മാറുന്ന കാലത്തിലും മാറാതെ കാസർകോട്
text_fieldsകാലത്തിനൊപ്പം വളരാത്ത ഒരൊറ്റ ജില്ലയേ നമുക്കുള്ളൂ. കേരളത്തിെൻറ വടക്കേയറ്റത്ത് കിടക്കുന്ന ആ ജില്ലക്ക് ഒരുപേരുണ്ട്. അതാണ് കാസർകോട്. 1984 മേയ് 24ന് പിറവികൊണ്ട കാസർകോടിന് ഇന്ന് 37വയസ്സ് തികഞ്ഞു. ഒരു പിന്നാക്ക പ്രദേശത്തിെൻറ സമഗ്ര വികസനം ലക്ഷ്യമിട്ടാണ് ജില്ലയെന്ന സങ്കൽപം സാധ്യമാക്കിയത്. ചരിത്രപരവും ഭൂമിശാസ്ത്രപരവുമായ സവിശേഷതകൾ ഏറെയുള്ള ജില്ല. സപ്തഭാഷാ സംഗമഭൂമി, തെയ്യത്തിെൻറയും പൂരക്കളിയുടെയും കോട്ടകളുടെയും നാട്. കേരളത്തിെൻറ ആദ്യ മുഖ്യമന്ത്രിയെ തെരഞ്ഞെടുത്ത നാട്. സംസ്ഥാന സർക്കാറിെൻറ ഒൗദ്യോഗിക വെബ്സൈറ്റുകളിലൊന്ന് എത്തിനോക്കിയാൽ കാസർകോടിനെ കുറിച്ച് നൂറുനാക്കാണ്. എന്നാൽ, എന്താണ് ഇൗ ജില്ലയുടെ അവസ്ഥ. തുടങ്ങിയിടത്ത് തന്നെയാണ് ഇന്നും എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. ഇത്രയും പിന്നാക്കമായ, വികസനം ഇന്നും അന്യമായി നിൽക്കുന്ന മറ്റേത് ജില്ലയുണ്ട് കേരളത്തിൽ. മഹാമാരിക്കാലത്ത് ഒരുനാടിെൻറ നിലവിളിയാണ് എങ്ങും. കാലത്തിനും പിന്നിൽ നടക്കുന്ന കാസർകോടിെൻറ പരിതാപകരമായ അവസ്ഥയിലേക്ക് മാധ്യമം നടത്തുന്ന ഒരന്വേഷണം ഇന്നുമുതൽ...
കാസർകോട്: കൃത്യം രണ്ടാഴ്ച മുമ്പ്. കാസർകോെട്ട പ്രമുഖ സഹകരണ ആശുപത്രിവരാന്തയിൽ ഒരു യുവാവ് നിസ്സഹായനായി നിൽക്കുന്നു. കോവിഡ് ബാധിച്ച് ഒാക്സിജൻ സിലിണ്ടറിെൻറ സഹായത്തോടെ ശ്വാസമെടുക്കുന്ന പിതാവുണ്ട് അകത്ത്. പ്രായം എഴുപത് പിന്നിട്ട പിതാവിെൻറ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടായ വേളയിലാണ് ഇടിത്തീപോലെ അത് പതിച്ചത്. 'ഇവിടെ ഒാക്സിജൻ തീർന്നു; പിതാവിനെ വേഗം ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റൂ'. അന്തംവിട്ടുപോയ നിമിഷങ്ങളായി ആ വയോധികെൻറ കുടുംബത്തിനത്. കേട്ടുകേൾവിപോലുമില്ലാത്ത സംഭവം. ഒരാളോടല്ല ഏകദേശം ഒരു ഡസൻ രോഗികളുടെ ബന്ധുക്കളോടും ഇതുതന്നെയാണ് ആശുപത്രിക്കാർ പറഞ്ഞത്. രണ്ടിലൊന്ന് ആലോച്ചില്ല. രോഗികളെയും കൂട്ടി മംഗളൂരുവിലേക്ക് പറന്നു ചിലർ. ചിലർ ഒാക്സിജനുണ്ടോയെന്ന് ചോദിച്ച് ആശുപത്രികൾ കയറിയിറങ്ങി. സഹകരണ ആശുപത്രിയിലെ മാത്രം കഥയല്ലിത്. മിക്കയിടത്തും ഇതുതന്നെ സ്ഥിതി. കാസർകോട് ജില്ലതന്നെ വെൻറിലേറ്ററിലായ ദിവസങ്ങൾ മറക്കില്ലാരും.
ഒാക്സിജൻക്ഷാമം ഒറ്റപ്പെട്ട സംഭവമാണെന്ന് പറയാമെങ്കിലും വിദഗ്ധ ചികിത്സ ഇന്നും ജില്ലക്ക് അപ്രാപ്യമാണ്. ചികിത്സതേടിയുള്ള ഒാട്ടപ്പാച്ചിലുകൾ ചിലർ അതിജീവിക്കും. ചിലർ പാതിവഴിയിൽ വിധിക്ക് കീഴടങ്ങും. കാസർകോട് നഗരത്തിലൂടെ മിനിറ്റുകളുടെ ഇടവേളകളിൽ ആംബുലൻസിെൻറ ചീറിപ്പാച്ചിൽ കേൾക്കാം. ജീവനും മരണത്തിനുമിടയിലുള്ള നൂൽപാലത്തിൽ മംഗളൂരു ലക്ഷ്യമിട്ടാണ് ആംബുലൻസിെൻറ പറക്കൽ. എന്തിനും ഏതിനും അതിർത്തികടന്ന് മംഗളൂരുവിനെയാണ് ആശ്രയിക്കുന്നത്. അതായത് കർണാടകയെ.
പ്രാണവായുവിന് താഴിട്ടപ്പോൾ
മംഗളൂരുവിലെ പ്ലാൻറുകളിൽനിന്നാണ് കാസർകോെട്ട മിക്ക ആശുപത്രികൾക്കും വേണ്ട മെഡിക്കൽ ഒാക്സിജൻ ഇറക്കിയിരുന്നത്. 370 വരെ സിലിണ്ടറുകളിലേക്ക് ദിവസവും ഒാക്സിജൻ ലഭിച്ചു. മേയ് എട്ടിന് പതിവുപോലെ ഒാക്സിജൻ എടുക്കാൻ എത്തിയപ്പോഴാണ് കേരളത്തിേലക്ക് കൊടുക്കേണ്ടതില്ല എന്ന തീരുമാനം പ്ലാൻറുകാർ അറിയിക്കുന്നത്. എം.എൽ.എയും കലക്ടറുമൊക്കെ നേരിട്ടും രേഖാമൂലവും ബന്ധപ്പെട്ടിട്ടും ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണർ വഴങ്ങിയില്ല. അയൽസംസ്ഥാനത്തിെൻറ നയപരമായ തീരുമാനമാണത്. രണ്ടുദിവസം കഴിഞ്ഞപ്പോൾ കാസർകോെട്ട കാര്യങ്ങൾ കൈവിട്ടു. ആശുപത്രികളിൽ ഒാക്സിജൻ ക്ഷാമം. രോഗികളെ കൈയൊഴിഞ്ഞ് ആശുപത്രികൾ. ഗുരുതരമായ സ്ഥിതി.
കാഞ്ഞങ്ങാടുനിന്ന് ഏതാനും സിലിണ്ടറുകൾ എത്തിച്ച് തൽക്കാലികമായി പ്രശ്നം തീർക്കുന്നു. പിറ്റേന്ന് മുതൽ ജില്ല ഭരണകൂടത്തിെൻറ നെേട്ടാട്ടം. ഒാക്സിജനും തേടി മലപ്പുറം വരെയെത്തി. കണ്ണൂരുനിന്നും കോഴിക്കോട് നിന്നും കൊണ്ടുവന്നു. 370 സിലിണ്ടറിനു പുറമെ അധികമായി നിറച്ചുവെക്കാൻ സിലിണ്ടറുമില്ല. അഹ്മദാബാദിൽ ഒാർഡർ ചെയ്തെങ്കിലും വൻ തുക വേണ്ടിവന്നതിനാൽ തൽക്കാലം വാങ്ങിയില്ല. ജില്ല കലക്ടറും ജില്ല പഞ്ചായത്തും ചേർന്ന് സിലിണ്ടർ ചലഞ്ച് വഴി സിലിണ്ടർ ലഭ്യമാക്കി. ജില്ലയുടെ ഗുരുതരാവസ്ഥ കണ്ട് നാട്ടിലും വിദേശത്തുമുള്ളവർ കൈയഴിഞ്ഞ് സഹായിച്ചു.
മണ്ണിട്ടിട്ടും പഠിക്കാത്തവർ
കോവിഡിെൻറ ഒന്നാംഘട്ടം ആര് മറന്നാലും കാസർകോട്ടുകാർ മറക്കില്ല. ഒരു പ്രദേശത്തുകാരെ ആകെ മരണത്തിെൻറ വ്യാപാരികൾ എന്നനിലക്ക് അപമാനിക്കപ്പെട്ട കാലം. ഒരാൾ കോവിഡ് പരത്തിക്കൊണ്ടിരിക്കുന്നു തുടങ്ങി കേൾക്കാത്ത പഴികളില്ല. കോവിഡ് എന്നാൽ, കാസർകോട് മാത്രമുള്ള അജ്ഞാത രോഗം പോലെയായി പ്രചാരണം. ഇതോടെ, കർണാടകയിൽ പ്രവേശിക്കാതിരിക്കാൻ റോഡിൽ മണ്ണിട്ടു. കേരളത്തിെൻറ റോഡിലും മണ്ണിട്ടതോടെ ഒരു നാട് ഒറ്റപ്പെട്ടു. ചികിത്സക്ക് മംഗളൂരുവിനെ മാത്രം ആശ്രയിച്ച ജില്ലയിലെ വിലപ്പെട്ട 24 ജീവൻ പൊലിഞ്ഞു. മതിയായ ചികിത്സ കിട്ടാതെയായിരുന്നു ആ വേർപാടുകൾ. ഇതൊരു കോവിഡ് കാല കാര്യം മാത്രമെന്ന് ധരിക്കരുത്. എന്നും ജില്ലയിലെ അവസ്ഥ ഇതുതന്നെയാണ്. മംഗളൂരു ഉള്ളതിനാൽ 'ജീവിച്ചു'പോകുന്നവരാണ് മിക്കവരും. കഴുത്തറപ്പൻ ഫീസായിട്ടും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിതേടി അതിർത്തി കടക്കുകയാണ് ഇവർ. അല്ലെങ്കിൽ, പരിയാരത്തോ കോഴിക്കോടോ എത്തണം. കോഴിക്കോെട്ട സൂപ്പർ സ്പെഷാലിറ്റി ആശുപത്രികളിൽ നിരവധി കാസർകോട്ടുകാരാണ് പതിവായി എത്തുന്നത്. ഒരു സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയില്ലാത്ത ജില്ലയാണ് കാസർകോട്. മെഡിക്കൽ കോളജിെൻറയും താലൂക്ക് ആശുപത്രികളുടെയൊക്കെ കാര്യം അങ്ങേയറ്റം പരിതാപകരം. ആദ്യ മുഖ്യമന്ത്രി ഇ.എം.എസ് നമ്പൂതിരിപ്പാടിനെ തെരഞ്ഞെടുത്ത നീലേശ്വരം മണ്ഡലം (നീലേശ്വരം ഇന്ന് തൃക്കരിപ്പൂരിൽ) ഉൾപ്പെടുന്ന ജില്ലക്കാണ് ഇൗ ദുരവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.