഫിസർ. ഒരു ക്ലബിന് ഒരു വോട്ടിനു മാത്രമേ അർഹതയുള്ളൂ. തെരഞ്ഞെടുപ്പിന് 21 ദിവസത്തെ നോട്ടീസ് വേണം.
എന്നാൽ, ജനുവരി 17ന് കാസർകോട് ക്രിക്കറ്റ് അസോസിയേഷൻ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ജനുവരി ഒന്നിനാണ് ജില്ല ക്രിക്കറ്റ് അസോസിയേഷൻ അംഗങ്ങളായിട്ടുള്ള ക്ലബ് പ്രതിനിധികൾക്ക് കത്തയച്ചതെന്നാണ് ആരോപണം. അതിൽ തന്നെ കെ.സി.എ സെക്രട്ടറി ഒപ്പിട്ട തെരഞ്ഞെടുപ്പ് ഷെഡ്യൂളും വോട്ടർ പട്ടികയുടെ കോപ്പിയും അടക്കം ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് ഷെഡ്യൂളിൽ അരാണ് റിട്ടേണിങ് ഓഫിസറെന്നോ, ഏതൊക്കെ പോസ്റ്റിലേക്കാണ് തെരഞ്ഞെടുപ്പെന്നോ പ്രതിപാദിച്ചിട്ടില്ല. വോട്ടർ പട്ടികയിൽ അഞ്ചു ക്ലബുകൾക്ക് രണ്ടും മൂന്നും വോട്ടുകൾ ഉള്ളതായും രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള ഭാരവാഹികളിൽ ഭൂരിഭാഗം പേരും 15 വർഷത്തിലധികം തുടർച്ചയായി ഭാരവാഹികളായവരാണ്.
അവർക്ക് വീണ്ടും സ്ഥാനത്തെത്താനായി ധിറുതിപിടിച്ച് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നുവത്രേ. ജനുവരി ആറായിരുന്നു നോമിനേഷൻ നൽകാനുള്ള അവസാന തീയതി. അപ്പോഴേക്കും പല അംഗങ്ങൾക്കും അറിയിപ്പുപോലും ലഭിച്ചിരുന്നില്ല. അറിയിപ്പ് കിട്ടി നോമിനേഷൻ സമർപ്പിക്കാൻ പോയ പുതിയ അംഗങ്ങൾക്ക് റിട്ടേണിങ് ഓഫിസറില്ലാത്തതിനാൽ നോമിനേഷൻ ഫോറം പോലും ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്. എന്നാൽ, ഏഴാം തീയതി മുൻ ഭാരവാഹികൾ തന്നെ തെരഞ്ഞെടുക്കപ്പെട്ടതായി പ്രഖ്യാപനം വന്നു. ഞായറാഴ്ചയാണ് നോമിനേഷൻ പിൻവലിക്കേണ്ട അവസാന തീയതി എന്നിരിക്കെയാണ് ഫലപ്രഖ്യാപനം.
കോടതി ഉത്തരവുകളും ലോധ കമീഷൻ റിപ്പോർട്ടും കാറ്റിൽപറത്തി തെരഞ്ഞടുപ്പ് നടത്തിയതിനെതിരെ നാസ്ക് ബങ്കരക്കുന്ന് ക്ലബ് അഡ്വ. കെ. വിനോദ് കുമാർ മുഖാന്തരം മുൻസിഫ് കോടതിയെ സമീപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.