കാസർകോട് വോട്ടുയന്ത്രങ്ങള്‍ കൈമാറി
text_fieldsകാസർകോട്: ജില്ലയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ (ഇ.വി.എം) സ്ഥാനാര്‍ഥികളുടെ പട്ടിക പതിക്കുന്നതിനായി ബ്ലോക്ക്/നഗരസഭ വരണാധികാരികള്‍ക്ക് കൈമാറി. കലക്ടറേറ്റിലെ വെയര്‍ ഹൗസില്‍ നിന്നാണ് ചൊവ്വാഴ്ച രാവിലെ മുതല്‍ ഇ.വി.എം വിതരണം ചെയ്തത്. ആറു ബ്ലോക്കുകളിലേക്കായി 20 ശതമാനം റിസര്‍വ് ഉള്‍പ്പെടെ 1,547 കണ്ട്രോള് യൂനിറ്റുകളും 4,641 ബാലറ്റ് യൂനിറ്റുകളുമാണ് വിതരണം ചെയ്തത്. മൂന്നു നഗരസഭകളിലേക്കായി റിസര്‍വ് ഉള്‍പ്പെടെ 143 വീതം കണ്ട്രോള് യൂനിറ്റുകളും ബാലറ്റ് യൂനിറ്റുകളുമാണുള്ളത്.
തിരിച്ചറിയല്‍ രേഖകള്‍
കാസർകോട്:തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തുന്ന സമ്മതിദായകര്‍ക്ക് ഹാജരാക്കാവുന്ന തിരിച്ചറിയല്‍ രേഖകളുടെ ലിസ്റ്റ് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന് പുറത്തിറക്കി. പോളിങ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ ലിസ്റ്റിലെ ഏതെങ്കിലും ഒരു രേഖ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനെ കാണിക്കണം.
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഫോട്ടോ പതിച്ചിട്ടുള്ള എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ബുക്ക്, ഏതെങ്കിലും ദേശസാത്കൃത ബാങ്കില്‍നിന്ന് തെരഞ്ഞെടുപ്പ് തീയതിക്ക് ആറുമാസ കാലയളവിന് മുമ്പുവരെ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, വോട്ടര്‍ പട്ടികയില്‍ പുതിയതായി പേര് ചേര്‍ത്തിട്ടുള്ള വോട്ടര്‍മാര്‍ക്ക് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നല്‍കിയിട്ടുള്ള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ തിരിച്ചറിയല്‍ രേഖയായി ഉപയോഗിക്കാം.
വേതനത്തോടുകൂടിയ അവധി
കാസർകോട്: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്ന ഡിസംബര്‍ 14ന് സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് വേതനത്തോടുകൂടിയ അവധി അനുവദിക്കാന്‍ ലേബര്‍ കമീഷണര്‍ ഉത്തരവിറക്കി. അവധി അനുവദിക്കുന്നത് തൊഴിലാളി ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലിന് നഷ്ടമുണ്ടാകാന്‍ ഇടയുണ്ടെങ്കില്‍ അവര്‍ക്ക് വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നല്‍കണം.
സ്വന്തം ജില്ലക്ക് പുറത്ത് തൊഴിലിലേര്‍പ്പെട്ട വോട്ടര്‍മാര്‍ക്ക് വോട്ടെടുപ്പ് ദിവസം സ്വന്തം ജില്ലയിലെ പോളിങ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക അനുമതി നല്‍കണമെന്നും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.