ആർക്കാണ് നിങ്ങൾ 'ലൈഫ്' നൽകുന്നത് ?
text_fieldsപരപ്പ: ആർക്കാണ് സർ നിങ്ങൾ 'ലൈഫ്' നൽകുന്നത്? സദാശിവെൻറ താമസസ്ഥലവും ജീവിതവും കണ്ടാൽ ആരും സർക്കാറിനോട് ചോദിച്ചുപോകും. വീടില്ലാത്തവന് ജീവിതത്തിെൻറ താങ്ങ് എന്ന് ഉദ്ഘോഷിക്കുന്ന ലൈഫ് ഭവനപദ്ധതിയിൽ ബാർബർ സദാശിവൻ ഉൾപ്പെടില്ലേ? ലൈഫ് പദ്ധതിയിൽ ലഭിച്ച വീടിനെ ഇരുനില മാളികയാക്കുന്ന ഗുണഭോക്താക്കളുള്ള നാട്ടിൽ, കുറച്ചധികം സ്ഥലമുണ്ടെന്ന പേരിൽ തഴയപ്പെട്ടയാളാണ് ബാർബർ സദാശിവൻ.
നിത്യരോഗിയായി മലമുകളിൽ ഭാര്യയോടൊപ്പം ദുരിത ജീവിതം നയിക്കുന്നത് കൺകുളിർക്കെ കണ്ടാൽ ലൈഫിെൻറ മാനദണ്ഡങ്ങൾ മാറ്റേണ്ടിവരും. 25 സെൻറിനു താഴെ സ്ഥലമുള്ളവർക്കാണ് ലൈഫ് പദ്ധതിയിൽ വീട് നൽകുന്നത്. മലമുകളിൽ ഓലക്കുടിലിൽ താമസിക്കുന്ന സദാശിവന് 60 സെൻറ് സ്ഥലമുണ്ട്. അതാണ് വീട് ലഭിക്കാത്തതിന് കാരണം. ബളാൽ ഗ്രാമപഞ്ചായത്തിലെ പായാളം മലമുകളിലാണ് പടിഞ്ഞാറെ പുരയിൽ സദാശിവനും ഭാര്യ രമണിയും താമസിക്കുന്നത്.
പ്രായത്തിനൊപ്പം അപൂർവ രോഗം പിടിപെട്ടതിനാൽ സദാശിവന് ജോലി ചെയ്യാൻ കഴിയില്ല. മരുന്നിെൻറ ശക്തിയിലാണ് ജീവിച്ചുപോകുന്നത്. മരുന്നു വാങ്ങാനും പണമില്ല. പഞ്ചായത്ത്് വൈസ് പ്രസിഡൻറ് രാധാമണിയുടെ സഹായത്താൽ പാലിയേറ്റിവുകാരെ ബന്ധപ്പെടുത്തിയാണ് ഇപ്പോൾ മരുന്ന് ലഭിക്കുന്നത്. മരുന്നും ജീവിത ചെലവും എല്ലാംചേർത്ത് മുന്നോട്ടുപോകാൻ കഴിയാത്ത അവസ്ഥയിലാണ് സദാശിവൻ.
പതിനൊന്നാം വയസ്സിലാണ് കോട്ടയം ജില്ലയിൽ നിന്നും പരപ്പയിൽ എത്തിയത്. ഈ പ്രായത്തിൽതന്നെ പരപ്പയിൽ ബാർബർ ഷോപ് തുടങ്ങി. 2017ൽ തലച്ചോറിലേക്കുള്ള ഞരമ്പ് മുറിഞ്ഞ് കിടപ്പിലായി. ഇപ്പോഴും കിടപ്പിൽ കഴിയുന്ന സദാശിവനെ നാട്ടുകാരും സുമനസ്സുകളും കൈകോർത്ത് ചികിത്സിച്ചുവരുന്നു. വിവിധ ആശുപത്രികളിലായി എട്ടുലക്ഷം രൂപയോളം ചെലവായി. ഉദാരമതികളും ബാർബർ അസോസിയേഷൻ ജില്ല കമ്മിറ്റിയും സദാശിവനെ സഹായിച്ചിട്ടുണ്ട്.
പഞ്ചായത്തിെൻറ പാലിയേറ്റിവ് പ്രവർത്തകർ സദാശിവനെ പരിചരിച്ച് മരുന്നുകൾ നൽകുന്നുണ്ടെങ്കിലും മിക്ക മരുന്നുകളും പുറത്തുനിന്നും വാങ്ങേണ്ടതാണ്. പ്രതിമാസം നല്ല തുക ഇതിനായി വേണം. ഇവരുടെ പെൺമക്കൾ അന്യജില്ലകളിലാണ്. കോവിഡ് കാരണം എത്താനും കഴിയുന്നില്ല.
പായാളം മലമുകളിലെ മലഞ്ചെരുവിൽ ഓലകൊണ്ടും പ്ലാസ്റ്റിക് ഷീറ്റുകൊണ്ടും കെട്ടിയ കുടിലിലാണ് ഇപ്പോൾ സദാശിവനും ഭാര്യ രമണിയും താമസിക്കുന്നത്. പരസഹായമില്ലാതെ എഴുന്നേറ്റിരിക്കാൻ പോലും കഴിയാത്ത സദാശിവൻ അലിവുള്ള മനസ്സുകൾ തേടുകയാണ്. നഗരങ്ങളിലും മലയോരത്തും ഒരേ മാനദണ്ഡമുണ്ടായതാണ് സദാശിവനെ പോലുള്ളവർ തഴയപ്പെടാൻ കാരണമെന്ന് ബളാൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാധാമണി പറയുന്നു. പ്രധാനമന്ത്രിയുടെ ആവാസ് യോജനയിൽ സദാശിവെൻറ പേരുണ്ട്. അതിൽ വീട് നൽകാൻ ശ്രമിക്കുമെന്നും രാധാമണി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.